ന്യൂദല്‍ഹി: മഴ കുറഞ്ഞതിനാല്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 6% ആയി കുറയുമെന്ന് ആസൂത്രണ കമ്മീഷന്റെ മുന്നറിയിപ്പ്. 2011-12 വര്‍ഷത്തില്‍ ജി.ഡി.പി നിരക്ക് ഒമ്പത് വര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കായി റെക്കോര്‍ഡിട്ടിരുന്നു. 6.5% ആയിരുന്നു ജി.ഡി.പി. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇനിയും കുറയാനാണ് സാധ്യതയെന്നും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ പറഞ്ഞു. []
കഠിനമായ വരള്‍ച്ചയാണ് രാജ്യം സമീപഭാവിയില്‍ നേരിടാന്‍ പോകുന്നതെന്ന് കഴിഞ്ഞദിവസം കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ അളവില്‍ 15% കുറവുണ്ടായതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയിലെ വളര്‍ച്ച കുറയുമെന്നും അലുവാലിയ അറിയിച്ചു.
രാജ്യത്തെ ദാരിദ്ര്യം 26% കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 2011-12 കാലയളവിലെ എന്‍.എസ്.എസ്.എ കണക്ക് പ്രകാരമാണിത്. 2000ത്തിലേതിനെ അപേക്ഷിച്ച് ദാരിദ്ര്യം കുറഞ്ഞിട്ടുണ്ട്. 2009-10 കാലയളവില്‍ പോവേട്ടി റേഷ്യോ 29.8% ആയിരുന്നു. ടെണ്ടുല്‍ക്കര്‍ കമ്മറ്റിയുടെ കണക്ക് പ്രകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.