ഗോപന്‍ ചിതംബരം തിരക്കഥയെഴുതി രാജീവ് രവി സംവിധാനം ചെയ്ത സിനിമയായിരുന്നു തുറമുഖം. നിവിന്‍ പോളി, പൂര്‍ണിമ ഇന്ദ്രജിത്ത്, നിമിഷ സജയന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പൂര്‍ണിമയുടെ തിരിച്ചുവരവില്‍ വൈറസിന് ശേഷം റിലീസ് ചെയ്ത സിനിമ കൂടിയാണ് തുറമുഖം. സിനിമയിലെ പൂര്‍ണിമയുടെ കഥാപാത്രം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
തന്റെ മക്കള്‍ താന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലായിരുന്നു എന്നും അതുകൊണ്ട് തന്നെ വൈറസിന്റെ ഷൂട്ടിങ് സെറ്റില്‍ വന്നപ്പോള്‍ അവര്‍ വലിയ ആവേശത്തിലായിരുന്നു എന്നും പൂര്‍ണിമ പറയുന്നു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂര്‍ണിമ.
‘എന്റെ കുട്ടികളൊന്നും ഞാന്‍ ചെയ്ത സിനിമകള്‍ ഇതുവരെ കണ്ടിട്ടില്ല. യൂട്യൂബില്‍ വന്നിട്ടുള്ള പാട്ടുകളൊക്കെയെ കണ്ടിട്ടുള്ളു. അല്ലാതെ ഫുള്‍ സിനിമയൊന്നും കണ്ടിട്ടില്ല. ഒന്നും കണ്ടിട്ടില്ല എന്ന് പറയുമ്പോള്‍, കാണിക്കാനൊക്കെ ശ്രമിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ കാണുമ്പോള്‍ ഫ്രഷ് ആയി കാണണമെന്നാണ് കുട്ടികള്‍ കരുതുന്നത്. എനിക്ക് തോന്നുന്നത് കുട്ടികളുടെ മനസ് ഇങ്ങനെയാണ് എന്നാണ്. അവരെ സിനിമ കാണിക്കുമ്പോള്‍ അവര്‍ പറയും, അയ്യോ ഇത് പഴയ സിനിമയാണല്ലോ എന്ന്. എന്നിട്ട് എന്നെ നോക്കി ഹൗ ഓള്‍ഡ് ആര്‍ യൂ അമ്മ എന്നെല്ലാം ചോദിക്കും. അപ്പോള്‍ ഞാന്‍ പറയും, നിങ്ങള്‍ അമ്മയുടെ സിനിമയൊക്കെ കാണണം എന്ന്. വൈറസില്‍ കണ്ടപ്പോള്‍ അവര്‍ക്ക് ഭയങ്കര ആവേശമായിരുന്നു. ഷൂട്ടിങ് സമയത്ത് അവര്‍ ലൊക്കേഷനില്‍ വന്നിരുന്നു. അവരെ സംബന്ധിച്ച്, ആയ കാലം തൊട്ട് അമ്മ അഭിനയിച്ചിരുന്നു എന്ന് കേട്ടിട്ടല്ലെയുള്ളൂ, കണ്ടിട്ടില്ലല്ലോ,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.
തുറമുഖം റിലീസ് ചെയ്തിട്ട് മറ്റ് സിനിമകള്‍ ചെയ്യാമെന്നായിരുന്നു തീരുമാനം എന്നും പക്ഷെ തുറമുഖം ഇറങ്ങാന്‍ നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നു എന്നും പൂര്‍ണിമ അഭിമുഖത്തില്‍ പറഞ്ഞു. കുറെ സ്‌ക്രിപ്റ്റുകള്‍ വന്നെങ്കിലും അത് ചെയ്യാന്‍ കോണ്‍ഫിഡന്‍സ് കുറവായിരുന്നു എന്നും താരം പറഞ്ഞു.
‘തുറമുഖത്തിന് വേണ്ടി നാല് വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരായാലും, താരങ്ങളായാലും, പ്രൊഡ്യൂസറായാലും എല്ലാവരും ഈ സിനിമ മനസില്‍ കൊണ്ട് നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലങ്ങളായിരുന്നു. അവസാനം അത് റിലീസായി എന്നതാണ് ആശ്വാസം. തുറമുഖം ഇറങ്ങണമെന്നത് സത്യം പറഞ്ഞാല്‍ വ്യക്തിപരമായി എന്റെ വലിയ ആഗ്രഹമായിരുന്നു. കാരണം, തുറമുഖം ഇറങ്ങിയിട്ട് അടുത്ത സിനിമ ചെയ്യാമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍. ഇതിനിടയില്‍ ഞാന്‍ സ്‌ക്രിപ്റ്റുകള്‍ കേട്ടിരുന്നു. ചിലത് എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ല. തുറമുഖം കഴിഞ്ഞിട്ട് ബാക്കി സിനിമകള്‍ ചെയ്യാമെന്ന് കരുതിയിരിക്കുകയായിരുന്നു ഞാന്‍,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.
content highlights; Poornima Indrajith talks about her children