ആഡംബര ഭ്രമം: ജര്‍മന്‍ ബിഷപ്പ് പുറത്ത്
World
ആഡംബര ഭ്രമം: ജര്‍മന്‍ ബിഷപ്പ് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2013, 11:30 am

[] വത്തിക്കാന്‍:  ഔദ്യോഗിക വസതിക്ക് വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചിലവിട്ട് ആഡംബര വീട് പണിതതിന്റെ പേരില്‍ ജര്‍മ്മന്‍ ബിഷപ്പിനെ വത്തിക്കാന്‍ പുറത്താക്കി.

ലിംബര്‍ഗ് രൂപതയിലെ ഫ്രാന്‍സ് പീറ്റര്‍ ടെബാര്‍ട്ട്‌സ് വാന്‍ എല്‍സ്തിനെയാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ താല്‍ക്കാലികമായി  ഔദ്യോഗിക സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

3.1 കോടി യൂറോയാണ് തന്റെ ആഡംബര വീടിന് വേണ്ടി ബിഷപ്പ് ചിലവഴിച്ചത്. പിരിച്ചു വിടാനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നതെങ്കിലും താല്‍ക്കാലിക പുറത്താക്കല്‍ മാത്രമാണ് ഇപ്പോഴുള്ളതെന്നും ആരോപണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയതിനു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും   വത്തിക്കാന്‍ വൃത്തങ്ങള്‍  അറിയിച്ചു.

ആഡംബരവീടിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ പൊതു ജനങ്ങളില്‍ നിന്നും   വാര്‍ത്താ മാദ്ധ്യമങ്ങളില്‍ നിന്നും ബിഷപ്പിനെ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്.

എന്നാല്‍  എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നത് എന്നതിനെക്കുറിച്ചോ അന്വേഷണ കാലയളവില്‍ അദ്ദേഹം എന്തു ചെയ്യും എന്നതിനെക്കുറിച്ചോ വത്തിക്കാന്‍ അധികാരികള്‍ വിശദീകരണം നല്‍കിയിട്ടില്ല.

ആഡംബര വീടിനെക്കുറിച്ചുള്ള വിവാദങ്ങളില്‍ മതിയായ വിശദീകരണം നല്‍കാന്‍ ബിഷപ്പ് പീറ്റര്‍ ടെബാര്‍ട്‌സിന് കഴിയാതിരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും  വത്തിക്കാന്‍ അധികൃതര്‍ വ്യക്തമാക്കി.

ആരോപണത്തിനെക്കുറിച്ച് അന്വേഷണം  നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ചര്‍ച്ചിനുള്ള നികുതി ഉയര്‍ത്തിയതിന് പിന്നാലെയുള്ള ആഡംബര ഗൃഹ നിര്‍മ്മാണ വിവാദവും ജനങ്ങളെ ഏറെ രോഷാകുലരാക്കിയിരിക്കുകയാണ്.

ചര്‍ച്ചിന് നല്‍കിയ അധിക നികൂതി ആഡംബര ഭവനത്തിനായി ചിലവഴിച്ചുവെന്നതാണ് ജനങ്ങളുടെ ആരോപണം.ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളെ സന്ദര്‍ശിക്കാന്‍ ആഡംബര യാത്ര നടത്തിയ വാര്‍ത്തയും നേരത്തേ  ടെബാര്‍ട്‌സിനെതിരെയുണ്ടായിരുന്നു.

കേള്‍ക്കുന്നത് ഖേദകരമായ വാര്‍ത്തകളാണെന്നും വിശ്വാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന  അന്വേഷണം ചര്‍ച്ചിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മാര്‍ക്കല്‍ പ്രതികരിച്ചു.

നിലവിലെ വികാരി ജനറല്‍ റവ. വോള്‍ഫ്ബാംഗ് റൗസ് ലിംബര്‍ഗ്‌ രൂപതയുടെ ചുമതല  ഏറ്റെടുക്കും.