വെറും ഒരു വിക്കറ്റ് കൊണ്ടെത്തിച്ചത് തകര്‍പ്പന്‍ നേട്ടത്തില്‍; വിമണ്‍സ് ടി-20 ലോകകപ്പില്‍ ഓസീസിനെ തകര്‍ക്കാന്‍ ഇന്ത്യ
Sports News
വെറും ഒരു വിക്കറ്റ് കൊണ്ടെത്തിച്ചത് തകര്‍പ്പന്‍ നേട്ടത്തില്‍; വിമണ്‍സ് ടി-20 ലോകകപ്പില്‍ ഓസീസിനെ തകര്‍ക്കാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th October 2024, 9:37 pm

2024 വിമണ്‍സ് ടി-20 ലോകകപ്പില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് ആണ് ഓസ്‌ട്രേലിയക്ക് നേടാന്‍ സാധിച്ചത്.

കങ്കാരുപടയ്ക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത് ഓപ്പണര്‍ ഗ്രേസ് ഹാരിസ് ആണ്. അഞ്ച് ഫോര്‍ ഉള്‍പ്പെടെ 40 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ തഹ്‌ലിയ മഗ്രാത് നാല് ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സും എല്ലിസ് പെരി രണ്ട് ഫോര്‍ ഉള്‍പ്പെടെ 32 റണ്‍സും ടീമിനുവേണ്ടി നേടി. മറ്റാര്‍ക്കും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

ഇന്ത്യന്‍ ബൗളിങ് നിരയില്‍ രേണുക സിങ്ങും ദീപ്തി ശര്‍മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവര്‍ക്കും പുറമേ ശ്രേയങ്ക പാട്ടില്‍, പൂജ വസ്ത്രാക്കര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മത്സരത്തില്‍ സബ്സ്റ്റിറ്റിയൂഷനില്‍ ഇറങ്ങിയ മലയാളി താരം സജന സജീവനാണ് എല്ലിസ് പെരിയുടെ ക്യാച്ച് നേടിയത്. മികച്ച ഫോമില്‍ തുടര്‍ന്ന് താരത്തിന്റെ വിക്കറ്റ് ഡീപ് മിഡ് വിക്കറ്റില്‍ നിന്നാണ് സജന കൈപിടിയില്‍ ഒതുക്കിയത്.

മത്സരത്തില്‍ പൂജ മൂന്ന് ഓവര്‍ എറിഞ്ഞ് 22 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. ഇതിനുപുറമേ ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കാന്‍ പൂജയ്ക്ക് സാധിച്ചിരിക്കുകയാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കരിയറില്‍ 100 വിക്കറ്റുകള്‍ നേടാനാണ് പൂജയ്ക്ക് സാധിച്ചത്.

മത്സരത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഷഫാലി വര്‍മയും സ്മൃതി മന്ദയുമാണ് ഇന്ത്യക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത്.

 

Content highlight: Pooja Vastrakar In Record Achievement In International Cricket