ഇടുക്കി: ഇടുക്കിയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത കമ്പനിക്ക് പിഴ ചുമത്തി ജില്ലാ കളക്ടര്‍. ഏഴ് ലക്ഷം രൂപ നല്‍കാനാണ് കമ്പനിയോട് കളക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യകിറ്റിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ വിതരണം ചെയ്ത സ്റ്റാര്‍ ഫുഡ്‌സ് സ്ഥാപനത്തിന്റെ ഉടമ ഷിജാസിനാണ് ഏഴ് ലക്ഷം രൂപ പിഴയിട്ടത്. 15 ദിവസത്തിനകം പിഴ അടക്കാനാണ് കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വെളിച്ചെണ്ണയുടെ ഉപയോഗം കാരണം വെണ്ണിയാനി ഊരിലെ 60 കുടുംബങ്ങളിലെ ആളുകള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയത്. പിന്നാലെ കമ്പനിക്കെതിരെ പിഴ ചുമത്തുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ മാസം കേരശക്തി കമ്പനിയുടെ തന്നെ വെളിച്ചെണ്ണയില്‍ മായമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആദിവാസി ഊരിലെ മൂപ്പന്റെ നേതൃത്വത്തില്‍ കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വെളിച്ചെണ്ണ ഉപയോഗിച്ച പലരിലും അന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് കാക്കനാട് റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ എണ്ണ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.
പിന്നാലെ ഊരിലെ കുടുംബങ്ങള്‍ ഭക്ഷ്യകിറ്റ് ഉള്‍പ്പെടെ എടുത്തുകൊണ്ട് തൊടുപുഴയിലെ ജില്ലാ പട്ടികവര്‍ഗ്ഗ ഓഫീസിന് മുമ്പില്‍ പ്രതിഷേധമുയര്‍ത്തുകയും ജില്ലാ ഓഫീസറെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കരാറുകാര്‍ക്കെതിരെയും കമ്പനിക്കെതിരെയും നടപടി എടുക്കുമെന്ന് അധികൃതര്‍ വാക്ക് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
ലൈസന്‍സില്ലാതെ ഉത്പന്നങ്ങള്‍ വിതരണം ചെയ്ത ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
Content Highlight: poor quality coconut oil was provided to tribal families in idukki; the company was fines seven lakhs rupees