വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ വെച്ചുപുലര്‍ത്തിയ പ്രതീക്ഷകളെല്ലാം തന്നെ അസ്ഥാനത്താവുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. ഏഷ്യാ കപ്പിലെ മോശം പ്രകടനവും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയും മാത്രം കണക്കിലെടുത്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഡിക്ലെയ്‌നിങ് ഗ്രാഫ് വ്യക്തമായി മനസിലാക്കാം.
ബാറ്റിങ് ഡിപ്പാര്‍ട്‌മെന്റില്‍ ശക്തമായി തുടരുമ്പോഴും ഇന്ത്യക്കിപ്പോള്‍ ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് ബൗളിങ് ഡിപ്പാര്‍ട്‌മെന്റാണ്. ലോകകപ്പ് അടുത്ത് വരവെ ഇന്ത്യന്‍ ബൗളര്‍മാരുടെ മോശം ഫോം ഇന്ത്യന്‍ ടീമിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
ഫാസ്റ്റ് ബൗളിങ്ങിനെ മികച്ച രീതിയില്‍ തുണക്കുന്ന ഓസീസ് പിച്ചില്‍ പേസര്‍മാരെ എത്രത്തോളം മികച്ച രീതിയില്‍ ഇന്ത്യക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നതാണ് പ്രധാന വിഷയം. കാരണം ഓരോ മത്സരം കഴിയുമ്പോഴും ഇന്ത്യയുടെ വെറ്ററന്‍ പേസര്‍മാര്‍ മുതല്‍ യുവതാരങ്ങള്‍ വരെ ചെണ്ടകളാകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്.
പരിചയ സമ്പന്നരായ പേസര്‍മാര്‍ മുതല്‍ പേസ് ഓള്‍ റൗണ്ടര്‍മാരും യുവ പേസര്‍മാരും റണ്‍സ് വിട്ടുനില്‍കുന്നതില്‍ ഒരു പിശുക്കും കാണിക്കുന്നില്ല. ബാറ്റര്‍മാര്‍ എത്ര റണ്ണടിച്ച് കൂട്ടിയാലും ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് മോശമായാല്‍ ബാറ്റര്‍മാരുടെ പ്രകടനം വെള്ളത്തില്‍ വരച്ച വര പോലെ ആകും.
അതിന് ഉത്തമ ഉദാഹരണമായിരുന്നു ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ ആദ്യ മത്സരം. മൊഹാലി പോലുള്ള ഒരു പിച്ചില്‍ ഇന്ത്യ 208 റണ്‍സ് നേടിയിട്ടും അത് ഡിഫന്‍ഡ് ചെയ്ത് നിര്‍ത്താന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നില്ല.
മത്സരത്തില്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ നാല് ഓവറില്‍ 52 റണ്‍സാണ് വിട്ടുനല്‍കിയത്. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഭുവി ഡെത്ത് ഓവറുകളില്‍ വരെ എതിര്‍ ടീമിന് വേണ്ടി ഉദാരമതിയാവുകയാണ്.
ടി-20 ഫോര്‍മാറ്റില്‍ ഈ വര്‍ഷം മാത്രം ഭുവി 40+ റണ്‍സ് വഴങ്ങിയത് ഒന്നും രണ്ടും തവണയല്ല. 2022ല്‍ നാല് തവണയാണ് ഭുവനേശ്വര്‍ കുമാര്‍ ഒരു മത്സരത്തില്‍ മാത്രം നാല്‍പ്പതിലധികം റണ്‍സ് വിട്ടുനല്‍കിയത്.
ഈ മോശം റെക്കോഡിനേക്കാള്‍ മോശപ്പെട്ട റെക്കോഡാണ് ഹര്‍ഷല്‍ പട്ടേലിനുള്ളത്. കഴിഞ്ഞ മത്സരത്തില്‍ 49 റണ്‍സ് വഴങ്ങിയ ഹര്‍ഷല്‍ അഞ്ച് തവണ 2022ല്‍ 40+ റണ്‍സ് വഴങ്ങിയിട്ടുണ്ട്.
ഈ രണ്ട് പേരും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലെ അംഗങ്ങളാണ് എന്നതാണ് സാഡ് റിയാലിറ്റി.
ഭുവിക്കും ഹര്‍ഷലിനുമൊപ്പം ഇന്ത്യന്‍ യുവതാരം ആവേശ് ഖാനും സ്ഥാനം പിടിച്ചിട്ടുണ്ട്. ഭുവിയെ പോലെ നാല് തവണയാണ് ആവേശ് 40+ റണ്‍സ് വഴങ്ങിയത്. ഐ.പി.എല്ലില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഒരിക്കല്‍ പോലും ഇന്ത്യക്കായി പുറത്തെടുക്കാന്‍ ആവേശിനായിട്ടില്ല.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ സ്ഥാനം പിടിക്കാത്തത് കൊണ്ടുമാത്രമാണ് മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് ആവേശ് കുറവ് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
ലോകകപ്പില്‍ പേസ് ബൗളിങ്ങിനെ മുന്‍നിര്‍ത്തി ഇന്ത്യ ഒരു സ്ട്രാറ്റജി പണിതുയര്‍ത്തിയാല്‍ മാത്രമേ ഓസീസ് പിച്ചില്‍ ഇന്ത്യക്ക് രക്ഷയുണ്ടാകൂ. അല്ലാത്ത പക്ഷം സിഡ്‌നിയും കാന്‍ബെറയുമെല്ലാം കണ്ട് രോഹിത്തിനും കൂട്ടര്‍ക്കും ആദ്യ റൗണ്ട് കഴിയുമ്പോള്‍ തന്നെ തിരിച്ച് വിമാനം കയറാം.
Content Highlight: Poor performance of Indian pace bowlers