Entertainment news
ടെയ്ലര്‍ സ്വിഫ്റ്റ് മാജിക്; ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ല്‍ പുതിയ റെക്കോഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 08, 07:12 am
Wednesday, 8th November 2023, 12:42 pm

ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ന്റെ പട്ടികയില്‍ മികച്ച നേട്ടവുമായി പോപ്പ് താരം ടെയ്ലര്‍ സ്വിഫ്റ്റ്. പോപ്പ് സംഗീതത്തില്‍ മറ്റാര്‍ക്കും അത്രയെളുപ്പത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത റെക്കോഡുകളാണ് ടെയ്ലര്‍ സ്വന്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ബില്‍ബോര്‍ഡ് പുറത്തുവിട്ട ഗ്ലോബല്‍ 200 സോങ്ങുകളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഏറ്റവും കൂടുതല്‍ തവണ ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത് ടെയ്ലര്‍ സ്വിഫ്റ്റിന്റെ സോങ്ങുകളാണ്. ബില്‍ബോര്‍ഡ് ഗ്ലോബല്‍ 200ല്‍, ലോകമെമ്പാടുമുള്ള ഇരുന്നൂറിലധികം പ്രദേശങ്ങളില്‍ നിന്നുള്ള സ്ട്രീമിങ്ങും വില്‍പ്പനയും അടിസ്ഥാനമാക്കിയാണ് സോങ്ങുകള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നത്.

ആദ്യ ആറ് സ്ഥാനങ്ങളിലും ടെയ്ലറിന്റെ സോങ്ങുകള്‍ തന്നെയാണ് വന്നിരിക്കുന്നത് എന്നതാണ് ഇതിലെ പ്രത്യേകത. അതിന് പുറമെ ഒമ്പതാം സ്ഥാനത്തും ലിസ്റ്റ് ചെയ്യപ്പെട്ടത് ടെയ്ലറാണ്. ചുരുക്കത്തില്‍ ആദ്യ പത്തില്‍ ഏഴ് സോങ്ങുകളും ടെയ്ലര്‍ സ്വിഫ്റ്റിന്റേതാണ്.

‘ഈസ് ഇറ്റ് ഓവര്‍ നൗ? (Is It Over Now?)’, ‘നൗ ദാറ്റ് വി ഡോണ്ട് ടോക്ക് (Now That We Don’t Talk)’, ‘സ്ലട്ട്! (Slut!)’, ‘സേ ഡോണ്ട് ഗോ (Say Don’t Go)’, ‘സ്റ്റൈല്‍ (style)’, ‘ബാഡ് ബ്ലഡ് (Bad Blood)’, ‘ബ്ലാങ്ക് സ്പേസ് (Blank Space)’ എന്നിവയാണ് ആദ്യ പത്തില്‍ ടെയ്ലറിനെയെത്തിച്ച സോങ്ങുകള്‍. ഇതില്‍ ബ്ലാങ്ക് സ്പേസ് ഒഴികെ ബാക്കിയുള്ള സോങ്ങുകളാണ് ആദ്യ ആറെണ്ണത്തില്‍ എത്തിയിരിക്കുന്നത്.

തുടര്‍ച്ചയായ ആഴ്ചകളില്‍ ഗ്ലോബല്‍ 200ന്റെ ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതല്‍ സമയം തുടരുന്ന ആദ്യത്തെ പോപ്പ് ആര്‍ട്ടിസ്റ്റുമാണ് ടെയ്ലര്‍. ഇത്ര വലിയ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഫീമെയില്‍ പോപ്പ് ആര്‍ട്ടിസ്റ്റ് കൂടെയാണ് ടെയ്ലര്‍ സ്വിഫ്റ്റ്.

ബില്‍ബോര്‍ഡ് തങ്ങളുടെ ചാര്‍ട്ടിന്റെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടിലൂടെയാണ് ഈകാര്യം പുറത്തുവിട്ടത്. ടെയ്ലര്‍ സ്വിഫ്റ്റിന് പുറമെ ടേറ്റ് മക്റേയും ഡോജാ ക്യാറ്റും ജങ്കൂക്കും (ബി.ടി.എസ്) ആദ്യ പത്തിലെത്തിയിരുന്നു.

Content Highlight: Pop Star Taylor Swift Tops The Billboard Global 200 Chart