വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പരീക്ഷയെഴുതിയ പൂജ ഖെദ്ക്കറുടെ ഐ.എ.എസ് റദ്ദാക്കി
national news
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പരീക്ഷയെഴുതിയ പൂജ ഖെദ്ക്കറുടെ ഐ.എ.എസ് റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th September 2024, 8:28 am

മുംബൈ: യു.പി.എസ്. സി പരീക്ഷയില്‍ തട്ടിപ്പ് നടത്തി ഐ.എ.എസ് ഓഫീസറായ പൂജ ഖേദ്ക്കറെ സിവില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍വീസ് ചട്ടപ്രകാരം പൂജയെ ഇന്ത്യന്‍ അഡ്മിന്‌സ്‌ട്രേറ്റീവ് സര്‍വീസില്‍ നിന്നും പുറത്തായക്കിയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.

തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതോടെയാണ് ഐ.എ.എസ് പ്രൊബേഷണര്‍ പൂജ ഖേദ്ക്കറെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടത്.

അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടിയെന്ന് ആരോപണം നേരിട്ടതിനെ തുടര്‍ന്ന് ജൂലൈ 31ന് തന്നെ പൂജയെ യു.പി.എസ്.സി അയോഗ്യയാക്കിയിരുന്നു.

സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി 2022ലെ യു.പി.എസ്.സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്കുള്ള അപേക്ഷയില്‍ പൂജ ഖേദ്ക്കര്‍ തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നു.

ഒ.ബി.സി വിഭാഗത്തിന്റെയും ഭിന്നശേഷിക്വാട്ടയുടെയും ആനുകൂല്യങ്ങള്‍ അനധികൃതമായി പൂജ ഉപയോഗിക്കുകയായിരുന്നു. തനിക്ക് ഒന്നിലധികം വൈകല്യങ്ങളുണ്ടെന്ന് കാണിച്ച് രണ്ട് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചതായും പൂജക്കെതിരെയുള്ള ഹരജിയില്‍ പറയുന്നു.

വ്യക്തിവിവരങ്ങളില്‍ തിരിമറി നടത്തി അനുവദിച്ചതിലധികം തവണ പൂജ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതായി യു.പി.എസ്.സി കണ്ടെത്തുകയായിരുന്നു. 2022 ലെ പരീക്ഷയില്‍ 821ാം റാങ്ക് നേടിയ പൂജ വ്യാജ രേഖകളിലൂടെയാണ് ഐ.എ.സ് കരസ്ഥമാക്കിയതെന്നാണ് യു.പി.എസ്.സി കണ്ടെത്തിയത്.

എന്നാല്‍ ഇതിന് പിന്നാലെ മറ്റ് മുപ്പതോളം പരാതികളും യു.പി.എസ്.സിക്ക് ലഭിച്ചിട്ടുണ്ട്. അത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പേഴ്‌സണല്‍ ആന്റ് ട്രെയിനിങ്ങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തട്ടിപ്പുകള്‍ വ്യാപകമായതോടെ ഈയിടെ വെരിവിക്കേഷനുകള്‍ക്കായി ആധാര്‍കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ യു.പി.എസ്.സിയുടെ ആഭ്യന്തരസോഫ്റ്റ്‌വെയറുകളും പരിഷ്‌ക്കരിച്ചിട്ടുണ്ട്.

Content Highlight: pooja khedkar IAS has been canceled for appearing in the exam using fake certificates