| Friday, 26th December 2014, 8:47 am

സിറിയയിലെയും ഇറാഖിലെയും ന്യൂനപക്ഷ പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ക്രൂരമായ പീഡനങ്ങളെ അപലപിച്ച് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ക്രിസ്മസ് ദിന പ്രസംഗത്തിലാണ് മാര്‍പ്പാപ്പ ഇക്കാര്യം പറഞ്ഞത്.

സിറിയയിലും ഇറാഖിലും തുടരുന്ന ആക്രമണങ്ങളില്‍ ഇരയാവുന്നവരുടെ ദുരവസ്ഥ പോപ്പ് ചൂണ്ടിക്കാട്ടി. നൈജീരിയയില്‍ നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ബന്ദിയാക്കപ്പെടുകയുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാഖിലെയും സിറിയയിലെയും ക്രിസ്ത്യാനികള്‍ കാലങ്ങളായി ക്രൂരപീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഇവര്‍ക്കൊപ്പം മറ്റു മതത്തില്‍പ്പെട്ടവരും ക്രൂരമായ ആക്രമണങ്ങള്‍ നേരിടുകയാണ്. ഈ മേഖലയില്‍ നിന്നും നിരവധിയാളുകള്‍ കുടിയിറക്കപ്പെടുകയും, നാടുകടത്തപ്പെടുകയും അഭയാര്‍ത്ഥികളായി മാറുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം ക്രിസ്മസ് പ്രതീക്ഷ കൊണ്ടുവരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

” ലോകത്തിന്റെ രക്ഷകനോട് ഞാന്‍ ആവശ്യപ്പെടുന്നു, അവിടെ നടക്കുന്ന സംഘര്‍ഷങ്ങളുടെ അനന്തരഫലം കാലങ്ങളായി അനുഭവിക്കുന്ന ഇറാഖിലെയും സിറിയയിലെയും സഹോദരി സഹോദരന്‍മാരെ സംരക്ഷിക്കാന്‍. ” മാര്‍പ്പാപ്പ പറഞ്ഞു.

ഇസ്രായേലിനും ഫലസ്തീനും ഇടയില്‍ ചര്‍ച്ചകള്‍ നടക്കണമെന്നു പറഞ്ഞ പോപ്പ് പാകിസ്ഥാനില്‍ താലിബാന്‍ നടത്തിയ ആക്രമണങ്ങളെ അപലപിക്കുകയും ചെയ്തു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. എബോള ബാധിതരെ സഹായിച്ചവര്‍ക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

യുദ്ധവും ആക്രമണങ്ങളും ലൈംഗിക പീഡനങ്ങളും കാരണം ഒറ്റപ്പെട്ട കുട്ടികള്‍ക്കുവേണ്ടിയും അദ്ദേഹം സംസാരിച്ചു. ഭ്രൂണഹത്യയെയും പോപ്പ് തന്റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ജീവിതത്തെ സ്‌നേഹിക്കാത്ത സംസ്‌കാരത്തിന്റെ ഉല്പന്നമാണ് ഭ്രൂണഹത്യയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

We use cookies to give you the best possible experience. Learn more