| Thursday, 30th May 2024, 10:26 am

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; കൂട്ടമായി സംസാരിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയെ അക്രമിക്കുന്നു; ബോയ്‌ക്കോട്ട് ബോളിവുഡിനെതിരെ പൂജ ഭട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളും പങ്കുവെച്ചതിന് പിന്നാലെ ബോയ്‌ക്കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്‍ഡിങ്ങായിരുന്നു.

റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ നിരവധി ആളുകളായിരുന്നു ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്നെഴുതിയ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റുകളും സ്റ്റോറിയുമിട്ട സെലിബ്രിറ്റികള്‍ക്കെതിരെ എക്സില്‍ ബോയ്‌ക്കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോള്‍ ഈ ട്രെന്‍ഡിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് സംവിധായികയും നടിയുമായ പൂജ ഭട്ട്. തന്റെ എക്‌സിലെ പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. സിനിമാ താരങ്ങള്‍ കൂട്ടമായി സംസാരിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയെ അക്രമിക്കുകയാണ് എന്നാണ് പൂജ ഭട്ട് പോസ്റ്റില്‍ പറയുന്നത്. ഒപ്പം എക്‌സില്‍ ഈ ടാഗ് ട്രെന്‍ഡിങ്ങായതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.

‘അത് വീണ്ടും ആരംഭിക്കുന്നു! ഫലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂട്ടമായി സംസാരിക്കുന്നതിന് എന്റര്‍ടൈമെന്റ് ഇന്‍ഡസ്ട്രി നല്‍കുന്ന വില,’ എന്ന് പൂജ ഭട്ട് എക്‌സില്‍ കുറിച്ചു. ഒപ്പം ഓള്‍ ഐസ് ഓണ്‍ റഫ എന്ന ടാഗും താരം ചേര്‍ത്തിട്ടുണ്ട്.

പൂജ ഭട്ടിന്റെ ഈ പോസ്റ്റിന് പിന്നാലെ നിരവധിയാളുകള്‍ വിമര്‍ശനവുമായി വന്നിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കാറില്ലെന്നും പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവര്‍ വായ തുറന്നില്ലെന്നുമാണ് പലരും കമന്റുകളില്‍ ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം വരുണ്‍ ധവാന്‍, തൃപ്തി ദിമ്രി, ഹിന ഖാന്‍, സ്വര ഭാസ്‌കര്‍, ദിയ മിര്‍സ, ഗൗഹര്‍ ഖാന്‍, ഫാത്തിമ സന ഷെയ്ഖ്, രാധിക ആപ്‌തെ, ആമി ജാക്‌സണ്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, നുസ്രത്ത് ബറൂച്ച, കരീന കപൂര്‍, രശ്മിക മന്ദാന, സൊനാക്ഷി സിന്‍ഹ, റിച്ച ഛദ്ദ, ഹണി സിങ്ങ്, നോറ ഫത്തേഹി, ദിയ മിര്‍സ, സോനം കപൂര്‍ തുടങ്ങിയ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും സ്‌പോര്‍ട്‌സ് താരങ്ങളും ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പോസ്റ്റുകള്‍ ഇട്ടിരുന്നു.

Content Highlight: Pooja Bhatt Against Boycott Bollywood

We use cookies to give you the best possible experience. Learn more