Entertainment
എനിക്ക് അവരോട് പോയി പറയാന്‍ ചമ്മലാണ്; അതേകാര്യം ആളുകള്‍ എന്നോട് പറയുമ്പോള്‍ സന്തോഷം തോന്നുന്നു: പൂജ മോഹന്‍രാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 May 08, 02:16 pm
Wednesday, 8th May 2024, 7:46 pm

തൃശൂര്‍ ഡ്രാമ സ്‌കൂളിലും സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആക്ടിങ് സ്‌കൂളിലും അഭിനയത്തില്‍ ഉപരിപഠനം നടത്തി നാടകത്തിലൂടെ സിനിമയില്‍ എത്തിയ താരമാണ് പൂജ മോഹന്‍രാജ്. മമ്മൂട്ടിയുടെ കാതലില്‍ തങ്കന്റെ സഹോദരിയുടെ കഥാപാത്രവും ജോജു ജോര്‍ജ് നായകനായ ഇരട്ടയിലെ പൊലീസ് കഥാപാത്രവുമൊക്കെ താരത്തെ ഏറെ ശ്രദ്ധേയമാക്കിയിരുന്നു.

കാതലിനും ഇരട്ടക്കും പുറമെ കോള്‍ഡ് കേസ്, മഞ്ഞുമ്മല്‍ ബോയ്‌സ്, രോമാഞ്ചം, നീലവെളിച്ചം, പുരുഷ പ്രേതം തുടങ്ങിയ സിനിമകളുടെയൊക്കെ ഭാഗമാവാന്‍ പൂജക്ക് സാധിച്ചിട്ടുണ്ട്. ഫഹദ് ഫാസില്‍ നായകനായ ആവേശമാണ് താരത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

ആവേശത്തില്‍ ദീപ എന്ന കഥാപാത്രമായാണ് പൂജ എത്തിയത്. ചിത്രം തിയേറ്ററില്‍ എത്തിയതിന് പിന്നാലെ തനിക്ക് ലഭിച്ച പ്രതികരണങ്ങളെ കുറിച്ച് പറയുകയാണ് താരം. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൂജ മോഹന്‍രാജ്.

‘ഞാന്‍ ഇപ്പോഴാണ് ആവേശത്തെ കുറിച്ചുള്ള ആളുകളുടെ പ്രതികരണങ്ങള്‍ നേരിട്ട് കേള്‍ക്കുന്നത്. റിലീസിന് ശേഷം ഞാന്‍ ഇവിടെ ഉണ്ടായിരുന്നില്ല. നല്ല പ്രതികരണങ്ങളാണ് കിട്ടുന്നത്. ആളുകള്‍ വന്ന് അഭിപ്രായങ്ങള്‍ പറയുമ്പോള്‍ എന്താണ് തിരിച്ച് പറയേണ്ടത് എന്നറിയില്ല. മറുപടിയായി അവരോട് നന്ദി പറയും.

സത്യം പറഞ്ഞാല്‍ ഒരുപാട് സന്തോഷമുള്ള കാര്യമാണ്. ഒരു സിനിമ കണ്ടാല്‍ കഥാപാത്രം വളരെ നന്നായെന്ന് മനസില്‍ ഉണ്ടെങ്കില്‍ പോലും എനിക്ക് അയാളോട് അത് പോയി പറയാന്‍ ചമ്മലാണ്. പക്ഷേ എന്നോട് ആളുകള്‍ വന്ന് നല്ല അഭിപ്രായങ്ങള്‍ പറയുമ്പോള്‍ സന്തോഷം തോന്നുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അത് നല്ല വാലിഡേഷനാണ്,’ പൂജ മോഹന്‍രാജ് പറഞ്ഞു.

താന്‍ സിനിമയിലേക്ക് എത്തിയത് എങ്ങനെയാണെന്നും താരം അഭിമുഖത്തില്‍ പങ്കുവെച്ചു. ചെറുപ്പത്തില്‍ അമ്മ തന്നെ ഒരു നാടക ക്ലാസില്‍ കൊണ്ടുവിടുന്നതിലൂടെയാണ് താന്‍ സിനിമയിലേക്ക് എത്തുന്നതെന്നാണ് പൂജ പറയുന്നത്.

‘എന്റെ പാരന്‍സ് എന്നെയും സിസ്റ്ററിനെയും വളരെ ഇന്റിപെന്‍ഡന്റായാണ് വളര്‍ത്തിയത്. മാര്‍ക്കിനേക്കാള്‍ ഞങ്ങള്‍ക്ക് സോഷ്യല്‍ സ്‌കില്ലുകള്‍ വേണമെന്നതിലാണ് അവര്‍ക്ക് പ്രയോരിറ്റി. എന്നാല്‍ ഞാന്‍ ഒരുപാട് ഷൈയായിട്ടുള്ള ആളാണ്.

വീട്ടിലേക്ക് ഗസ്റ്റ് വന്ന് കോളിങ് ബെല്‍ അടിക്കുമ്പോള്‍ തന്നെ ഞാന്‍ ആകെ ഫ്രീസാകും. ഇതിനിടയിലാണ് അമ്മ എന്നെ ഒരു നാടക ക്ലാസില്‍ കൊണ്ടുവിടുന്നത്. അങ്ങനെയാണ് ഞാന്‍ സിനിമയിലേക്കും മറ്റും വരുന്നത്,’ പൂജ മോഹന്‍രാജ് പറഞ്ഞു.


Content Highlight: Pooja Mohanraj Says She Is Very Shy