ന്യൂയോര്‍ക്ക്: ലോകത്ത് സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പയും ഈജിപ്തിലെ അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം ശൈഖ് അഹമ്മദ് അല്‍ ത്വയ്യിബും. മനുഷ്യ സാഹോദര്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിലായിരുന്നു ഇരുവരുടെയും ആഹ്വാനം.
ഉദര ശസ്ത്രക്രിയയെ തുടര്‍ന്ന് മാര്‍പാപ്പ ആശുപത്രിയില്‍ കഴിയുകയാണ്. തുടര്‍ന്ന് യു.എന്‍ യോഗത്തിലേക്ക് മാര്‍പാപ്പ പ്രസ്താവന അയക്കുകയാണ് ചെയ്തത്. മനുഷ്യരാശി സഹോദര്യത്തിന്റെ ക്ഷാമം നേരിടുകയാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
ആഗോള സമാധാനത്തിന്റെ താക്കോല്‍ മനുഷ്യ സാഹോദര്യമാണെന്ന് യു.എന്‍ കൗണ്‍സിലിന് അയച്ച വീഡിയോ സന്ദേത്തില്‍ അല്‍ അഹ്‌സര്‍ ഗ്രാന്‍ഡ് ഇമാം ശൈഖ് അഹമ്മദ് അല്‍ ത്വയ്യിബും പറഞ്ഞു.
ആണവ യുദ്ധത്തെ കുറിച്ചുള്ള മുന്നറിയിപ്പ് മാര്‍പാപ്പ പ്രസ്താവനയിലൂടെ അറിയിച്ചു. വത്തിക്കാനിലെ റിലേഷന്‍ഷിപ്പ് സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാലഗെര്‍ ആയിരുന്നു മാര്‍പാപ്പയുടെ പ്രസ്താവന കൗണ്‍സിലില്‍ വായിച്ചത്.
യുദ്ധങ്ങള്‍ വേണ്ടെന്ന് പറയാനുള്ള സമയമായിരിക്കുന്നെന്നും യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബുദ്ധിശൂന്യമായ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് കൗണ്‍സിലിനോട് സംസാരിക്കുന്നതിലെ ഉദ്ദേശമെന്ന് അല്‍ ത്വയ്യിബും പറഞ്ഞു. ഇറാഖ്, അഫ്ഗാനിസ്ഥാന്‍, സിറിയ, ലിബിയ എന്നീ രാജ്യങ്ങളെ ചൂണ്ടിക്കാട്ടികൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കണമെന്നും അദ്ദേഹം കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ നടക്കുന്ന യുദ്ധം ഭീകരത ഉണ്ടാക്കിയെന്ന് ഉക്രൈന്റെയോ റഷ്യയുടെയോ പേര് പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഞങ്ങളുടെ ഒത്തുചേരല്‍ ഒരു ആവശ്യകത ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍പാപ്പയുടെയും അല്‍ ത്വയ്യിബിന്റെയും പ്രസംഗങ്ങള്‍ക്ക് ശേഷം വിദ്വേഷ പ്രസംഗങ്ങള്‍, ജാതീയത, ലിംഗ വിവേചനം, വംശീയത എന്നിവ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന പ്രമേയം അംഗങ്ങള്‍ അംഗീകരിച്ചു.
രാജ്യങ്ങളോടും ആളുകളോടും ഒരു കുടുംബത്തെ പോലെ ഒന്നിച്ച നില്‍ക്കാന്‍ യു.എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറെസും പറഞ്ഞു.
Content Highlight: Pope fancis and grand imam call for peace in un security council