| Friday, 4th October 2024, 8:26 am

പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവിന് ഇന്ന് തുടക്കം; പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൂര്‍ണ പബ്ലിക്കേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാമത് എഡിഷന് ഇന്ന് തുടക്കം. ഇന്നും നാളെയുമായി കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ചാണ് ഫെസ്റ്റിവല്‍ അരങ്ങേറുക.

ടി.ബി.എസ് / പൂര്‍ണ സ്ഥാപകനും കേരളത്തിന്റെ പ്രസാധന, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശീ. എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥമാണ് ദ്വിദിന കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാറാ ജോസഫ് മുഖ്യാതിഥിയാവും. സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദന്‍ ബാലകൃഷ്ണമാരാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും.

ചടങ്ങില്‍ എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന എന്‍. ഇ. ബാലകൃഷ്ണമാരാര്‍ സ്മാരകസാഹിത്യ സമഗ്രസംഭാവനാപുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക് സമ്മാനിക്കും. ആദ്യ എഡിഷനില്‍ ശശി തരൂരാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

സംഭാഷണം, പ്രഭാഷണം, സംവാദം, കവിതാലാപനം, നോവല്‍-കവിത അവാര്‍ഡ് സമര്‍പ്പണം, പുസ്തക പ്രകാശനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ രണ്ടു ദിവസത്തെ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ അരങ്ങേറും.

എഴുത്തും വൈദ്യവും, വയനാട്ടില്‍ നിന്നുള്ള പാഠങ്ങള്‍, സര്‍ഗാത്മകതയുടെ പെണ്‍പക്ഷം, ബാലസാഹിത്യം എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍. അഡ്വ. എ. ജയശങ്കര്‍, ബോബി ജോസ് കട്ടിക്കാട് എന്നിവരുടെ പ്രഭാഷണങ്ങളും പെരുമാള്‍ മുരുകന്‍, സാറാ ജോസഫ്, സച്ചിദാനന്ദന്‍ എന്നിവരുമായി സംഭാഷണങ്ങളും ഉണ്ടാവും.

വിവിധ സെഷനുകളിലായി ബിനോയ് വിശ്വം, എ. പ്രദീപ് കുമാര്‍, എന്‍. ഇ. സുധീര്‍, സി. വി. ബാലകൃഷ്ണന്‍, സി. ആര്‍. നീലകണ്ഠന്‍, അംബികാസുതന്‍ മാങ്ങാട്, കെ.എന്‍. പ്രശാന്ത്, കല്പറ്റ നാരായണന്‍, വി. എം. ഗിരിജ, പി. വി. ഷാജികുമാര്‍, ആര്‍. രാജശ്രി, ജിസ ജോസ്. എച്ച്മുക്കുട്ടി, സംഗീത ജന്മ, ദൃശ്യ പത്മനാഭന്‍, ഖൈറുന്നീസ എ, കൈകസി വി.എസ്. തുടങ്ങിയവര്‍ സംബന്ധിക്കും. നാലിന് വൈകീട്ട് 7 മണിക്ക് ബീഗം റാസയുടെ ഗാനസന്ധ്യയും അരങ്ങേറും.

കഴിഞ്ഞ വര്‍ഷത്തേതെന്ന പോലെ വ്യത്യസ്തമായ സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള പരിപാടികളാണ് കള്‍ച്ചറല്‍ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളതെന്ന് പൂര്‍ണ പബ്ലിക്കേഷന്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ ഡോ. കെ ശ്രീകുമാര്‍ പറഞ്ഞു. എല്ലാവരേയും മേളയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെയും കോഴിക്കോടിലെയും ആശയങ്ങളോട് സംവദിക്കുന്ന മനുഷ്യര്‍ക്ക് ആസ്വാദനതലത്തിലും ചിന്താതലത്തിലും അനുഭവതലത്തിലും സ്വാധീനം ചെലുത്തുന്ന രണ്ട് നാളുകളായിരിക്കും പരിപാടിയിലേത് എന്നാണ് എഴുത്തുകാരന്‍ എന്‍.ഇ. സുധീര്‍ അഭിപ്രായപ്പെട്ടത്.

സമാപന സമ്മേളനം കെ. പി. രാമനുണ്ണിയുടെ അധ്യക്ഷതയില്‍ വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ‘പൂര്‍ണ നോവല്‍ വസന്തം’ പരമ്പരയിലെ പുസ്തകങ്ങള്‍ എ.ഡി.ജി.പി പി. വിജയനു നല്‍കി പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്യും. എം. കെ. മുനീര്‍ മുഖ്യാതിഥിയാവും.

Content Highlight: Poorna Cultural Festival

Latest Stories

We use cookies to give you the best possible experience. Learn more