വല്യേട്ടന്റെയും രണ്ടാം ഭാവത്തിന്റെയും സമയത്ത് ചെയ്ത സിനിമ; അന്ന് കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല: പൂര്‍ണിമ
Cinema
വല്യേട്ടന്റെയും രണ്ടാം ഭാവത്തിന്റെയും സമയത്ത് ചെയ്ത സിനിമ; അന്ന് കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല: പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th September 2024, 9:30 pm

ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ കഥയില്‍ നിന്ന് കമല്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2001ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മേഘമല്‍ഹാര്‍. ബിജു മേനോനും സംയുക്ത വര്‍മയും ഒന്നിച്ച ഈ ചിത്രം ഇന്നും പലര്‍ക്കും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്.

മേഘമല്‍ഹാറില്‍ നടി പൂര്‍ണിമയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. രേഖ രാജീവ് എന്ന കഥാപാത്രമായാണ് പൂര്‍ണിമ സിനിമയില്‍ എത്തിയത്. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മേഘമല്‍ഹാറിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് പൂര്‍ണിമ. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേഘമല്‍ഹാര്‍ പുറത്തിറങ്ങിയത്. അത്രയും വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ ഇപ്പോള്‍ പറയേണ്ടത് (ചിരി). അന്ന് ഞാന്‍ എന്താകും ചിന്തിച്ചിരുന്നത് എന്നത് ഒരു ചോദ്യം തന്നെയാണ്. അന്നത്തെ എന്റെ കാഴ്ചപ്പാടും മെച്യൂരിറ്റിയുമൊക്കെ ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമാണ്.

അന്ന് ഒരു 20 വയസുകാരിയുടെ മെച്യൂരിറ്റി മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് എത്രത്തോളം ഞാന്‍ ആ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ചിന്തിച്ചു കാണുമെന്ന് ചോദിച്ചാലും മറുപടിയില്ല. അന്നത്തെ പൂര്‍ണിമക്ക് ചിലപ്പോള്‍ അതിനെ കുറിച്ച് അധികം പറയാന്‍ ഉണ്ടാകില്ല. പക്ഷെ ഇന്ന് അങ്ങനെയല്ല.

ഇന്ന് ഞാന്‍ 40കളില്‍ വന്ന് നില്‍ക്കുകയാണ്. ഇന്ന് തിരിഞ്ഞു നോക്കി രേഖയെ വിശകലനം ചെയ്യുമ്പോള്‍ അവളെ കുറേ ലെയേര്‍സായി മനസിലാകുന്നത് ഇപ്പോഴാണ്. അന്ന് ആ കഥാപാത്രം ചെയ്യുമ്പോള്‍ എനിക്ക് രേഖയെ പറ്റി അധികം അറിയില്ലായിരുന്നു. അന്ന് കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല.

രണ്ടാം ഭാവവും വല്യേട്ടനും പോലെയുള്ള സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുടെ അമ്മയായിട്ട് അഭിനയിക്കുന്നു എന്നത് അന്ന് വളരെ വലിയ റെസ്‌പോണ്‍സിബിളിറ്റിയായി തോന്നിയിരുന്നു. എനിക്ക് കൃത്യമായി ചെയ്യാന്‍ പറ്റുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു,’ പൂര്‍ണിമ പറഞ്ഞു.


Content Highlight: Poornima Indrajith Talks About Meghamalhar Movie