Music
പോപ്പ് ഗായകന്‍ എഡ് ഷീരന്‍ വീണ്ടും ഇന്ത്യയിലേക്ക്
പോപ്പ് ഗായകന്‍ എഡ് ഷീരന്‍ (Ed Sheeran) വീണ്ടും ഇന്ത്യയിലെത്തുന്നു. തന്റെ ദി മാത്തമാറ്റിക്സ് ഏഷ്യ ആന്‍ഡ് യൂറോപ്പ് ടൂറിന്റെ (+ – = · x ടൂര്‍) ഭാഗമായാണ് ഷീരന്‍ മുംബൈയില്‍ വരുന്നത്.
2024 മാര്‍ച്ച് 16ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സിലാണ് ഷീരന്റെ കോണ്‍സര്‍ട്ട് നടക്കുക. അതോടെ അദ്ദേഹത്തിന്റെ ഏഷ്യാ ടൂറിന് സമാപനമാകും. ഇംഗ്ലീഷ് പോപ്പ് ഗായകനായ ലം സ്‌കോട്ട് (Calum Scott) ആണ് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.
പോപ്പ് സംഗീത ലോകത്ത് ഏറ്റവും അധികം ആഘോഷിക്കപെടുന്നവരില്‍ ഒരാളായ എഡ് ഷീരന്‍ മൂന്നാമത്തെ തവണയാണ് ഇന്ത്യയിലേക്ക് വരാന്‍ പോകുന്നത്. മുമ്പ് 2015ലും 2017ലുമാണ് അദ്ദേഹം ഇന്ത്യയില്‍ വന്നത്.
മുംബൈയില്‍ നടക്കുന്ന കോണ്‍സര്‍ട്ടിന്റെ ടിക്കറ്റുകള്‍ bookmyshow യിലും www.edsheeran.com ലും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതലുള്ള എല്ലാ ആല്‍ബങ്ങളും ഈ ടൂറില്‍ ഉണ്ടാകും. എഡ് ഷീരനെ ഇഷ്ടപെടുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറ്റവും സന്തോഷമുള്ള വാര്‍ത്ത തന്നെയാണ് ഇത്.
എഡ് ഷീരന്‍ തന്റെ ആദ്യ ഗാനമെഴുതിയത് പതിനൊന്നാമത്തെ വയസിലായിരുന്നു. ‘ദി എ-ടീം’ (the a-team) എന്ന ആ ഗാനം അദ്ദേഹത്തെ പ്രശസ്തിയിലേക്ക് നയിക്കുകയും ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടി കൊടുക്കുകയും ചെയ്തു.
ഒരു പോസ്റ്റര്‍ ബോയ് പോലെ കാണപ്പെടാന്‍ ആഗ്രഹിക്കാത്തതിനാല്‍ ആല്‍ബം കവറില്‍ മുഖം ഇടാതിരിക്കുക എന്നത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നു. അതിനാല്‍, നിറങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചാണ് ഷീരന്‍ ആല്‍ബത്തിന്റെ പോസ്റ്ററുകള്‍ ഇറക്കുന്നത്.
2023 മെയ് മാസത്തില്‍ ‘സബ്ട്രാക്ട് (Subtract)’ എന്ന ആല്‍ബം പുറത്തിറങ്ങിയതിന് ശേഷം ഷീരന്‍ തന്റെ ഗണിത ചിഹ്ന ആല്‍ബങ്ങളുടെ പേരുകള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ‘+ – = · x’ എന്ന പേര് ടൂറിന് വന്നത്.
തുടക്കം മുതല്‍ എഡ് ഷീരന്‍ തന്റെ ആല്‍ബങ്ങള്‍ക്ക് പേരിടാന്‍ ഗണിതശാസ്ത്ര ചിഹ്നങ്ങളാണ് ഉപയോഗിക്കാറുള്ളത്. 2011ലെ ആദ്യ ആല്‍ബത്തിന് നല്‍കിയ പേര് + (plus) എന്നായിരുന്നു. അതില്‍ 12 ട്രാക്കുകളായിരുന്നു ഉണ്ടായിരുന്നത്.
2014ലെ X (multiply) എന്ന രണ്ടാമത്തെ ആല്‍ബത്തില്‍ 16 ട്രാക്കുകളാണ് ഉള്ളത്. 2017ലായിരുന്നു 16 ട്രാക്കുകളുള്ള മൂന്നാമത്തെ ആല്‍ബം ‘ഡിവൈഡ്’ പുറത്തിറങ്ങിയത്. ലോകമെമ്പാടുമുള്ള ഏറ്റവും മികച്ച വില്‍പ്പനയാണ് ഡിവൈഡിന് ലഭിച്ചത്.
അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗാനമായ ‘ഷേപ്പ് ഓഫ് യു (shape of you)’ എന്ന ഗാനം അദ്ദേഹത്തിന് രണ്ട് ഗ്രാമി അവാര്‍ഡുകള്‍ കൂടി നേടിക്കൊടുത്തു. വിവിധ പ്ലാറ്റ്ഫോമുകളിലെ റെക്കോര്‍ഡുകള്‍ ഇത് തകര്‍ത്തിരുന്നു.
നാലാമത്തെ ആല്‍ബമായ = (equals)ല്‍ വ്യത്യസ്ത ശബ്ദങ്ങള്‍ പരീക്ഷിച്ചുകൊണ്ട് അഞ്ച് സിംഗിള്‍സ് ഉണ്ടായിരുന്നു. 2023 മെയ് 5നായിരുന്നു ഷീരന്റെ അവസാന ആല്‍ബമായ സബ്ട്രാക്റ്റ് പുറത്തിറങ്ങിയത്.
Content Highlight: Pop Singer Ed Sheeran Returning To India With Mathematics Tour