| Wednesday, 8th May 2024, 9:11 pm

മഞ്ഞുമ്മലിലെ എന്റെ സീനിന് മുമ്പുള്ളതും ശേഷമുള്ളതും കട്ട് ചെയ്തു; ആ സീന്‍ മാത്രം കട്ടാകില്ലെന്ന് ഉറപ്പുണ്ടായിരുന്നു: പൂജ മോഹന്‍രാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024ല്‍ തിയേറ്ററില്‍ എത്തിയ സിനിമകളില്‍ ഏറെ വിജയമായ ഒന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ്. ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനായിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഫോട്ടോ സ്റ്റുഡിയോയിലെ കഥാപാത്രത്തെ അവതരിപ്പിച്ച താരമായിരുന്നു പൂജ മോഹന്‍രാജ്.

ചിത്രത്തില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയതിന്റെ ആല്‍ബം നല്‍കുന്ന സീനിനെ കുറിച്ച് സംസാരിക്കുകയാണ് താരം. കൗമുദി മൂവീസിന് സിനിമ തിയേറ്ററില്‍ വരുമ്പോള്‍ തന്റെ സീനുകള്‍ എഡിറ്റിങ്ങില്‍ കട്ട് ചെയ്ത് കാണുമോ എന്ന പേടി ഉണ്ടാകാറുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൂജ.

‘എനിക്ക് അങ്ങനെയുള്ള ടെന്‍ഷന്‍ ഉണ്ടായിട്ടില്ല. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാര്യം പറയുകയാണെങ്കില്‍ കഥക്ക് വളരെ ആവശ്യമുള്ള സീനായിരുന്നു എന്റേത്. എന്നാല്‍ എഡിറ്റര്‍ വിവേക് ഹര്‍ഷന്‍ അതിന് മുമ്പുള്ളതും ശേഷമുള്ളതുമായ സീനുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ആ സീന്‍ മാത്രം കട്ട് ചെയ്തില്ല.

അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘അത് കലക്കി. കുട്ടാ താങ്‌സ്’ എന്ന്. ആ സിനിമയില്‍ ഞാന്‍ ആല്‍ബം കൊടുത്തില്ലെങ്കില്‍ എങ്ങനെ അവര്‍ കൊടൈക്കനാലില്‍ പോകും. അതുകൊണ്ട് ആ സീന്‍ കട്ട് ചെയ്യില്ല എന്ന് ഉറപ്പുണ്ടായിരുന്നു,’ പൂജ മോഹന്‍രാജ് പറഞ്ഞു.

മഞ്ഞുമ്മല്‍ ബോയ്‌സിന് പുറമെ ആവേശം, കാതല്‍, ഇരട്ട, കോള്‍ഡ് കേസ്, രോമാഞ്ചം, നീലവെളിച്ചം, പുരുഷ പ്രേതം തുടങ്ങിയ പത്തോളം സിനിമകളില്‍ അഭിനയിച്ച താരമാണ് പൂജ. നാടകത്തിലൂടെയാണ് താരം സിനിമയില്‍ എത്തുന്നത്. ചെറുപ്പത്തില്‍ അമ്മ തന്നെ നാടക ക്ലാസില്‍ കൊണ്ടുവിട്ടതിനെ കുറിച്ചും പൂജ അഭിമുഖത്തില്‍ പറയുന്നു.

‘എന്റെ പാരന്‍സ് എന്നെയും സിസ്റ്ററിനെയും വളരെ ഇന്റിപെന്‍ഡന്റായാണ് വളര്‍ത്തിയത്. മാര്‍ക്കിനേക്കാള്‍ ഞങ്ങള്‍ക്ക് സോഷ്യല്‍ സ്‌കില്ലുകള്‍ വേണമെന്നതിലാണ് അവര്‍ക്ക് പ്രയോരിറ്റി. എന്നാല്‍ ഞാന്‍ ഒരുപാട് ഷൈയായിട്ടുള്ള ആളാണ്.

വീട്ടിലേക്ക് ഗസ്റ്റ് വന്ന് കോളിങ് ബെല്‍ അടിക്കുമ്പോള്‍ തന്നെ ഞാന്‍ ആകെ ഫ്രീസാകും. ഇതിനിടയിലാണ് അമ്മ എന്നെ ഒരു നാടക ക്ലാസില്‍ കൊണ്ടുവിടുന്നത്. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്കും മറ്റും വരുന്നത്,’ പൂജ മോഹന്‍രാജ് പറഞ്ഞു.


Content Highlight: Pooja Mohanraj Talks About Manjummel Boys Scene

We use cookies to give you the best possible experience. Learn more