'വേദനകള്‍ മറക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന മനുഷ്യരെ പറ്റി വല്ലതും പറയാനുണ്ടോ? അവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറാണോ'? പൂജ ഭട്ട്
national news
'വേദനകള്‍ മറക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന മനുഷ്യരെ പറ്റി വല്ലതും പറയാനുണ്ടോ? അവരെ പുനരധിവസിപ്പിക്കാന്‍ തയ്യാറാണോ'? പൂജ ഭട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th September 2020, 7:40 pm

മുംബൈ: ബോളിവുഡില്‍ ലഹരി മരുന്ന് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം പൂജ ഭട്ട്.

സമൂഹത്തില്‍ ദരിദ്രരായ മനുഷ്യര്‍ സ്വന്തം വേദനകള്‍ മറക്കാന്‍ ലഹരി ഉപയോഗിക്കുന്നതിനെ പറ്റി ആര്‍ക്കെങ്കിലും വല്ലതും പറയാനുണ്ടോയെന്നായിരുന്നു പൂജയുടെ ചോദ്യം. അത്തരക്കാരുടെ മാനസികാവസ്ഥയെപ്പറ്റിയോ ബുദ്ധിമുട്ടുകളെപ്പറ്റിയോ ആരും ആലോചക്കാത്തതെന്താണെന്നും പൂജ ട്വീറ്റ് ചെയ്തു.

സമൂഹത്തില്‍ ആത്യന്ത വേദനയും അവഗണനയും അനുഭവിച്ച് കഴിയുന്ന ഒരു വിഭാഗമുണ്ട്. തങ്ങളുടെ വേദന മറക്കാനാണ് അവര്‍ ലഹരിയ്ക്ക് അടിമപ്പെടുന്നത്. അത്തരക്കാരെ ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? സ്വപ്‌നങ്ങള്‍ക്ക് പിറകേ പോകാന്‍ കഴിയാത്തവരും പ്രതീക്ഷ നഷ്ടപ്പെട്ടവരുമാണവര്‍. ദാരിദ്രത്തിനും ചൂഷണത്തിനുമിടയില്‍ അവര്‍ ലഹരി തേടി പോകുകയാണ്. ആ മനുഷ്യരെ പുനരധിവസിപ്പിക്കാന്‍ നിങ്ങളിലാരൊക്കെ തയ്യാറാകും?- പൂജ ട്വീറ്റ് ചെയ്തു.

ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും വിതരണത്തെക്കുറിച്ചും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സജീവമായി അന്വേഷിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പൂജയുടെ ഈ ട്വീറ്റ്.

 

സുശാന്തിന്റെ മരണത്തോടെയാണ് ബോളിവുഡില്‍ മയക്കുമരുന്ന് ശൃംഖലകള്‍ വ്യാപിക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായത്. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

നേരത്തേ ബോളിവുഡിനെതിരെ ലഹരി മാഫിയ ആരോപണം നടത്തിയ നടനും പാര്‍ലമെന്റംഗവുമായ രവി കിഷനെ വിമര്‍ശിച്ചു കൊണ്ട് ജയബച്ചന്‍ രംഗത്തെത്തിയിരുന്നു.

‘കുറച്ച് ആളുകളുടെ പേരില്‍ സിനിമാ മേഖലയെ ആകെ കരിവാരിത്തേക്കാന്‍ പറ്റില്ല. ലോക് സഭാംഗവും സിനിമാമേഖലയില്‍ നിന്നു വന്നതുമായ ഒരാള്‍ പറഞ്ഞത് കേട്ട് ഞാന്‍ ലജ്ജിച്ചു. ഏത് പാത്രത്തിലാണോ ഭക്ഷണം കഴിക്കുന്നത് അതില്‍ തന്നെ ദ്വാരങ്ങളുണ്ടാക്കുന്നു’- ജയ ബച്ചന്‍ പറഞ്ഞു.

തുടര്‍ന്ന് ജയബച്ചന്റെ പ്രസംഗത്തെ അഭിനന്ദിച്ച് നടി താപ്‌സി പന്നുവും രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയാണ് ജയബച്ചന്‍ നല്‍കിയതെന്നും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ ഇക്കാര്യം പറഞ്ഞതില്‍ ബഹുമാനമെന്നുമാണ് തപ്സി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

അതേ സമയം ജയബച്ചന്റെ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി നടി കങ്കണ റണൗത്ത് രംഗത്തെത്തി. ജയ ബച്ചന്റെ മക്കളായ അഭിഷേക് ബച്ചനും ശ്വേത ബച്ചനും ഇത്തരമൊരു അവസ്ഥ വന്നിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നാണ് കങ്കണ ചോദിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


CONTENT HIGHLIGHTS:  pooja bhatt says about drug mafia in bollywood