ന്യൂദല്‍ഹി: 2024ല്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ വനിതകളുടെ ബി.ബി.സി പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. ഗുസ്തി താരമായ വിനേഷ് ഫോഗട്ട്, സാമൂഹിക പ്രവര്‍ത്തകയായ അരുണ റോയ്, ശവസംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്ന പൂജ ശര്‍മ എന്നിവരാണ് ബി.ബി.സി പട്ടികയില്‍ ഇടം പിടിച്ചത്.
അവകാശികളിലാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം നടത്തി ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് പൂജ ശര്‍മ. ബ്രൈറ്റ് ദി സോള്‍ ഫൗണ്ടേഷന്റെ സ്ഥാപക കൂടിയാണ് പൂജ.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 4,000ലധികം ശവസംസ്‌കാര ചടങ്ങുകള്‍ പൂജ നടത്തിയിട്ടുണ്ട്. ഇതില്‍ വിവിധ മതസ്ഥരും ഉള്‍പ്പെടുന്നു. സഹോദരന്റെ മരണശേഷമാണ് പൂജ ഈ ദൗത്യം ആരംഭിച്ചത്.
പൂജ ശര്‍മ
ഹിന്ദു സമുദായത്തില്‍ സാധാരണയായി പുരുഷന്മാരാണ് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനെ പൊളിച്ചെഴുതിയാണ് പൂജ ഒട്ടനവധി മനുഷ്യരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
വിനേഷ് ഫോഗട്ട്
മൂന്ന് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് താരമാണ് വിനേഷ് ഫോഗട്ട്. ലോക ചാമ്പ്യന്‍ഷിപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവയിലും മെഡലുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2024 പാരിസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ വിനേഷ് ഭാരപരിശോധനയില്‍ ആയോഗ്യയാക്കപ്പെടുകയായിരുന്നു.ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ഇന്ത്യയുടെ ആദ്യ വനിതാ താരം കൂടിയായിരുന്നു വിനേഷ് ഫോഗട്ട്.
വിനേഷ് ഫോഗട്ട്
ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്ത മുന്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി നേതാവുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ സമരത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് വിനേഷ്. ഇന്ത്യയില്‍ സ്‌പോര്‍ട്‌സ് താരങ്ങള്‍ നടത്തിയതില്‍ വെച്ച് ഏറ്റവും ശക്തമായ പ്രതിഷേധമായിരുന്നു ഗുസ്തി താരങ്ങളുടേത്.
ഒളിമ്പിക്‌സില്‍ അയോഗ്യക്കപ്പെട്ടതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച വിനേഷ്, കോണ്‍ഗ്രസില്‍ ചേരുകയും ഹരിയാനയില്‍ നിന്നുള്ള എം.പിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
അരുണ റോയ്
ഇന്ത്യയിലെ ദരിദ്രരായ ഗ്രാമീണരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന വ്യക്തിയാണ് അരുണ റോയ്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ കൂടിയാണ് അരുണ.
മസ്ദൂര്‍ കിസാന്‍ ശക്തി സംഘടനയുടെ സ്ഥാപകയാണ് അരുണ റോയ്. ന്യായമായ വേതനം, സുതാര്യത എന്നിവയ്ക്ക് വേണ്ടി പോരാടുന്ന സംഘടനയാണ് ഇത്.
അരുണ റോയ്
2005ല്‍ ഇന്ത്യന്‍ വിവരാവകാശ നിയമം നടപ്പിലാക്കുന്നതിലും അരുണ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ അധ്യക്ഷ സ്ഥാനം വഹിക്കുന്നതും അരുണയാണ്.
ഇവര്‍ക്ക് പുറമെ ബലാത്സംഗത്തെ അതിജീവിച്ച ജിസേലെ പെലിക്കോട്ട്, ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്, ഹോളിവുഡ് അഭിനേത്രി ഷാരോണ്‍ സ്റ്റോണ്‍, സമാധാന നൊബേല്‍ ജേതാവായ നാദിയ മുറാദ്, കാലാവസ്ഥാ പ്രവര്‍ത്തക അഡെനികെ ഒലഡോസു എന്നിവരും പട്ടികയിലുണ്ട്.
Content Highlight: Pooja Sharma, Vinesh Phogat, Aruna Roy; These are among the inspiring women of the BBC on 2024