|

ആമിര്‍ഖാനും അടിതെറ്റിയോ; മോശം തുടക്കവുമായി ലാല്‍ സിങ് ചദ്ദ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആമിര്‍ഖാന്‍ നായകനായി എത്തിയ ലാല്‍ സിങ് ചദ്ദ തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ 1994 ല്‍ ടോം ഹാങ്ക്സ് പ്രധാനവേഷത്തില്‍ എത്തിയ അമേരിക്കന്‍ ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ അഡാപ്റ്റേഷനായിട്ടാണ് ഒരുങ്ങിയിരിക്കുന്നത്.

റിലീസ് ചെയ്ത് ആദ്യ ഷോകള്‍ കഴിയുമ്പോള്‍ തന്നെ മോശം അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഫോറസ്റ്റ് ഗമ്പ് ആരാധകര്‍ ഏറെ പ്രതീക്ഷ യോടെയാണ് ചിത്രം കാണാന്‍ കാത്തിരുന്നത് പ്രതീക്ഷകള്‍ എല്ലാം വിഫലമാക്കിയെന്നാണ് ചിത്രം ആദ്യ ഷോ കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യം ചിത്രത്തിനെ മോശമായി ബാധിച്ചുവെന്നും, ലഗാണെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചിത്രം ചേരുന്നില്ലെന്നും, അനാവശ്യമായിട്ടുള്ള റീമേക്ക് ആണെന്നും ചിത്രം കണ്ടവര്‍ പറയുന്നുണ്ട്.

ആമിര്‍ഖാന്റെ പ്രകടനവും നിരാശപ്പെടുത്തിയെന്നും, മുന്‍ ആമിര്‍ഖാന്‍ ചിത്രം പികെ യുടെ ആവര്‍ത്തനമെന്ന രീതിയിലാണ് ലാല്‍ സിങ് ചദ്ദയിലെ കഥാപാത്രത്തെ തോന്നിയതെന്നുമാണ് ചിത്രം കണ്ടവരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

അതേസമയം ബോളിവുഡ് ചിത്രങ്ങളുടെ തുടര്‍ പരാജയങ്ങളുടെ പട്ടികയിലേക്കാണ് ലാല്‍ സിങ് ചദ്ദയും നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ലഭിക്കുന്ന മോശം പ്രതികരണങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ വലിയ രീതിയില്‍ തന്നെ ബാധിക്കുമെന്നാണ് മൂവി അനലിസ്റ്റുകള്‍ പറയുന്നത്.

അതേസമയം ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന് തിയേറ്ററുകളിലും സോഷ്യല്‍ മീഡിയയിലും കയ്യടികള്‍ ലഭിക്കുന്നുണ്ട്. 2018ലാണ് ഫോറസ്റ്റ് ഗമ്പിന്റെ റീമേക്ക് അവകാശം ആമിര്‍ ഖാന്‍ സ്വന്തമാക്കിയത്.

തുല്‍ കുല്‍ക്കര്‍ണിയാണ് ലാല്‍ സിങ് ചദ്ദക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കരീന കപൂറാണ് നായികയായി എത്തുന്നത്. ത്രീ ഇഡിയറ്റ്‌സ് എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ആമിര്‍ ഖാന്‍-കരീന കപൂര്‍ ജോഡികള്‍ ഒരുമിസിച്ച ചിത്രം കൂടിയാണ് ലാല്‍ സിംഗ് ചദ്ദ. 2017ല്‍ ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സിന്റെ നിര്‍മാണത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്വൈത് ചന്ദ്രനാണ് ലാല്‍ സിംഗ് ചദ്ദയുടെയും സംവിധായകന്‍.

Content Highlight: Poor opening reports for Aamir khan’s Laal Singh Chaddha