“രണ്ട് പെണ്‍കുട്ടികള്‍ ഗോവയ്ക്ക് പോയിരിക്കുന്നു” വയനാട് വെറ്റിനറി കോളെജ് അധികൃതര്‍ “ഗുരുതര അച്ചടക്ക” ലംഘനമായി കാണുന്ന സംഭവമാണിത്. കോളെജിലെ ആണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്രകാരം എങ്ങോട്ടും യാത്ര പോകാമെന്നിരിക്കെയാണ് പെണ്‍കുട്ടികളുടെ യാത്ര പ്രശ്‌നമാകുന്നതെന്നാണ് ആരോപണം.
കഴിഞ്ഞ ദിവസമാണ് വയനാട് വെറ്റിനറി കോളെജിലെ രണ്ട് പെണ്‍കുട്ടികള്‍ കോളെജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ വിനോദയാത്രയുടെ അവസാന ദിവസത്തില്‍ കൂടെ ചേരുന്നതിനായി ഗോവയിലേക്ക് പോയത്. തുടര്‍ന്ന് യാത്ര സംഘത്തിനൊപ്പമുള്ള അധ്യാപകന്‍ ഇവരെ കാണുകയും തിരികെ പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ കോളെജില്‍ തിരികെ എത്തിയ പെണ്‍കുട്ടികള്‍ക്ക് എതിരെ നിരവധി കഥകളും ആരോപണങ്ങളുമാണ് അധികൃതര്‍ തന്നെ ആരോപിച്ചത്.
തുടര്‍ന്ന് കോളെജില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ വെയ്ക്കുകയും വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെ വിളിച്ചറിയിക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കല്‍ പോലും ആരോപണ വിധേയരായ പെണ്‍കുട്ടികളോട് വിശദീകരണം തേടാന്‍ കോളെജ് അധികൃതരോ ഹോസ്റ്റല്‍ വാര്‍ഡനോ തയ്യാറായിരുന്നില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.
സംഭവത്തെ കുറിച്ച് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത് ഇങ്ങനെയാണ്. എല്ലാ വര്‍ഷവും ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥികളുടെ ടൂറിന്റെ അവസാന ദിവസം കോളെജില്‍ നിന്ന് ജൂനിയര്‍ ആണ്‍കുട്ടികള്‍ പോകാറുണ്ട്. ഈ വര്‍ഷം ഞങ്ങളുടെ ബാച്ചിലുള്ളവരും പോകാം എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തില്‍ ആലപ്പുഴയിലെ ഒരു കല്ല്യാണത്തിന് മറ്റുള്ളവര്‍ പോയി. അലപ്പുഴയിലേക്ക് തന്നെ പോകാം എന്ന് ഞങ്ങളും കരുതിയിരുന്നെങ്കിലും അവസാന നിമിഷം ഗോവയില്‍ പോകാം എന്ന് തീരൂമാനിക്കുകയായിരുന്നു. എന്നാല്‍ മൂവ്‌മെന്റെ രജിസ്റ്ററില്‍ ആലപ്പുഴ എന്നായിരുന്നു എഴുതിയത്. തുടര്‍ന്ന് സുഹൃത്തുക്കളോട് പറഞ്ഞ് അത് തിരുത്തുകയും ചെയ്തിരുന്നു. കോഴിക്കോട്ടെത്തിയപ്പോഴാണ് സീനിയര്‍ സുഹൃത്തുക്കള്‍ ഗോവയിലെത്തി എന്നറിയിച്ചു വിളിച്ചത്. അങ്ങനെയാണ് പദ്ധതി മാറ്റി ഗോവയ്ക്കു പോയത്. അവിടെയെത്തിയപ്പോള്‍ ടൂര്‍ സംഘത്തോടൊപ്പമുണ്ടായിരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ ഞങ്ങളെ കണ്ടു. ടൂറിന്റെ ചുമതലയുള്ള സാറാണ്. ആ സാറാണ് ഹോസ്റ്റലില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് പറയുന്നത്.
