|

മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താനാണെന്ന് നടി; വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അനുഭവം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന് ആദ്യമായി ജീന്‍സ് വാങ്ങിക്കൊടുത്തത് താനാണെന്ന് പറയുകയാണ് നടി പൂര്‍ണ്ണിമ ജയറാം.

കേരളത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ് താന്‍ ബോംബെയില്‍ പോയി തിരിച്ചുവരുമ്പോള്‍ ജീന്‍സ് വാങ്ങിവരുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നുവെന്നും അതിനെതുടര്‍ന്നാണ് നടന് ജീന്‍സ് വാങ്ങിക്കൊടുത്തതെന്നുമാണ് പൂര്‍ണ്ണിമ ജയറാം പറയുന്നത്.

‘അന്നെല്ലാം ബോംബെയില്‍ ആണ് ഫാഷനബിളായ നല്ല മെറ്റീരിയലുകളും ഗാര്‍മെന്റ്‌സും കിട്ടുന്നത്. അതുകൊണ്ട് തിരികെ വരുമ്പോള്‍ ഒരു ജോഡി ജീന്‍സ് മേടിച്ചുവരുമോയെന്ന് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. അദ്ദേഹം അത് ഓര്‍ക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല,’ കൈരളിക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണ്ണിമ പഴയ സംഭവം ഓര്‍ത്തെടുക്കുന്നത്.

മോഹന്‍ലാലിനൊപ്പം നിരവധി തവണ ഒരുമിച്ചഭിനയിച്ച നടിയാണ് പൂര്‍ണ്ണിമ. ഫാസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണ്ണിമ മലയാള ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. മോഹന്‍ലാലിന്റെയും റിലീസ് ആയ ആദ്യത്തെ ചിത്രമായിരുന്നു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

1981ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് പൂര്‍ണ്ണിമക്കാണ് ലഭിച്ചത്. മലയാളത്തില്‍ 1982ല്‍ പുറത്തിറങ്ങിയ ഓളങ്ങള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും നടിക്ക് ലഭിച്ചു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ , വെളിച്ചം വിതറുന്ന പെണ്‍കുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങള്‍, ആ രാത്രി, ഞാന്‍ ഏകനാണ്, ഊമക്കുയില്‍, മറക്കില്ലൊരിക്കലും, പിന്‍ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം എന്നീ ചിത്രങ്ങളില്‍ പൂര്‍ണ്ണിമയാണ് നായികയായത്. ഒത്തിരി ചിത്രങ്ങളില്‍ സഹനടിയായും വേഷമിട്ടിട്ടുണ്ട്. ശങ്കര്‍, മമ്മൂട്ടി, ബാലചന്ദ്രമേനോന്‍, അമോല്‍ പലേക്കര്‍, ദിലീപ്, ഷാനവാസ്, നെടുമുടി വേണു എന്നീ നടന്‍മാര്‍ക്കൊപ്പവും പൂര്‍ണിമ അഭിനയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: poornima jayaram bought jeans for mohanlal