| Friday, 19th May 2023, 6:51 pm

വൈറസില്‍ എനിക്കും ഇന്ദ്രനും ഒരു ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നു, ദൈര്‍ഘ്യം കൂടുമെന്നത് കൊണ്ടായിരിക്കാം അതൊഴിവാക്കി: പൂര്‍ണിമ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1986-ല്‍ ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമയിലത്തെയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. അതിനുശേഷം നടിയായും ,സഹനടിയായും സിനിമയില്‍ സജീവമായി. വര്‍ണ്ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍ എന്നീ ചിത്രങ്ങളിലും പൂര്‍ണിമ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലെ പൂര്‍ണിമയുടെ ഉമ്മ എന്ന കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു. വൈറസിനു ശേഷം ഒരു ഇടവേളക്ക് ശേഷമാണ് പൂര്‍ണിമയുടെ അടുത്ത ചിത്രമായ തുറമുഖം റിലീസ് ചെയ്തത്. വൈറസില്‍ ഇന്ദ്രജിത്തിന്റെയും തന്റെയും കഥാപാത്രങ്ങള്‍ക്ക് ഒരു ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നുവെന്നും, എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യം കൂടിയതുകൊണ്ടാണ് അത് ഒഴിവാക്കിയതെന്നും പൂര്‍ണിമ പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘വൈറസില്‍ ശരിക്കും എല്ലാ കഥാപാത്രങ്ങള്‍ക്കും ഒരു ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നു. എനിക്കും ഇന്ദ്രനും ഒരു ടെയ്ല്‍ എന്‍ഡ് ഉണ്ടായിരുന്നു എന്ന് ആഷിക് അബു പറഞ്ഞിരുന്നു. എന്നാല്‍ കഥയുടെ ദൈര്‍ഘ്യം കൂടും എന്ന് പറഞ്ഞ് അത് ഒഴിവാക്കുകയാണ് ഉണ്ടായത്. എന്റെയും ഇന്ദ്രന്റെയും ടെയ്ല്‍ എന്‍ഡ് എന്തായിരുന്നു എന്ന് വെച്ചാല്‍, ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് അറിയിക്കുക എന്നാണ്. ആ സിനിമയില്‍ ഇന്ദ്രന്‍ പറയുന്നുണ്ടല്ലോ ഭാര്യക്ക് ഡിവോഴ്സ് നോട്ടീസ് കൊടുത്തിട്ടുണ്ടെന്ന്. അവസാനം ഇന്ദ്രജിത്ത് വന്ന് ഒരു വീടിന്റെ ബെല്‍ അടിച്ച് ഡോര്‍ തുറക്കുമ്പോള്‍ ഭാര്യയെ കാണും എന്ന ടേയില്‍ എന്‍ഡ് ഒക്കെ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ പ്ലാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. സിനിമയായിട്ട് വലിയ ബന്ധമൊന്നും ഇല്ലാത്ത കാരണം ഒഴിവാക്കിയതായിരിക്കാം,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് ചെയ്യാനുള്ള സ്‌ക്രിപ്റ്റ് ഒന്നും തനിക്ക് വരാറില്ലെന്നും തന്നെ ചലഞ്ചിങ് ആക്കുന്ന സ്‌ക്രിപ്റ്റുകളാണ് ചെയ്യാറുള്ളതെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. തന്നെ മോള്‍ഡ് ചെയ്യുന്ന ഒരു ടീമിനെ കൂടെ കിട്ടുമ്പോള്‍ അതില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമെന്നും പൂര്‍ണിമ പറഞ്ഞു.

‘കഥാപാത്രങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ മാത്രമുള്ള സ്‌ക്രിപ്റ്റുകളൊന്നും എനിക്ക് വരാറില്ല. ഒരു കാരണം എന്ന് പറയുന്നത്, എന്നെ ചലഞ്ചിങ് ആക്കണം. ആ കഥാപാത്രം ചെയ്യാന്‍ എന്നെ അണ്‍കംഫര്‍ട്ടബിള്‍ ആക്കി അത് ചെയ്യാന്‍ എന്നെ തന്നെ പുഷ് ചെയ്യാന്‍ എനിക്ക് സാധിക്കണം. അയ്യോ ഇതൊന്നും എനിക്ക് ചെയ്യാന്‍ പറ്റില്ല എന്ന ചിന്തയിലൂടെ കടന്ന് പോയി, അതിലേക്ക് പറ്റാവുന്ന എഫേര്‍ട്ട് ഇട്ട് പരിശ്രമിച്ച് അതുപോലെ നമ്മളെ മോള്‍ഡ് ചെയ്യാന്‍ ഒരു ടീം കൂടി ആകുമ്പോള്‍ അതില്‍ നിന്ന് എന്ത് തിരിച്ച് കിട്ടം എന്നത് വളരെ പ്രധാനമാണ്.

നമുക്ക് ആ പ്രോസസിലൂടെ തിരിച്ച് കിട്ടുന്ന കാര്യങ്ങള്‍ വളരെ കൂടുതലായിരിക്കും. ഞാന്‍ എപ്പോഴും ആ പ്രോസസിലൂടെ വളര്‍ന്ന് കൊണ്ടിരിക്കുന്ന വ്യക്തിയാണ്. കിട്ടുന്ന സ്‌ക്രിപ്റ്റുകള്‍ നോക്കുമ്പോള്‍ എനിക്ക് തന്നെ ഉറപ്പില്ലായിരുന്നു, ഞാന്‍ ചെയാതാല്‍ ശരിയാകുമോ എന്ന്. അതും ഒരു കാരണമാണ്. പിന്നെ, ഉറപ്പായിട്ടും ഇത് ചെയ്യണം എന്നാല്‍ ഇപ്പോഴല്ല ചെയ്യേണ്ടതെന്ന് മനസിലാക്കുന്ന സ്‌ക്രിപ്റ്റുകളും ഉണ്ട്. അങ്ങനെ പല പല കാരണങ്ങളാണ്,’ പൂര്‍ണിമ പറഞ്ഞു.

content highlights: Poornima Indrajith on the omitted scene from Virus movie 

We use cookies to give you the best possible experience. Learn more