കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നുമില്ല; ഫാമിലി ഇമോഷന്‍സ് ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കണ്ടിട്ട് കുറച്ച് കാലമായി: പൂര്‍ണിമ ഇന്ദ്രജിത്ത്
Entertainment news
കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നുമില്ല; ഫാമിലി ഇമോഷന്‍സ് ഇങ്ങനെ രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കണ്ടിട്ട് കുറച്ച് കാലമായി: പൂര്‍ണിമ ഇന്ദ്രജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 14th May 2022, 10:16 am

സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, അതിഥി രവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്ത പത്താം വളവ് കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

ഒരു ഫാമിലി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം തന്നെയാണ് പ്രേക്ഷകര്‍ എടുത്ത് പറയുന്നത്. ഒപ്പം അതിഥി രവിയുടെയും ഇതുവരെ ചെയ്തതില്‍ ഏറ്റവും മികച്ച റോളുകളിലൊന്നായി പത്താം വളവിലെ സീത എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നുണ്ട്.

പത്താം വളവ് കണ്ടതിന് ശേഷമുള്ള തന്റെ അനുഭവം മാധ്യമങ്ങളോട് പങ്കുവെച്ച് കൊണ്ട് നടി പൂര്‍ണിമ ഇന്ദ്രജിത് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഇന്ദ്രജിത്, അതിഥി രവി, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പം തിയേറ്ററില്‍ നിന്ന് സിനിമ കണ്ട് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

”കരഞ്ഞുകരഞ്ഞ് എനിക്ക് ശബ്ദം ഒന്നും ഇല്ല. നമ്മുടെ ഇമോഷന്‍സ് എല്ലാം രജിസ്റ്റര്‍ ചെയ്ത ഒരു സിനിമ കാണാന്‍ പറ്റിയിട്ട് കുറച്ച് കാലമായി. ഒരു ഫാമിലി സിനിമ എന്ന് പറയുമ്പോള്‍ ഫാമിലി ഡൈനാമിക്‌സ് അതിനകത്ത് വരണം, റിലേഷന്‍ഷിപ്പ് വര്‍ക്ക് ചെയ്യണം.

സുരാജേട്ടന്റെയും ഇന്ദ്രന്റെയും കുറച്ച് മൊമന്റ്‌സില്‍ പോലും സൈലന്‍സ് വര്‍ക്ക് ചെയ്ത കുറേ സംഭവങ്ങളുണ്ട്. രണ്ട് അച്ഛന്മാര്‍ തമ്മിലുള്ള ബോണ്ടിങ്ങും റിലേഷന്‍ഷിപ്പ് ഒക്കെ കാണിച്ചിട്ടുണ്ട്.

ഞാന്‍ അതിഥിയുടെ കാര്യം എടുത്ത് പറഞ്ഞു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു. കാരണം ഒരു അമ്മയെന്ന നിലയിലും ആര്‍ടിസ്റ്റ് എന്ന നിലയിലും, അതിഥി ഒരു ഫന്റാസ്റ്റിക് വര്‍ക്കാണ് ചെയതത്, എന്ന് എനിക്ക് തോന്നുന്നു. തിയേറ്ററില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ആദ്യം ഞാന്‍ അതിഥിയോട് ഇക്കാര്യം പറഞ്ഞു.

പിന്നെ സുരാജേട്ടനും ഇന്ദ്രനും. എല്ലാവരും കണ്ടിരിക്കണം, കാണുമെന്ന് ഉറപ്പാണ്. കാരണം അത്രയും ബ്യൂട്ടിഫുള്‍ ഫിലിമാണ്. എല്ലാവരും കാണുക,” പൂര്‍ണിമ പറഞ്ഞു.

അഭിലാഷ് പിള്ള തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തില്‍ അജ്മല്‍ അമീര്‍, ബിനു അടിമാലി, ജയകൃഷ്ണന്‍, മേജര്‍ രവി, സ്വാസിക, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Content Highlight: Poornima Indrajith about Patham Valavu movie and the performances of Indrajith, Suraj Venjaramoodu and Aditi Ravi