ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ വിജയമായ ഒരു ചിത്രമാണ് ആവേശം. ജിത്തു മാധവന്റെ സംവിധാനത്തില്‍ എത്തിയ സിനിമയില്‍ ഫഹദ് ഫാസിലായിരുന്നു നായകനായത്. ആവേശത്തില്‍ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് പൂജ മോഹന്‍രാജ്.
സിനിമയില്‍ ദീപ എന്ന കഥാപാത്രമായാണ് പൂജ എത്തിയത്. ആവേശത്തിലെ തന്റെ കഥാപാത്രത്തെ സിനിമ ട്രീറ്റ് ചെയ്ത രീതിയെ കുറിച്ച് സംസാരിക്കുകയാണ് പൂജ മോഹന്‍രാജ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഞാന്‍ ആവേശത്തിന്റെ കഥ കേട്ടപ്പോള്‍ എന്റെ മനസില്‍ ഈ കഥാപാത്രം ഒരുപാട് ലിപ്സ്റ്റിക്കും മേക്കപ്പുമൊക്കെ ചെയ്ത ആളായിരുന്നു. ഈ പടം മൊത്തത്തില്‍ ലൗഡായത് കൊണ്ട് കഥ കേട്ടപ്പോള്‍ എന്റെ മനസില്‍ അത് ലൗഡായ കഥാപാത്രമായിരുന്നു.
ഞാന്‍ ഗൂഗിള്‍ ഇമേജസുകളൊക്കെ നോക്കിയിരുന്നു. റെഡ് സ്ട്രീറ്റിന്റെ മുന്നില്‍ നില്‍ക്കുന്ന ആളുകളുടെയൊക്കെ ഫോട്ടോസ് നോക്കിയിരുന്നു. പക്ഷേ അവരൊന്നും ഒരുപാട് ലൗഡ് ആയിട്ടുള്ള മേക്കപ്പ് ചെയ്യുന്ന ആളുകളല്ല. വളരെ നോര്‍മല്‍ ആയാണ് ചെയ്യുന്നത്.
പിന്നീട് സിനിമയുടെ ലുക്ക് ടെസ്റ്റ് ചെയ്തപ്പോഴാണ് കാര്യം മനസിലായത്. ഇത് സിനിമയില്‍ ഒരുപാട് നന്നായി തോന്നി. ആ പ്രൊഫഷന് ഒരുപാട് ഡിഗ്‌നിറ്റിയുണ്ട്. അതിനെ അത്രയും ഡിഗ്‌നിറ്റിയോടെ തന്നെ സിനിമ ട്രീറ്റ് ചെയ്തതില്‍ സന്തോഷം തോന്നി.
ഈ സിനിമ കണ്ടിട്ട് ചില അങ്കിള്‍മാരൊക്കെ പറഞ്ഞത് ‘നന്നായി അഭിനയിച്ചു, പക്ഷേ ചെയ്തത് മോശം വേഷമായി പോയി’ എന്നാണ്. അങ്ങനെ പറഞ്ഞ ആളുകളൊക്കെയുണ്ട്. എന്നാല്‍ ഈ സിനിമ ആ കഥാപാത്രത്തെ നന്നായി കാണിച്ചിട്ടുണ്ട്,’ പൂജ മോഹന്‍രാജ് പറഞ്ഞു.
ആവേശം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ തനിക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ചും താരം അഭിമുഖത്തില്‍ പറയുന്നു. ആളുകള്‍ തന്നോട് വന്ന് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ എന്താണ് തിരിച്ച് പറയേണ്ടത് എന്നറിയില്ലെന്നാണ് പൂജ പറയുന്നത്.
‘ഞാന്‍ ഇപ്പോഴാണ് ആവേശത്തെ കുറിച്ചുള്ള ആളുകളുടെ പ്രതികരണങ്ങള്‍ നേരിട്ട് കേള്‍ക്കുന്നത്. റിലീസിന് ശേഷം ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ആളുകള്‍ വന്ന് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ എന്താണ് തിരിച്ച് പറയേണ്ടത് എന്നറിയില്ല. മറുപടിയായി അവരോട് നന്ദി പറയും.
സത്യം പറഞ്ഞാല്‍ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ കണ്ടാല്‍ കഥാപാത്രം വളരെ നന്നായെന്ന് മനസില്‍ ഉണ്ടെങ്കില്‍ പോലും എനിക്ക് അയാളോട് അത് പോയി പറയാന്‍ ചമ്മലാണ്. പക്ഷേ എന്നോട് ആളുകള്‍ വന്ന് നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സന്തോഷം തോന്നുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത് നല്ല വാലിഡേഷനാണ്,’ പൂജ മോഹന്‍രാജ് പറഞ്ഞു.
Content Highlight: Pooja Mohanraj Talks About Her Character In Aavesham Movie