| Saturday, 14th September 2024, 1:25 pm

എല്ലാ മതവിഭാഗങ്ങളുടേയും ദൈവം ഒന്നുതന്നെയെന്ന് മാര്‍പാപ്പ; എതിര്‍ത്ത് കത്തോലിക്കാ സഭയിലെ ഒരു വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിംഗപ്പൂര്‍ സിറ്റി: ഏഷ്യന്‍ പര്യാടനത്തിനിടെ സര്‍വമത സൗഹാര്‍ദത്തിന്റെ സന്ദേശവുമായി കത്തോലിക്ക സഭാ അധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ മതവിഭാഗങ്ങളും ദൈവത്തിലേക്കുള്ള മാര്‍ഗമാണെന്ന് പറഞ്ഞ മാര്‍പാപ്പ, എല്ലാവരുടേയും ദൈവം ഒന്ന് തന്നെയാണെന്നും അഭിപ്രായപ്പെട്ടു.

തെക്കുകിഴക്കന്‍ ഓഷ്യാനിയയിലേയും ഏഷ്യയിലേയും 12 ദിവസത്തെ പര്യാടനത്തിന്റെ ഭാഗമായി സിംഗപ്പൂരിലെ കത്തോലിക്കാ ജൂനിയര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലാണ് മാര്‍പാപ്പയുടെ പരാമര്‍ശം.

‘എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള മാര്‍ഗങ്ങളാണ്. വിവിധ ഭാഷകള്‍പോലെ അവയും വ്യത്യസ്തമാണെന്ന് മാത്രമെയുള്ളു. എന്നാല്‍ ദൈവം എല്ലാവര്‍ക്കും ഒന്ന് തന്നെയാണ്. നിങ്ങള്‍ പരസ്പരം എന്റെ മതം മാത്രമാണ് നല്ലത്, അതാണ് നിന്റെ മതത്തേക്കാള്‍ പ്രധാനപ്പെട്ടത്, എന്റേത് സത്യമുള്ളതാണ് എന്നാല്‍ നിന്റേത് അങ്ങനെയല്ല എന്നൊക്കെ പറഞ്ഞാല്‍ അത് നമ്മളെ എവിടെയാണ് കൊണ്ടുചെന്നെത്തിക്കുക? ഒരൊറ്റ ദൈവം മാത്രമാണുള്ളത്. അവിടേക്ക് എത്താന്‍ നമ്മുക്ക് ഒരോരുത്തര്‍ക്കും ഒരോ ഭാഷയുണ്ട്. ചില ആളുകള്‍ക്ക് അത് ഷെയ്ഖ് ആവാം മറ്റുചിലര്‍ക്ക് മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍സ് ഇവയെല്ലാം തന്നെ ദൈവത്തിലേക്കുള്ള വ്യത്യസ്ത ഭാഷകളാണ്,’ മാര്‍പാപ്പ പറഞ്ഞു.

എന്നാല്‍ അദ്ദേഹത്തിന്റെ ഈ പ്രസ്താവനയ്ക്കെതിരെ കത്തോലിക്കാ സഭയിലെ ഒരു വിഭാഗം തന്നെ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോകത്തിന്റെ ഏക രക്ഷകനെന്ന ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്നതാണ് മാര്‍പാപ്പയുടെ പ്രസ്താവന എന്നതാണ് പ്രധാന വിമര്‍ശനം.

ഇത്തരം പ്രസ്താവനകള്‍ ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള മിഷനറി ശ്രമങ്ങള്‍ക്ക് കുറവ് വരുത്തുമെന്നാണ് യാഥാസ്ഥിതികരായ ഒരു വിഭാഗം കത്തോലിക്കര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ ഇതിന് പുറമെ യുവാക്കളോട് മതാന്തര സംവാദത്തില്‍ ഏര്‍പ്പെടാനും മാര്‍പാപ്പ തന്റെ സംഭാഷണത്തില്‍ ആവശ്യപ്പെടുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ മതാന്തര സംവാദം നടത്താന്‍ ധൈര്യം ആവശ്യമാണെന്ന് പറഞ്ഞ മാര്‍പാപ്പ യുവത്വം നമ്മുടെ ജീവിതത്തിലെ ധൈര്യം കാണിക്കാനുള്ള സമയമാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത്തരം സംഭാഷണങ്ങളില്‍ പരസ്പരം ബഹുമാനിക്കേണ്ടത് അത്യവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറ് ദശലക്ഷത്തില്‍ താഴെ, ജനസംഖ്യയുടെ 3.5 ശതമാനം മാത്രം വരുന്ന കത്തോലിക്കരെ സന്ദര്‍ശിക്കുന്നതിനായി സെപ്റ്റംബര്‍ 11നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സിംഗപ്പൂരില്‍ എത്തിയത്.

സന്ദര്‍ശത്തിനിടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായ സിംഗപ്പൂരിന്റെ സാമ്പത്തിക വികസനത്തെ പ്രശംസിച്ച മാര്‍പാപ്പ കുടിയേറ്റ തൊഴിലാളികള്‍ക്ക ന്യായമായ വേതനം നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ തന്റെ പരസ്യമായ അഭിപ്രായപ്രകടനങ്ങളില്‍, സിംഗപൂരിലെ വധശിക്ഷ അടക്കമുള്ള വിവാദപരമായ വിഷയങ്ങളൊന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ബഹ്‌റൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ വധശിക്ഷയ്‌ക്കെതിരായ സഭയുടെ എതിര്‍പ്പ് അദ്ദേഹം പരസ്യമായി ഉന്നയിച്ചിരുന്നു.

Content Highlight: Pop Francis says ‘all religions are a path to God’ stir controversy

Latest Stories

We use cookies to give you the best possible experience. Learn more