ആ സമയത്ത് മക്കള്‍ക്ക് എന്നെ മതിയായതായി തോന്നി; അച്ഛന്‍ 45 ദിവസം കഴിയുമ്പോള്‍ മാത്രമാണ് വീട്ടില്‍ വരുന്നത്: പൂര്‍ണിമ
Entertainment news
ആ സമയത്ത് മക്കള്‍ക്ക് എന്നെ മതിയായതായി തോന്നി; അച്ഛന്‍ 45 ദിവസം കഴിയുമ്പോള്‍ മാത്രമാണ് വീട്ടില്‍ വരുന്നത്: പൂര്‍ണിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th March 2023, 3:22 pm

തുറമുഖം എന്ന രാജീവ് രവി ചിത്രത്തിന് ശേഷം തന്നില്‍ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് പറയുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. താന്‍ എപ്പോഴും മക്കള്‍ക്ക് അവൈലബിളാകുന്ന അമ്മയാണെന്നും എന്നാല്‍ തുറമുഖം സിനിമ ചെയ്യുന്ന സമയത്ത് മാത്രമാണ് ചെറിയ വ്യത്യാസം ഉണ്ടായതെന്നും പൂര്‍ണിമ പറഞ്ഞു. അമ്മയെന്ന നിലയിലും സ്ത്രീയെന്ന  നിലയിലും കുട്ടികള്‍ക്കൊപ്പം ഉണ്ടാകാന്‍ ശ്രമിക്കാറുണ്ടെന്നും എന്നാല്‍ തന്റെ പങ്കാളിക്ക് അതിന് കഴിയാറില്ലെന്നും താരം പറഞ്ഞു.

എന്നാല്‍ കൊവിഡ് സമയത്ത് എല്ലാവരും എപ്പോഴും കൂടെയുണ്ടായിരുന്നെന്നും ആ സമയത്ത് മക്കള്‍ക്ക് തന്നെ മടുത്തുവെന്നാണ് തോന്നുന്നതെന്നും ചിരിച്ചുകൊണ്ട് താരം പറഞ്ഞു. തുറമുഖത്തിലെ തന്റെ കഥാപാത്രമായ ഉമ്മയെ കുറിച്ചും വണ്ടര്‍ഫുള്‍ മീഡിയ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ പറഞ്ഞു.

‘സിനിമയില്‍ നിന്നും വിട്ട് നിന്ന കാലത്ത് ഞാന്‍ ടെലിവിഷന്‍ ഷോസ് ഹോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിനുശേഷമാണ് ഞാന്‍ ഒരു ബ്രാന്‍ഡ് തുടങ്ങുന്നത്. ഒരു സിത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കുട്ടികള്‍ക്ക് അവൈലബിളാകാന്‍ സാധിച്ചു. കുട്ടികളുടെ ഭാഗത്ത് നിന്നുമാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ എപ്പോഴും അവരുടെ കൂടെയുണ്ടാകുമായിരുന്നു. അച്ഛാനാണെങ്കില്‍ 45 ദിവസം കഴിയുമ്പോഴാണല്ലോ വീട്ടില്‍ വരുന്നത്.

ബിസിനസ് ചെയ്തിരുന്ന സമയത്താണെങ്കില്‍ പോലും പകല്‍ എത്ര തിരക്കുണ്ടായിരുന്നെങ്കിലും രാത്രിയില്‍ ഞാന്‍ അവര്‍ക്കൊപ്പം തന്നെയുണ്ടാകും. അവരോടൊപ്പം സംസാരിക്കാനും വഴക്കിടാനുമൊക്കെ ഞാന്‍ അവരുടെ കൂടെ തന്നെയുണ്ടായിരുന്നു. തുറമുഖത്തിന് ശേഷം ആ ഫൈറ്റ് കുറച്ച് കൂടുതലായി എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവിടുത്തെ ബാഗേജുംകൂടി ഞാന്‍ ഇവിടേക്ക് കൊണ്ടുവന്നോ എന്നാണ് സംശയം.

ഇതിന്റെ ഷൂട്ട് കഴിഞ്ഞതോട് കൂടി കൊവിഡ് വന്നു. ആ സമയത്ത് നമ്മളെല്ലാവരും ഫാമിലിയുടെ കൂടെ ഒരുപാട് സമയം ചെലവഴിച്ചല്ലോ. ഒരേസമയം ഒരേ ആള്‍ക്കാരെ തന്നെയാണല്ലോ അന്ന് കണ്ടുകൊണ്ടിരിക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ആ സമയത്ത് അവര്‍ക്ക് തന്നെ എന്നെ മതിയായിരുന്നു(ചിരി). ഫുള്‍ ടൈം അമ്മയിങ്ങനെ ഡബ്ല്യു വരച്ചതുപോലെ നടക്കണ്ടെന്ന് അവര്‍ പറയുമായിരുന്നു.

ആ സമയത്ത് എനിക്കും ചില മാറ്റങ്ങളൊക്കെ തോന്നിയിരുന്നു. എന്റെ കഥാപാത്രമായ ഉമ്മയെ കുറിച്ച് സംസാരിക്കുമ്പോഴും ആ സീനുകളെ കുറിച്ച് ഓര്‍ക്കുമ്പോഴുമൊക്കെ ഞാന്‍ പെട്ടെന്ന് ഡിസ്‌കണക്ടാവുന്നതായി എനിക്ക് തോന്നാറുണ്ട്,’ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.

conntent highlight: poornima indrajith about her family