ഹോസ്റ്റലിന്റെ അസിസ്റ്റന്റ് വാര്‍ഡന്‍ തങ്ങളോട് കാര്യങ്ങള്‍ തിരക്കുകയല്ല ചെയ്തതെന്നും, ജനറല്‍ ബോഡി മീറ്റിംഗ് വിളിച്ച് കുട്ടികളോട് സംസാരിക്കാന്‍ ലജ്ജയുണ്ടെന്നും, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഞങ്ങള്‍ അവിടെ ചെയ്തുകൂട്ടിയതെന്നും പറയുകയായിരുന്നെന്നും വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു, “ഫെമിനിസം പറയുന്ന അവരുടെ പോസ്റ്റുകള്‍ കാണാറുണ്ടെന്നും” “ഫേസ്ബുക്കിലും വാട്‌സ്ആപ്പിലുമെല്ലാം ഈ പെണ്‍കുട്ടികള്‍ പടച്ചുവിടുന്നത് തങ്ങള്‍ കാണുന്നുണ്ട്” എന്നും പറഞ്ഞെന്നും വിദ്യാര്‍ത്ഥിനി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
തങ്ങളെ ഹോസ്റ്റലില്‍ കയറ്റില്ലെന്നും വാര്‍ഡന്‍ പറഞ്ഞിരുന്നെന്നും എന്നാല്‍ ഇതെല്ലാം തിരികെ വന്ന ശേഷം സുഹൃത്തുക്കള്‍ പറഞ്ഞാണ് തങ്ങള്‍ അറിഞ്ഞതെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. തിരികെ ഹോസ്റ്റലില്‍ എത്തിയ തങ്ങളെ കുറിച്ച് വളരെ മോശമായ രീതിയിലാണ് കഥകള്‍ ഇറങ്ങിയതെന്നും വിദ്യാര്‍ത്ഥി പറയുന്നു. തങ്ങളോട് ചോദിക്കുകപോലും ചെയ്യാതെ രക്ഷിതാക്കളെ വിളിക്കുകയായുരുന്നു. നിലവില്‍ വീട്ടുകാരെ ഉപയോഗിച്ച് ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ നടത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ജന്റര്‍ഡിസ്‌ക്രിമിനേഷന്‍ ഇല്ലെന്നും മൂവ്‌മെന്റ് രജിസ്റ്ററില്‍ സ്ഥലം എഴുതാത്തതാണ് പ്രശ്‌നമെന്നുമാണ് കോളെജ് ഡീന്‍ ഡോ കോശി ജോണ്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണകമ്മീഷനെ എല്‍പ്പിച്ചിരിക്കുകയാണെന്നും 16ന് പി.ടി.എ വിളിച്ചിട്ടുണ്ടെന്നും ഡീന്‍ പറഞ്ഞു. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പുകള്‍ പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും ഇല്ലെങ്കില്‍ കോഴ്‌സ് തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്ന് രക്ഷിതാക്കളെ വിളിച്ചറിയിച്ചതായും വിദ്യാര്‍ത്ഥിനികളിലൊരാള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
സംഭവത്തെ കുറിച്ച് അസിസ്റ്റന്റ് ഹോസ്റ്റല്‍ വാര്‍ഡനായ ലീബയോട് പ്രതികരണമാരാഞ്ഞിരുന്നെങ്കിലും യൂണിവേഴ്സിറ്റി രജിസ്റ്റാറോട് കാര്യങ്ങള്‍ തിരക്കാനായിരുന്നു പറഞ്ഞത്. തുടര്‍ന്ന് രജിസ്റ്റാറെ ബന്ധപ്പെട്ടെങ്കിലും കോളെജിന് അകത്തുള്ള ഒരു പ്രശ്‌നമാണിതെന്നും ഡീനാണ് പ്രതികരിണ്ടേതെന്നും ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
DoolNews Video