| Tuesday, 24th January 2023, 1:02 pm

ഇറങ്ങി പോകുന്ന പെണ്ണ് വില്ലത്തിയാകുന്ന ക്ലീഷേ പൊളിച്ചഴുതുന്ന 'പൂവന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും നിര്‍മിച്ച് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. സിനിമയില്‍ നായകനായെത്തുന്നത് ആന്റണി വര്‍ഗീസാണ്. എന്നാല്‍ പൂവനൊരു നായക കേന്ദ്രീകൃത സിനിമയാണെന്ന് പറയാന്‍ കഴിയില്ല. സിനിമയില്‍ വന്നുപോകുന്ന എല്ലാവരുടെയും കഥയ്ക്ക് പ്രധാന കഥയോളം തന്നെ പ്രാധാന്യം നല്‍കിയാണ് സിനിമ മുമ്പോട്ട് പോകുന്നത്.

സിനിമയില്‍ ആന്റണി അവതരിപ്പിച്ച ഹരി എന്ന കഥാപാത്രത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പ്രണയവുമൊക്കെ സിനിമ പറയുമ്പോള്‍ അതിനോടൊപ്പം തന്നെ നായകന്റെ സഹോദരിയുടെ പ്രണയവും പൂവനില്‍ കാണിക്കുന്നുണ്ട്. ഹരിയുടെ സഹോദരിയായ വീണയായെത്തുന്നത് അഖിലയാണ്. സിനിമയില്‍ അഖിലയുടെ പങ്കാളിയായെത്തുന്നത് സംവിധായകന്‍ കൂടിയായ വിനീതാണ്.

പൊതുവെ മലയാള സിനിമയില്‍ നായകന്റെ സഹോദരി ഇഷ്ടപ്പെട്ടയാളുടെ കൂടെ ഇറങ്ങി പോകുമ്പോള്‍ ആ കഥാപാത്രം പിന്നെ ശത്രു പക്ഷത്തേക്കാണ് മാറുന്നത്. ഇറങ്ങിപോയ പെണ്‍കുട്ടിയുടെ വികാരങ്ങള്‍ക്കപ്പുറം നായകന്റെ നഷ്ടവും, അയാള്‍ അനുഭവിക്കുന്ന അപമാന ഭാരവും ഫോക്കസ് ചെയ്താണ് പിന്നീട് അങ്ങോട്ട് സിനിമ സഞ്ചരിക്കുന്നത്. നിരവധി മലയാള സിനിമകളില്‍ ഇത്തരം സീനുകള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ പൂവനിലേക്ക് വരുമ്പോള്‍, ഇത്തരം ക്ലീഷേകള്‍ക്ക് ഒരുപാട് മാറ്റം സംഭവിക്കുന്നുണ്ട്. സഹോദരി ഇറങ്ങി പോയതിന് ശേഷമുള്ള ഹരിയുടെ വേദനയൊക്കെ സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും അതെന്തോ വലിയ സംഭവമാണെന്ന തരത്തില്‍ അവതരിപ്പിക്കുന്നില്ല. അതിനുശേഷം വരുന്ന പല സീനിലും ഇത്തരം കാഷ്ചകളെയൊക്കെ ചെറുതായെങ്കിലും ട്രോളുന്നതായും അനുഭവപ്പെടുന്നുണ്ട്.

സിനിമയെ കുറിച്ച് പറയുമ്പോള്‍ അതിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടനത്തെ കുറിച്ചും പറയണം. ഓരോരുത്തരും തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആന്റണി വര്‍ഗീസിന്റെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്. ആന്റണി തന്റെ മുന്‍ സിനിമകളിലെ സ്ഥിരം കഥാപാത്രങ്ങളില്‍ നിന്നും പുറത്ത് വരുന്ന കാഴ്ചയും പൂവനില്‍ കാണാം.

സിനിമയുടെ രസച്ചരട് ഇടക്കിടെ പൊട്ടി പോകുമ്പോള്‍ അതിനെ കൂട്ടിയിണക്കുന്നത് ഇത്തരത്തിലുള്ള താരങ്ങളുടെ പ്രകടനങ്ങള്‍ തന്നെയാണ്. ഹരിയുടെ കാമുകിയായെത്തുന്ന ഡിജി പോള്‍, മറിയാമ ചേച്ചി, മറിയാമ ചേച്ചിയുടെ മകള്‍ സിനി, ഹരിയുടെ അമ്മ, വീണ, ബെന്നി ചേട്ടന്‍, സൂയിസ് ചേട്ടന്‍, കണ്ണന്‍, കണ്ണന്റെ അമ്മ തുടങ്ങി നിരവധി കഥാപാത്രങ്ങളാണ് സിനിമയുടെ ഒഴുക്കിനെ നിലനിര്‍ത്തി പോരുന്നത്.

content highlight: poovan movie love stories

We use cookies to give you the best possible experience. Learn more