| Thursday, 4th May 2023, 3:48 pm

ആഗ്രഹിച്ചത് കിട്ടിയതുകൊണ്ടാകും അല്ലേ രണ്ട് പേരും ഇത്രത്തോളം അധഃപതിച്ചത്‌? എന്നാലും സഞ്ജൂ എന്ത് കണ്ടിട്ടാണ് നീയിങ്ങനെ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ന്റെ ലീഗ് ഘട്ട മത്സരങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പോയിന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍ക്കും അവസാന സ്ഥാനക്കാര്‍ക്കും പ്ലേ ഓഫ് സാധ്യത കല്‍പിക്കുന്നതിനാല്‍ ഇനിയുള്ള മത്സരങ്ങള്‍ കൂടുതല്‍ ആവേശകരമാകുമെന്നുറപ്പാണ്.

സീസണില്‍ പല താരങ്ങളുടെ ഉദയത്തിന് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ധ്രുവ് ജുറെല്‍ അടക്കമുള്ള താരങ്ങള്‍ ഈ സീസണിന്റെ കണ്ടെത്തലുകളാണ്.

എന്നാല്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പലരും വെറും ഫ്‌ളോപ്പായി മാറുന്ന കാഴ്ചയും ഈ സീസണില്‍ കാണുന്നുണ്ട്. അതില്‍ പ്രധാനികളാണ് റോയല്‍ ചലഞ്ചേഴ്‌സ് വിക്കറ്റ് കീപ്പറായ ദിനേഷ് കാര്‍ത്തിക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ താരമായ രാഹുല്‍ ത്രിപാഠിയും.

ഐ.പി.എല്ലിന്റെ 15ാം എഡിഷന്റെ സര്‍പ്രൈസുകളായിരുന്നു ഇരുതാരങ്ങളും. മികച്ച പ്രകടനവുമായി കഴിഞ്ഞ സീസണില്‍ കളം നിറഞ്ഞാടിയ താരങ്ങള്‍ ഈ സീസണില്‍ താളം കണ്ടെത്താന്‍ പാടുപെടുകയാണ്.

കഴിഞ്ഞ സീസണില്‍ ആര്‍.സി.ബിയുടെ ഫിനിഷറുടെ റോളില്‍ തിളങ്ങിയ ഡി.കെ 330 റണ്‍സാണ് സ്വന്തമാക്കിയത്. 55.50 എന്ന മികച്ച ആവറേജിലും 183.33 എന്ന സ്‌ട്രൈക്ക് റേറ്റിലുമായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

ഈ പ്രകടനത്തിന് പിന്നാലെ ബ്ലൂ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ ഡി.കെ ഇന്ത്യയുടെ ടി-20 ലോകകപ്പിനുള്ള സ്‌ക്വാഡിലും ഇടം നേടിയിരുന്നു. എന്നാല്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നതോടെ താരം ടീമില്‍ നിന്നും പുറത്താക്കുകയായിരുന്നു.

ഇതിന്റെ എക്‌സ്‌റ്റെന്‍ഷനാണ് ഐ.പി.എല്ലിന്റെ ഈ സീസണില്‍ കാണുന്നത്. താരത്തിന്റെ പ്രായം കൂടി കണക്കിലെടുക്കുമ്പോള്‍ ഇനി ഇന്ത്യന്‍ ജേഴ്‌സിയലെത്താന്‍ സാധ്യതയില്ലാത്തതിനാലാണ് ദിനേഷ് ഇത്രത്തോളം ഉഴപ്പുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഐ.പി.എല്‍ 2023ല്‍ കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും വെറും 99 റണ്‍സാണ് ഡി.കെയുടെ സമ്പാദ്യം.

കഴിഞ്ഞ സീസണിലെ വെടിക്കെട്ടിന് പിന്നാലെ തന്റെ 32ാം വയസില്‍ രാഹുല്‍ ത്രിപാഠി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യന്‍ ടീമിലെത്തിയതിന് പിന്നാലെ ചില ക്ലാസിക് ഇന്നിങ്‌സുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നിരുന്നു.

ഇന്ത്യയുടെ കരിനീല ജേഴ്‌സിയിലേക്കെത്താന്‍ താരത്തെ തുണച്ചത് ഐ.പി.എല്‍ 2022ലെ പ്രകടനം മാത്രമായിരുന്നു. കളിച്ച 14 മത്സരത്തില്‍ നിന്നും 413 റണ്‍സാണ് ത്രിപാഠി നേടിയത്. 158.23 എന്ന സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് നേടിയ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 76 ആണ്.

എന്നാല്‍ ഈ സീസണിലേക്കെത്തുമ്പോള്‍ എട്ട് മത്സരത്തില്‍ നിന്നും 170 റണ്‍സ് മാത്രമാണ് ത്രിപാഠിക്ക് നേടാന്‍ സാധിച്ചത്. കഴിഞ്ഞ സീസണില്‍ 158ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുണ്ടായിരുന്ന താരത്തിന് ഈ സീസണിലുള്ളത് വെറും 114.86 ആണ്.

ഇവര്‍ ആഗ്രഹിച്ചതുപോലെ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതിനാലാണ് ഈ സീസണില്‍ മോശം പ്രകടനം കാഴ്ചവെക്കുന്നത് എന്നാണ് ആരാധകര്‍ പറയുന്നത്.

ഇതിനൊപ്പം സഞ്ജു സാംസണിന്റെ മോശം പ്രകടനത്തില്‍ ആരാധകര്‍ അതൃപ്തി രേഖപ്പെടുത്തുന്നുമുണ്ട്. മറ്റ് രണ്ട് പേര്‍ക്കും ഇന്ത്യന്‍ ടീമിലേക്കെത്താന്‍ വിദൂര സാധ്യത പോലുമില്ലെന്നും എന്നാല്‍ ലോകകപ്പ് ഇയറില്‍ റിഷബ് പന്തിന്റെ അഭാവത്തില്‍ മികച്ച പ്രകടനം നടത്തി ടീമിലെത്താന്‍ ശ്രമിക്കുന്നതിന് പകരം വിമര്‍ശകരുടെ വാദത്തെ ശരിവെക്കുന്ന പ്രകടനമാണ് താരം കാഴ്ചവെക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

സീസണില്‍ കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും 23.56 എന്ന ശരാശരിയില്‍ 212 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം.

Content Highlight: Poor performance of Rahul Thripathi and Dinesh Karthik in IPL 2023

We use cookies to give you the best possible experience. Learn more