| Saturday, 18th March 2023, 10:13 pm

പൃഥ്വിയോട് ഇതുവരെ സംസാരിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല; ടെക്‌സ്റ്റ് മെസേജൊക്കെയാണ് ഞങ്ങള്‍ അയക്കുന്നത്: പൂര്‍ണിമ ഇന്ദ്രജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സിനിമയാണ് തുറമുഖം. നിവിന്‍ പോളി, ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഉമ്മ എന്ന കഥാപാത്രത്തിലൂടെ പൂര്‍ണിമ മികച്ച അഭിപ്രായങ്ങള്‍ സ്വന്തമാക്കിയിരുന്നു.

തുറമുഖം പുറത്തിറങ്ങിയതിന് ശേഷം നടനും ബന്ധുവുമായ പൃഥ്വിരാജും തന്റെ പങ്കാളിയുടെ അമ്മയായ മല്ലിക സുകുമാരനും പറഞ്ഞ കമന്റുകളെ കുറിച്ച് പറയുകയാണ് നടി പൂര്‍ണിമ. പൃഥ്വിരാജ് ഷൂട്ടിങ് തിരക്കിലായത് കൊണ്ട് ഇതുവരെ സംസാരിക്കാന്‍ സാധിച്ചില്ലെന്നും ടെക്സ്റ്റ് മെസേജുകളിലൂടെ മാത്രമാണ് സംസാരിക്കുന്നതെന്നും താരം പറഞ്ഞു. മല്ലികക്ക് തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിഞ്ഞില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ താരം കൂട്ടിച്ചേര്‍ത്തു.

‘സിനിമ ഇറങ്ങി കഴിഞ്ഞിട്ട് പൃഥ്വിയുടെ അടുത്ത് എനിക്ക് ഇതുവരെ സംസാരിക്കാന്‍ പറ്റിയിട്ടില്ല. പൃഥ്വി അയാളുടെ ജോലിയുടെ ഏറ്റവും പീക്കായിട്ടുള്ള സമയത്താണ് നില്‍ക്കുന്നത്. ഏറ്റവും വലിയ പ്രോജക്ടിന്റെ പിന്നാലെയാണ് ഇപ്പോള്‍ പൃഥ്വി. അവിടെ സിഗ്‌നലൊന്നും ഇല്ലാത്ത സഥലത്താണ് ഷൂട്ട് നടക്കുന്നത്.

അതുകൊണ്ട് തന്നെ ടെക്സ്റ്റ് മെസേജൊക്കെയാണ് ഞങ്ങള്‍ അയക്കുന്നത്. ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായ സമയം തന്നെയാണല്ലോ മോളെ സിനിമ ഇറങ്ങിയത്, ഞാന്‍ എങ്ങനെ കാണും എന്നാണ് അമ്മ എന്നോട് ചോദിച്ചത്. ആ സമയത്ത് അമ്മയുടെ ടെന്‍ഷന്‍ അതായിരുന്നു,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

മല്ലിക സുകുമാരനില്‍ നിന്നും താന്‍ ഇപ്പോഴും പല കാര്യങ്ങളും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഒറ്റക്ക് താമസിക്കുന്ന സ്ത്രീ എന്ന നിലയില്‍ അവര്‍ പല പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും പൂര്‍ണിമ പറഞ്ഞു. പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മയെന്ന നിലയിലല്ല മല്ലിക അറിയപ്പെടുന്നതെന്നും മലയാള സിനിമയില്‍ അവര്‍ക്ക് തന്റേതായ ഐഡന്റിറ്റിയുണ്ടെന്നും ഇതേ അഭിമുഖത്തില്‍ പൂര്‍ണിമ പറഞ്ഞു.

‘നിങ്ങളുടെ സമയം അവസാനിച്ചുവെന്ന് ലോകത്ത് ആര്‍ക്കും പറയാന്‍ സാധിക്കില്ല. എന്റെ ജീവിതത്തില്‍ നിന്നുമാണ് ഞാന്‍ ഇക്കാര്യങ്ങള്‍ പഠിച്ചത്. എന്റെ ജീവിതത്തില്‍ വന്നുപോയ മനുഷ്യരില്‍ നിന്നുമാണ് ഇതൊക്കെ എനിക്ക് പഠിക്കാന്‍ സാധിച്ചത്. എന്റെ അമ്മായി അമ്മക്ക് 68 വയസായി. പക്ഷെ അവര്‍ക്ക് ഇന്നത്തെ ജനറേഷന്റെ ചിന്തകള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നുണ്ട്.

അമ്മ ഭയങ്കര അപ്ഡേറ്റഡുമാണ്. ചിലപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ തോന്നാറുണ്ട്, അമ്മക്ക് എങ്ങനെയാണ് ഇതൊക്കെ പറ്റുന്നതെന്ന്. അമ്മയില്‍ നിന്നും പല കാര്യങ്ങളും ഇപ്പോഴും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ അറുപത്തിയെട്ടാമത്തെ വയസില്‍ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ത്രീ, എന്തൊക്കെ ജഡ്ജ്മെന്റലുകളാണ് കേള്‍ക്കുന്നത്.

പക്ഷെ എന്തൊക്കെ കേട്ടാലും അതിനെയൊന്നും അമ്മ കാര്യമാക്കാറില്ല. വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അത്. ഒരുപാട് വേദനകളും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരും. പക്ഷെ ഒറ്റക്ക് ജീവിക്കുക തന്നെ ചെയ്യും. ഇങ്ങനെ ഒറ്റക്ക് ഫൈറ്റ് ചെയ്ത് ജീവിക്കാം എന്നത് അമ്മയുടെ തെരഞ്ഞെടുപ്പായിരുന്നു. പൃഥ്വിരാജിന്റെ അമ്മ, ഇന്ദ്രജിത്തിന്റെ അമ്മ എന്ന പേരിലല്ല അവര്‍ അറിയപ്പെടുന്നത്.

സ്വന്തമായൊരു ഐഡന്റിറ്റി അമ്മക്കുണ്ട്. ആ പ്രായമൊക്കെ ആകുമ്പോള്‍ അമ്മയെ പോലെയൊക്കെ ഇരിക്കാന്‍ എനിക്ക് പറ്റുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്,’ പൂര്‍ണിമ പറഞ്ഞു.

content highlight: poornima indrajith about prithviraj and mallika sukumaran

We use cookies to give you the best possible experience. Learn more