കയ്യില്‍ എണ്ണയും തേച്ചാണോ ഫീല്‍ഡ് ചെയ്യാന്‍ വരുന്നത്; ക്യാച്ച് വിടാന്‍ മത്സരിച്ച് കോഹ്‌ലിയും സ്മിത്തും
Sports News
കയ്യില്‍ എണ്ണയും തേച്ചാണോ ഫീല്‍ഡ് ചെയ്യാന്‍ വരുന്നത്; ക്യാച്ച് വിടാന്‍ മത്സരിച്ച് കോഹ്‌ലിയും സ്മിത്തും
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 2:35 pm

മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും. ഫാബ് ഫോറില്‍ ഇടം നേടിയ ഇരുവരും മികച്ച ഫീല്‍ഡര്‍മാരുമാണ്.

എന്നാല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ സ്ലിപ്പില്‍ ഇരുവരും അത്രകണ്ട് മികച്ച ഫീല്‍ഡര്‍മാരല്ല. കയ്യിലൊതുക്കാന്‍ പോന്ന ക്യാച്ചുകള്‍ പോലും പല തവണ വിട്ടുകളഞ്ഞാണ് ഇവര്‍ ആരാധകരുടെ പഴി കേള്‍ക്കുന്നത്.

2022 മുതല്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇവര്‍ വിട്ടുകളഞ്ഞ ക്യാച്ചുകളുടെ കണക്കുനോക്കുമ്പോഴാണ് ആരാധകര്‍ മൂക്കത്ത് വിരല്‍വെച്ചുപോകുന്നത്.

 

 

14 ചാന്‍സുകളില്‍ ആറ് തവണയാണ് വിരാട് സ്ലിപ്പില്‍ ക്യാച്ച് കൈവിട്ടുകളഞ്ഞത്. ഇത് വലിയ നമ്പറായി തോന്നുന്നില്ല എന്നാണെങ്കില്‍ ശതമാനക്കണക്കിലേക്ക് നോക്കിയാല്‍ വിരാടിന്റെ ഡ്രോപ്പിങ് പേര്‍സെന്റേജ് ഏകദേശം 50 ശതമാനത്തോട് അടുത്താണ്.

സ്ലിപ്പില്‍ ഏഴ് തവണയാണ് സ്മിത്ത് എതിരാളികളെ കൈവിട്ടു കളഞ്ഞത്. 26 ചാന്‍സുകളില്‍ നിന്നുമാണ് സ്മിത്ത് തന്റെ ഏഴ് ഇരകളെ കൈവിട്ടുകളഞ്ഞിരിക്കുന്നത്.

ഇന്ത്യയുടെ നാഗ്പൂര്‍ ടെസ്റ്റിലും വിരാട് കോഹ്‌ലിയുടെ ചോരുന്ന കൈകള്‍ ചര്‍ച്ചയായിരുന്നു.

ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്തിനെ സ്ലിപ്പില്‍ വിട്ടുകളഞ്ഞ കോഹ്‌ലി രണ്ടാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറെയും സമാനമായ രീതിയില്‍ വിട്ടുകളഞ്ഞിരുന്നു.

ഇതിനുപിന്നാലെ ആരാധകരും കലിപ്പായി രംഗത്തെത്തിയിരുന്നു. സ്ലിപ്പില്‍ ഇന്ത്യയുടെ വിശ്വസ്തനായ അജിന്‍ക്യ രഹാനെയെ കൊണ്ടുവരണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് സ്മിത്തിനും നേരിടേണ്ടി വരുന്നത്.

ഇരുവര്‍ക്കുമെതിരെ വന്‍ തോതിലുള്ള ട്രോളുകളും ഉയരുന്നുണ്ട്.

 

 

വരും മത്സരങ്ങളില്‍ ഇരുവരും തങ്ങളുടെ ഫീല്‍ഡിങ് മെച്ചപ്പെടുത്താത്ത പക്ഷം അത് രണ്ട് ടീമിനെയും സംബന്ധിച്ച് ദോഷം മാത്രമേ ചെയ്യുകയുള്ളൂ എന്ന കാര്യവും ഉറപ്പാണ്.

 

Content highlight: Poor performance of Virat Kohli and Steve Smith at slips