തൃശൂര്‍ ഡ്രാമ സ്‌കൂളിലും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആക്ടിങ് സ്‌കൂളിലും അഭിനയത്തില്‍ ഉപരിപഠനം നടത്തി നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് പൂജ മോഹന്‍രാജ്. മമ്മൂട്ടിയുടെ കാതലില്‍ തങ്കന്റെ സഹോദരിയുടെ കഥാപാത്രമായും ജോജു ജോര്‍ജ് നായകനായ ഇരട്ടയിലെ പൊലീസ് കഥാപാത്രമായുമൊക്കെ പൂജ എത്തിയിരുന്നു.
കാതലിനും ഇരട്ടക്കും പുറമെ കോള്‍ഡ് കേസ്, മഞ്ഞുമ്മല്‍ ബോയ്‌സ്, രോമാഞ്ചം, നീലവെളിച്ചം, പുരുഷ പ്രേതം തുടങ്ങിയ സിനിമകളുടെയൊക്കെ ഭാഗമാവാന്‍ പൂജക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം ഫഹദ് ഫാസില്‍ നായകനായ ആവേശത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു. നസ്രിയ നായികയായി എത്തിയ സൂക്ഷ്മദര്‍ശിനിയാണ് പൂജ മോഹന്‍രാജിന്റെ ഏറ്റവും പുതിയ ചിത്രം.
ഫഹദ് ഫാസില്‍ വളരെ സൈലന്റാണെന്നും എന്നാല്‍ നസ്രിയ അതിന്റെ നേരെ ഓപ്പോസിറ്റാണെന്നും പറയുകയാണ് പൂജ മോഹന്‍രാജ്. നസ്രിയ വരുന്നത് നമ്മള്‍ പെട്ടെന്ന് അറിയുമെന്നും അതേസമയം ഫഹദ് വരുന്നത് അറിയുകയേയില്ലെന്നും നടി പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദ് ഫാസിലിനും നസ്രിയക്കും ഒപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു പൂജ.
‘ഫഹദ് ഫാസില്‍ വളരെ സൈലന്റാണ്. നസ്രിയ അതിന്റെ നേരെ ഓപ്പോസിറ്റാണ്. നസ്രിയ വരുന്നത് നമ്മള്‍ പെട്ടെന്ന് അറിയും. എന്നാല്‍ ഫഹദ് വരുന്നത് നമ്മള്‍ അറിയുകയേയില്ല. ഫഹദ് പെര്‍ഫോം ചെയ്യുമ്പോള്‍ മാത്രമാണ് നമ്മള്‍ അവന്‍ അവിടെ ഉണ്ടെന്ന് മനസിലാക്കുക. അല്ലാത്ത സമയത്തൊക്കെ ഫഹദ് വെറുതെ ഫോണില്‍ നോക്കി ഇരിക്കുകയാകും.
എന്നാല്‍ നസ്രിയ അങ്ങനെയല്ല. അവള്‍ക്ക് ഒരു കോണ്‍വര്‍സേഷന്‍ ഡ്രൈവ് ചെയ്യാന്‍ പറ്റും. നമ്മള്‍ ആരും കൂടുതല്‍ സംസാരിക്കണമെന്ന് പോലുമില്ല. നമുക്ക് അത് വളരെ രസമുള്ള കാര്യമാണ്. നസ്രിയയുടെ അടുത്ത് ഇരുന്നാല്‍ അവളുടെ സംസാരം കേട്ട് കുറേ നേരം ചിരിക്കാം. ആ സമയത്ത് നമ്മള്‍ വളരെ ഹാപ്പിയാകും. അതേസമയം നസ്രിയ എത്രയൊക്കെ തമാശ പറയുന്ന ആളാണെങ്കിലും മറ്റുള്ളവരുടെ കാര്യങ്ങള്‍ കൂടെ കണ്‍സിഡര്‍ ചെയ്യുന്ന ആളുകൂടെയാണ്,’ പൂജ മോഹന്‍രാജ് പറയുന്നു.
Content Highlight: Pooja Mohanraj Talks About Nazriya And Fahadh Faasil