| Friday, 14th August 2020, 4:32 pm

143 പേര്‍ക്ക് നടത്തിയ ആന്റിജന്‍ ടെസ്റ്റില്‍ 63 പേര്‍ക്കും രോഗം; നൂറിലധികം തടവുകാര്‍ക്ക് കൊവിഡ്: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആശങ്കയേറുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 63 തടവുകാര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.143 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളായി 100 ഓളം തടവുകാര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആന്റിജന്‍ ടെസ്റ്റിലാണ് തടവുകാരില്‍ പലര്‍ക്കും രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. അതേസമയം സ്പെഷ്യല്‍ സബ് ജയിലിലെ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശോധന നടത്തുന്നുണ്ട്. ഈ പരിശോധനാ ഫലങ്ങള്‍ വൈകുന്നേരത്തോടെ ലഭ്യമാകും. രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ജയില്‍ പൂര്‍ണ്ണമായി അടച്ചിട്ട നിലയിലാണ്.

അതേസമയം തടവുകാര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതകളൊന്നുമില്ല. ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൂന്ന് ദിവസത്തിനകം ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് തുറക്കുമെന്ന് ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചു. 970 തടവുകാരാണ് ജയിലിലുള്ളത്.

കൊവിഡ് പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. അതേസമയം പോസിറ്റീവായ പലര്‍ക്കും രോഗലക്ഷണങ്ങളില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: poojapura central jail inmates tests covid positive

We use cookies to give you the best possible experience. Learn more