വര്‍ഷം 1980. ഡിസംബറിലെ ക്രിസ്മസ് ദിനത്തില്‍ മലയാള ചലച്ചിത്രമേഖലയിലേക്ക് മൂന്ന് പുതുമുഖങ്ങള്‍ എത്തുന്നു. ഭാഗ്യപരീക്ഷണമായി ഒരു ചിത്രത്തില്‍ തലകാണിച്ചുപോകാന്‍ അല്ല അവര്‍ മൂന്നുപേരുമെത്തിയതെന്ന് പിന്നീടുള്ള ചിത്രങ്ങളിലെ പ്രകടനങ്ങള്‍ തെളിയിച്ചു.
മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും, പൂര്‍ണ്ണിമ ഭാഗ്യരാജും, ശങ്കറും ആയിരുന്നു ആ താരങ്ങള്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു മൂന്നുപേരും ഒന്നിച്ച ആദ്യ ചിത്രം.
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍വിരിഞ്ഞ പൂക്കളിലെ മൂന്ന് ചെറുപ്പക്കാരുടെയും പ്രകടനത്തിന് ഇന്ന് നാല്‍പ്പത് വയസ്സ് തികഞ്ഞിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി 40 വര്‍ഷം പിന്നിടുമ്പോള്‍ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ചിത്രത്തില്‍ നായികയായെത്തിയ പൂര്‍ണ്ണിമ.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന മനോഹര ചിത്രത്തിലൂടെ എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം ലഭിച്ചിട്ട് നാല്പ്പത് വര്‍ഷം, എന്നാണ് പൂര്‍ണ്ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തിന്റെ പഴയകാല ചിത്രങ്ങളും പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
1980 ഡിസംബര്‍ 25 ന് പുറത്തിറങ്ങിയ മലയാള ചിത്രമാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. ഫാസില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ നായകനും നായികയും വില്ലനും അടക്കം നിരവധി പേര്‍ പുതുമുഖങ്ങളായിരുന്നു. മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പുറത്തിറങ്ങിയ ആദ്യ ചിത്രവും മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു.
ചിത്രത്തില്‍ ശങ്കറായിരുന്നു നായകവേഷത്തിലെത്തിയത്. വില്ലന്‍ കഥാപാത്രമായ നരേന്ദ്രന്‍ എന്ന മോഹന്‍ലാലിന്റെ വേഷം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. പൂര്‍ണ്ണിമയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക