പൂക്കാതെ പൂമരം
Film Review
പൂക്കാതെ പൂമരം
മുകേഷ് കുമാര്‍
Friday, 16th March 2018, 10:26 am

മലയാളി യുവതയുടെ സാംസ്‌കാരികോത്സവം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സര്‍വ്വകലാശാല യുവജനോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് പ്രശസ്ത കലാലയങ്ങള്‍ ചാമ്പ്യന്‍ഷിപ്പിന് വേണ്ടി നടത്തുന്ന മുന്നൊരുക്കങ്ങളും മത്സരങ്ങളും പ്രമേയമാക്കുന്ന ചിത്രമാണ് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത “പൂമരം”. ഒരു വര്‍ഷത്തിന് മുന്നേ പുറത്തിറക്കിയ “ഞാനും ഞാനുമെന്റാളും” എന്ന ഗാനം സൃഷ്ടിച്ച ഓളം സിനിമയുടെ റിലീസില്‍ നേരിട്ട കാലതാമസം കൊണ്ട് ഒന്ന് കുറഞ്ഞു പോയെങ്കിലും ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന ആദ്യ മലയാള ചിത്രം എന്ന നിലയിലും തുടര്‍ച്ചയായി രണ്ട് ഹിറ്റ് സിനിമകള്‍ നല്കിയ സംവിധായകന്റെ അടുത്ത ചിത്രം എന്ന രീതിയിലും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഈ സിനിമയ്ക്ക് ഒരു പ്രതീക്ഷ നിലനിന്നിരുന്നു.

ഇടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ചെങ്കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന എറണാകുളം മഹാരാജാസ് കോളേജിന്റെ ചരിത്രം പ്രതിപാദിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. തലമുറകളുടെ ചിന്തകള്‍ക്ക് അഗ്‌നി പകര്‍ന്ന ആ കാലഘട്ടത്തിന്റെ ഓര്‍മ്മ തീര്‍ച്ചയായും ആവേശം കൊള്ളിക്കുന്നുണ്ട്.

അതിന് സമാന്തരമായി സെന്റ് ട്രീസാ എന്ന ലേഡീസ് കോളേജിന്റെ കാഴ്ചകളുമുണ്ട് (എറണാകുളം സെന്റ് തെരേസാസിനെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തം). അഞ്ച് തവണ തുടര്‍ച്ചയായി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ സെന്റ് ട്രീസാ ആ പട്ടം നിലനിര്‍ത്താനും മഹാരാജാസാകട്ടെ ഒരു ഇടവേളയ്ക്ക് ശേഷം അത് തിരികെ തങ്ങളുടെ ക്യാമ്പസില്‍ എത്തിക്കാനും ഉറപ്പിച്ച് തയ്യാറെടുപ്പുകള്‍ നടത്തുന്ന ആദ്യ രംഗങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ ഏതാണ്ട് പൂര്‍ണ്ണമായും യുവജനോത്സവ നഗരിയിലും വേദികളിലുമാണ് സിനിമ നിലയുറപ്പിച്ചിരിക്കുന്നത്.

 

യുവജനോത്സവം നടക്കുന്ന സ്ഥലത്ത് candid camera ചിത്രീകരണം നടത്തിയ പ്രതീതിയാണ് ഭൂരിഭാഗം രംഗങ്ങളും പ്രദാനം ചെയ്യുന്നത്. ഒരു ഘട്ടത്തിനപ്പുറം ഈ “റിയലിസം” ചെടിപ്പുളവാക്കുന്നുണ്ടെന്നത് പറയാതെ വയ്യ. യുവജനോത്സവ മത്സരങ്ങളുടെ ഒരു അമച്വര്‍ വീഡിയോ എന്ന തലത്തിലേക്ക് പൊടുന്നനെ വീണു പോകുന്ന സിനിമ അവിടെ നിന്ന് അല്പമെങ്കിലും ഉയര്‍ച്ച പ്രാപിക്കുന്നത് ക്ലൈമാക്‌സിനോടടുത്ത രംഗങ്ങളിലാണ്.

സിനിമയുടെ സമഗ്രതയ്ക്ക് ഏതെങ്കിലും തരത്തില്‍ സംഭാവന നല്കാത്ത ഒരു രംഗവും ഉണ്ടാകാന്‍ പാടില്ല എന്ന സിനിമാ പാഠം പ്രാവര്‍ത്തികമാക്കിയാല്‍ ഈ സിനിമയിലെ ഒട്ടേറെ രംഗങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരും. ഇടയ്ക്ക് ആക്ഷന്‍ ഹീറോ ബിജുവിന്റെ ഭൂതാവേശം പ്രകടിപ്പിക്കുന്ന രംഗങ്ങളും കടന്നു വരുണ്ട്. സിനിമയുടെ ദൈര്‍ഘ്യത്തിനു വേണ്ടിയുള്ള “ഫില്ലര്‍” ആണോ ആ രംഗങ്ങള്‍ എന്നു പോലും സംശയം തോന്നിപ്പോകും.

ഇതിനിടയില്‍ കലാലയ ജീവിതത്തിലെ സൗഹൃദങ്ങളുടെ ഊഷ്മളതയും പറയാതെ പോകുന്ന പ്രണയത്തിന്റെ ആര്‍ദ്രതയുമൊക്കെ നല്ല രീതിയില്‍ പറഞ്ഞു പോകുന്നുമുണ്ട്. യുവജനോത്സവ വേദികളിലെ മത്സരബുദ്ധിയും വിധി പറച്ചിലിലെ അന്തര്‍നാടകങ്ങളെയുമൊക്കെ ഉപരിതലത്തില്‍ സ്പര്‍ശിച്ചു പോകുന്ന സിനിമ നൃത്താദ്ധ്യാപകരെ മൊത്തം കോമാളികളായി സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം എന്താണാവോ? മത്സരങ്ങള്‍ക്കും ട്രോഫികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമപ്പുറം ജാതി, മത, ലിംഗ ഭേദങ്ങളില്ലാതെ വിദ്യാര്‍ത്ഥി സമൂഹം ഒറ്റക്കെട്ടാവണം എന്ന പ്രസക്തമായ സന്ദേശം ചിത്രം മുന്നോട്ടു വയ്ക്കുന്നുണ്ടെങ്കിലും അത് താമരയിലയിലെ ജലകണം പോലെ വേറിട്ട് നില്ക്കുന്ന കാരണം പ്രേക്ഷകന്റെ ഉള്ളിലേക്കിറങ്ങുന്നില്ല.

 

വികാര തീവ്രത ആവശ്യപ്പെടുന്ന വേഷമല്ലെങ്കിലും കാളിദാസ് തന്റെ റോള്‍ ഭംഗിയാക്കി. തുടക്കത്തില്‍ പണ്ഡിറ്റ് കറുപ്പനെക്കുറിച്ച് പറയുന്ന രംഗത്തില്‍ ഭാവത്തിലും ശബ്ദത്തിലും കൊണ്ടു വരുന്ന വേരിയേഷന്‍സ് മികച്ചതായി അനുഭവപ്പെട്ടു. ജോജു തന്റെ രമാലീ റോള്‍ ശ്രദ്ധേയമായി അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളായി വേഷമിട്ടവരെല്ലാം തന്നെ അഭിനയിക്കുകയാണെന്ന തോന്നല്‍ ഉളവാക്കാതെ സ്വാഭാവിക പ്രകടനം കാഴ്ച വച്ചു. കാളിദാസിന്റെ അച്ഛനായി വേഷമിട്ട വ്യക്തിയുടെ സംഭാഷണ രീതിയില്‍ എന്തോ ഏച്ചുകെട്ടല്‍ അനുഭവപ്പെട്ടു. ഗാനങ്ങളും കവിതകളും കൊണ്ട് സമ്പുഷ്ടമാണ് പൂമരം. അവയില്‍ ചിലത് സിനിമയുടെ പ്രതിപാദ്യ വിഷയവുമായി ഇഴുകിച്ചേര്‍ന്ന് നില്ക്കുകയും മറ്റ് ചിലത് അനവസരത്തില്‍ കുത്തിത്തിരുകിയ പോലെ തോന്നിപ്പിക്കുകയും ചെയ്തു.

കലാലയങ്ങളെന്നാല്‍ പഠിപ്പിക്കുന്ന അദ്ധ്യാപികയുടെ വയറ് നോക്കി വെള്ളമിറക്കുന്ന വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ കമ്പ്യൂട്ടറില്‍ പോണ്‍ കാണുന്ന അദ്ധ്യാപകന്മാരും കള്ള്/കഞ്ചാവ്/ഗുണ്ടായിസം എന്നിവയുടെ ഹോള്‍സെയില്‍ ഡീലര്‍മാരുമൊക്കെയുള്ള വിചിത്ര പ്രദേശമാണെന്ന് പറഞ്ഞു വയ്ക്കുന്ന നവ ക്യാമ്പസ് സിനിമകളുടെ കെട്ട കാഴ്ചകള്‍ക്ക് മദ്ധ്യേ വിദ്യാര്‍ത്ഥി, അദ്ധ്യാപക സമൂഹങ്ങളുടെ നേര്‍ച്ചിത്രം തുറന്നു വയ്ക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് കൊണ്ട് തന്നെ ഒരു കാഴ്ച അര്‍ഹിക്കുന്ന സിനിമയാണ് പൂമരം.

 

പക്ഷേ റിയലിസത്തില്‍ നിന്നും അള്‍ട്രാ റിയലിസത്തിലേക്ക് സിനിമയുടെ ഭാഷ സഞ്ചരിക്കുന്നതിന്റെ ന്യൂനതകള്‍ ഈ സിനിമയില്‍ പ്രകടമാണ്. ഒരു ഡോക്യുമെന്ററി സ്വഭാവം പ്രകടിപ്പിക്കുന്ന പൂമരത്തിന് (അങ്ങനെയൊരു ട്രീറ്റ്‌മെന്റ് ആവശ്യപ്പെടാത്ത സബ്ജക്റ്റാകുമ്പോള്‍ പ്രത്യേകിച്ചും) സിനിമ എന്ന കലയുടെ സമഗ്രത കണക്കിലെടുത്താല്‍ എബ്രിഡ് ഷൈന്റെ ഇതു വരെയുള്ള സിനിമകളില്‍ ഏറ്റവും താഴെയായിരിക്കും സ്ഥാനം.

വിവാഹിതര്‍ക്ക് പഴയ കല്യാണ വീഡിയോ കാണുമ്പോഴുള്ള ഉള്‍പ്പുളകം യുവജനോത്സവ വേദികളില്‍ മാറ്റുരച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ നല്കിയേക്കാം.

മത്സരാര്‍ത്ഥികളെ മോട്ടിവേറ്റ് ചെയ്യുന്ന ചിലയിടങ്ങളില്‍ പ്ലാസ്റ്റിക് സ്വഭാവത്തിലേക്ക് വഴുതിപ്പോയെങ്കിലും കോളേജ് ചെയര്‍പെഴ്‌സണ്‍ ഐറിന്‍ ആയി വേഷമിട്ട പെണ്‍കുട്ടി തന്റെ ഭാഗം നന്നായിത്തന്നെ ചെയ്തുവെന്നു പറയാം.