സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുമ്പോഴാണ് യഥാര്‍ത്ഥ നായകന്‍മാര്‍ ഉണ്ടാകുന്നത്. നായകന്‍ തന്നെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന ഒരു ക്രിക്കറ്റ് ടീമിനെ ചിന്തിക്കാനാവുന്നുണ്ടോ?
ഡു ഓര്‍ ഡൈ മാച്ചിന് ഇറങ്ങുന്ന ദല്‍ഹി ക്യാപിറ്റല്‍സിന്റെ നായകന്‍ റിഷബ് പന്ത് എടുക്കുന്ന തീരുമാനങ്ങള്‍ ഒന്നായി പിഴക്കുന്ന കാഴ്ചയ്ക്കാണ് കഴിഞ്ഞ മത്സരത്തില്‍ വാംഖഡെ സാക്ഷ്യം വഹിച്ചത്.
കീപ്പിംഗ് ഗ്ലൗസില്‍ നിന്നും ഒരു ഈസി ക്യാച്ച് ചോര്‍ന്നു പോകുന്നതും ആദ്യ പന്തില്‍ തന്നെ പുറത്തായ ടിം ഡേവിഡിനെതിരെ റിവ്യൂ എടുക്കാന്‍ സര്‍ഫ്രാസ് നിര്‍ബന്ധിക്കുമ്പോഴും റിവ്യൂ എടുക്കാന്‍ തയാറാവാതെ പോകുന്നതും ലൈനില്‍ നിന്നും ഒരുപാട് അകലെ പിച്ച് ചെയ്യുന്നൊരു എല്‍.ബി.ഡബ്ല്യൂ അപ്പീലില്‍ റിവ്യൂ നല്‍കുന്നതുമൊക്കെ പക്വതയുള്ള നായകനിലേക്ക് തനിക്കേറെ ദൂരമുണ്ടെന്ന് പന്ത് പറയാതെ പറയുന്നുണ്ട്.
പരാജയപ്പെട്ട തീരുമാനങ്ങളും ടീമുമായി ദല്‍ഹി ടൂര്‍ണമെന്റിന് പുറത്തേക്ക് നടക്കുന്നു. റിഷബ് വിമര്‍ശനങ്ങളുടെ കൂരമ്പുകളിലേക്കും.
ചില ദിവസങ്ങള്‍ അങ്ങനെയാണ് തൊട്ടതെല്ലാം പിഴച്ചു പോകും. എങ്കിലും മനസിടറാതെ നാം മുന്നോട്ട് തന്നെ നടക്കണം.
നിങ്ങള്‍ക്ക് ഒരുപാട് ദൂരങ്ങള്‍ താണ്ടാനുണ്ട് പ്രിയ റിഷബ്. ആ ദൂരം താണ്ടുന്നതിന് കരുത്തു പകരാന്‍ നിങ്ങളുടെ ഡഗ് ഔട്ടിലൊരു അതികായനിരിപ്പുണ്ട്, റിക്കി പോണ്ടിംഗ് എന്നാണയാളുടെ പേര്.
അയാള്‍ എത്രയോ പരാജയങ്ങളെ നേരിട്ടിരിക്കുന്നു, അതിലേറെ വിജയിച്ചിരിക്കുന്നു. ജീവിതം അങ്ങനെയാണ്, ജയപരാജയങ്ങളുടെ ആകെ തുക.
അമല്‍ ഓച്ചിറ
Content Highlight: Poor captaincy of Rishabh Pant in Delhi Capitals-Mumbai Indians match