തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജയിലില്‍ 53 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 50 തടവുകാര്‍ക്കും രണ്ട് ജയില്‍ ജീവനക്കാര്‍ക്കും ജയില്‍ ഡോക്ടര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്്ഥിരീകരിച്ചത്. ഇതോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ മാത്രം 218 പേര്‍ക്ക് കൊവിഡ് ബാധിച്ചു.
ഇവിടെ ഇന്നലെ 63 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 50 തടവുകാര്‍ക്ക് കൂടി ഇന്ന് പോസിറ്റീവായതോടെ രോഗം ബാധിച്ച തടവുകാരുടെ എണ്ണം 200 കടന്നു.
ഇന്നലെ 143 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 63 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സ്‌പെഷ്യല്‍ സബ് ജയിലിലെ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തടവുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും പരിശോധന നടത്തുകയായിരുന്നു.
രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി ജയില്‍ പൂര്‍ണ്ണമായി അടച്ചിട്ട നിലയിലാണ്.
970 തടവുകാരാണ് ജയിലിലുള്ളത്. കൊവിഡ് പോസിറ്റീവായവരെ ജയിലിലെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. അതേസമയം പോസിറ്റീവായ പലര്‍ക്കും രോഗലക്ഷണങ്ങളില്ല.
അതേസമയം തടവുകാര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തതകളൊന്നുമില്ല. ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.
അതിനിടെ തിരുവനന്തപുരത്തെ ജയില്‍ ഹെഡ് ക്വട്ടേഴ്‌സില്‍ ശുചീകരണത്തിനെത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ക്വാര്‍ട്ടേഴ്‌സ് മൂന്ന് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്.
സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തുറക്കുമെന്ന് ഡി.ജി.പി ഋഷിരാജ് സിങ് അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: poojapura central jail inmates tests covid positive