തിരുവനന്തപുരം: സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്ന തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരം. പൂന്തുറയില്‍ നിന്ന് പുറത്തേക്ക് പോയവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്തല്‍ അതീവ ദുഷ്‌കരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിയില്‍ നിന്നെത്തിച്ച മത്സ്യം വില്‍പനയ്ക്കായി കൊണ്ടു പോയവരിലൂടെ രോഗവ്യാപനമുണ്ടായോ എന്നും ആശങ്കയുണ്ട്.
നിലവില്‍ കര്‍ശനമായ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണ് നടപ്പാക്കുന്നത്. രോഗവ്യാപനം വര്‍ധിച്ചാല്‍ ലോക്ക് ഡൗണ്‍ നീളാനും സാധ്യതയുണ്ട്.
പൂന്തുറയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 12 പേര്‍ മത്സ്യ തൊഴിലാളികളും വില്‍പനക്കാരുമാണ്. പൂന്തുറ മത്സ്യമാര്‍ക്കറ്റില്‍ നിരവധി പേര്‍ മത്സ്യം വാങ്ങാന്‍ എത്തിയിട്ടുണ്ട്.
മത്സ്യ വില്‍പനയ്ക്കായി നിരവധി പേര്‍ പുറത്തു പോയത് മറ്റു ജില്ലകളിലും രോഗവ്യാപനത്തിന്റെ സാധ്യത കൂട്ടും.
പൂന്തുറയില്‍ സൂപ്പര്‍ സ്പ്രെഡ് സംഭവിച്ച് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൂന്തുറയില്‍ സെന്റിനല്‍ സര്‍വൈലന്‍സ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ആന്റിജന്‍ പരിശോധനയും വ്യാപകമാക്കും. രോഗവ്യാപനത്തിന്റെ ഭൂമിശാസ്ത്രപരമായ മാപ്പിങും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രദേശത്ത് കോണ്ടാക്ട് ട്രേസിങ് വിപുലമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണില്‍ എല്ലാവരെയും ക്വാറന്റീന്‍ ചെയ്യുമെന്നും അനാവശ്യ സഞ്ചാരം ഒഴിവാക്കാന്‍ പൊലീസ് ഇടപെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.