| Saturday, 11th July 2020, 12:20 pm

പൂന്തുറയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്വിക്ക് റെസ്‌പോണ്‍സ് ടീം; അതി ജാഗ്രതയോടെ മുന്നോട്ടെന്ന് കളക്ടര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂന്തുറയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്വിക്ക് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കിയെന്ന് ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസ. റവന്യു-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ചാണ് ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

ടീം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഈ ടീം നിരീക്ഷിക്കും. തഹസില്‍ദാറിനും ഇന്‍സിഡന്റ് കമാന്‍ഡര്‍ക്കും കീഴിലാകും ടീമിന്റെ പ്രവര്‍ത്തനമെന്നും കളക്ടര്‍ അറിയിച്ചു.

പോലീസ്, ആരോഗ്യ വകുപ്പ് എന്നിവയില്‍നിന്നുമുള്ള ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ടീമിനൊപ്പം ഉണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ആവശ്യമായ ജീവനക്കാരെയും ആംബുലന്‍സ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

പ്രദേശത്തുള്ള ആശുപത്രികള്‍ ചികിത്സ നിഷേധിക്കാന്‍ പാടില്ല. കോവിഡ് ലക്ഷണമുള്ള രോഗികളെത്തിയാല്‍ നിര്‍ബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാക്കണം.

മൊബൈല്‍ മാവേലി സ്റ്റോര്‍, മൊബൈല്‍ എ.ടി.എം. എന്നിവ രാവിലെ പത്തു മണി മുതല്‍ അഞ്ചു വരെ ഈ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.

പൂന്തുറയില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more