20 വയസുകാരിയുടെ മെച്യൂരിറ്റിയില്‍ ചെയ്ത സിനിമ; അമ്മ വേഷം വലിയ റെസ്പോണ്‍സിബിളിറ്റിയായി തോന്നി: പൂര്‍ണിമ
Entertainment
20 വയസുകാരിയുടെ മെച്യൂരിറ്റിയില്‍ ചെയ്ത സിനിമ; അമ്മ വേഷം വലിയ റെസ്പോണ്‍സിബിളിറ്റിയായി തോന്നി: പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th September 2024, 4:44 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പൂര്‍ണിമ. കുറഞ്ഞ സിനിമകളിലൂടെ തന്നെ ശ്രദ്ധിക്കപ്പെടാന്‍ പൂര്‍ണിമക്ക് സാധിച്ചിരുന്നു. പൂര്‍ണിമ അഭിനയിച്ച് 2001ല്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു മേഘമല്‍ഹാര്‍. ബിജു മേനോനും സംയുക്ത വര്‍മയും ഒന്നിച്ച ചിത്രത്തില്‍ രേഖ രാജീവ് എന്ന കഥാപാത്രമായാണ് പൂര്‍ണിമ എത്തിയത്. ഇപ്പോള്‍ ആ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടി. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂര്‍ണിമ.

‘ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മേഘമല്‍ഹാര്‍ പുറത്തിറങ്ങിയത്. ഇപ്പോള്‍ ആ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ അത്രയും വര്‍ഷം മുമ്പുള്ള കാര്യമാണ് ഞാന്‍ പറയേണ്ടത്. അന്ന് ആ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ എന്തായിരുന്നു ചിന്തിച്ചിരുന്നതെന്നത് ഒരു ചോദ്യം തന്നെയാണ്.

കാരണം അന്നത്തെ എന്റെ കാഴ്ചപ്പാടും മെച്യൂരിറ്റിയുമൊക്കെ ഇന്ന് ഉള്ളതില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ്. അന്ന് സത്യത്തില്‍ ഒരു 20 വയസുകാരിയുടെ മെച്യൂരിറ്റി മാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.

അന്ന് എത്രത്തോളം ഞാന്‍ ആ സിനിമയിലെ കഥാപാത്രത്തിലേക്ക് ഇറങ്ങി ചെന്ന് ചിന്തിച്ചു കാണുമെന്ന് ചോദിച്ചാലും എനിക്ക് മറുപടിയില്ല. അന്നത്തെ പൂര്‍ണിമ എന്ന വ്യക്തിക്ക് ചിലപ്പോള്‍ അതിനെ കുറിച്ച് അധികം പറയാന്‍ ഉണ്ടാകില്ല എന്നതാണ് സത്യം. പക്ഷെ ഇന്ന് അങ്ങനെയല്ല. ഇന്ന് ഞാന്‍ 40കളില്‍ വന്ന് നില്‍ക്കുന്ന സമയമാണ്.

ഇപ്പോള്‍ തിരിഞ്ഞു നോക്കി രേഖയെ വിശകലനം ചെയ്യുമ്പോള്‍ അവളെ കുറേ ലെയേര്‍സായി മനസിലാകുന്നുണ്ട്. അന്ന് എനിക്ക് രേഖയെ പറ്റി അധികം അറിയില്ലായിരുന്നു. കൂടുതലൊന്നും ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. ഞാന്‍ രണ്ടാം ഭാവവും വല്യേട്ടനും പോലെയുള്ള സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.

സിനിമയില്‍ കല്യാണം കഴിഞ്ഞ രണ്ട് കുട്ടികളുടെ അമ്മയായിട്ട് അഭിനയിക്കുന്നത് അന്ന് വളരെ വലിയ റെസ്പോണ്‍സിബിളിറ്റിയായി തോന്നിയിരുന്നു. എനിക്ക് ആ കഥാപാത്രത്തെ കൃത്യമായി ചെയ്യാന്‍ പറ്റുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു,’ പൂര്‍ണിമ പറയുന്നു.

Content Highlight: Poornima Indrajith Talks About Her Character