മുന്‍നിര ബാറ്റര്‍മാരുടെ പരാജയം ഇന്ത്യയെ എത്രത്തോളം പ്രതിരോധത്തിലാഴ്ത്തി എന്നത് വിളിച്ചോതുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. ദക്ഷിണാഫ്രിക്ക – ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ചത് ശരിക്കും ഇന്ത്യ തന്നെയായിരുന്നു.
മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒമ്പത് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
മുന്‍നിര ബാറ്റര്‍മാര്‍ കാരണമാണ് ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നതെന്ന് നിസ്സംശയം പറയാം. കാരണം ആറാം ഓവര്‍ എറിയുമ്പോള്‍ പോലും ഇന്ത്യന്‍ സ്‌കോര്‍ പത്ത് കടന്നിരുന്നില്ല.
ക്യാപ്റ്റന്‍ ശിഖര്‍ ധവാനടക്കം മോശമാക്കിയതാണ് ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായത്. താരത്തിന്റെ മറ്റ് ഇന്നിങ്‌സുകളെന്ന പോലെ ഇന്ത്യന്‍ സ്‌കോറിങ്ങിന് പോസിറ്റീവ് ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ ഇന്നിങ്‌സ് ടീമിനെ നെഗറ്റീവായി ബാധിച്ചു എന്ന് പറഞ്ഞാലും തെറ്റാവില്ല.
16 പന്ത് നേരിട്ട് വെറും 25 സ്‌ട്രൈക്ക് റേറ്റില്‍ നാല് റണ്‍സ് മാത്രമാണ് താരം നേടിയത്. സഹ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ഏഴ് പന്തില്‍ നിന്ന് മൂന്നും ഋതുരാജ് ഗെയ്ക്വാദ് 42 പന്തില്‍ നിന്നും 19 റണ്‍സും നേടി പുറത്തായി.
2.4 ഓവറില്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ എട്ട് റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലായിരുന്നു. 5.1 ഓവറിലാണ് രണ്ടാം വിക്കറ്റായി ശിഖര്‍ ധവാന്‍ പുറത്താവുന്നത്. അപ്പോഴും ഇന്ത്യന്‍ സ്‌കോര്‍ എട്ടില്‍ തന്നെ ആയിരുന്നു. അതായത് അടുത്ത 15 പന്തില്‍ നിന്നും ഒറ്റ റണ്‍സ് പോലും നേടായിട്ടില്ല എന്ന് സാരം.
ഒരുപക്ഷേ ഇവരില്‍ ഒരാളെങ്കിലും അല്‍പം കൂടി ഉത്തരവാദിത്തത്തോടെ കളിച്ചിരുന്നുവെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു.
ഒരുപക്ഷേ, ഇവര്‍ കുറച്ചുനേരത്തെ പുറത്താവുകയാണെങ്കിലും ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമായിരുന്നു. മൂന്നോ നാലോ പന്ത് അധികം ലഭിച്ചിരുന്നുവെങ്കില്‍ മികച്ച ഫോമില്‍ നില്‍ക്കുന്ന സഞ്ജു ഉറപ്പായും ഇന്ത്യയെ വിജയിപ്പിക്കുമായിരുന്നു.
നേരത്തെ ടോസ് നേടിയ ഇന്ത്യ പ്രോട്ടീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ഇന്നിങ്സായിരുന്നു സൗത്ത് ആഫ്രിക്കന്‍ സ്‌കോറിന് അടിത്തറയായത്. 54 പന്തില്‍ നിന്നും 48 റണ്‍സായിരുന്നു ഡി കോക്ക് നേടിയത്. ഹെന്റിച്ച് ക്ലാസന്റെ ക്ലാസും ഡേവിഡ് മില്ലറിന്റെ മാസും ചേര്‍ന്നപ്പോള്‍ പ്രോട്ടീസ് സ്‌കോര്‍ ഉയര്‍ന്നു.
ക്ലാസന്‍ 65 പന്തില്‍ നിന്നും 74 റണ്‍സ് നേടിയപ്പോള്‍ മില്ലര്‍ 63 പന്തില്‍ നിന്നും 75 റണ്‍സും നേടി. ഒടുവില്‍ 40 ഓവറില്‍ 249 റണ്‍സായിരുന്നു പ്രോട്ടീസ് സ്വന്തമാക്കിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 240ന് എട്ട് എന്ന നിലയില്‍ കളിയവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി.
ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ 1-0ന് മുമ്പിലെത്താനും പ്രോട്ടീസിനായി.
ഒക്ടോബര്‍ ഒമ്പതിനാണ് പരമ്പരയിലെ അടുത്ത മത്സരം. റാഞ്ചിയാണ് വേദി.
Content Highlight: Poor innings by Shikhar Dhawan, Rituraj Gaekwad and Shubman Gill, India vs South Africa ODI Series