ഫലസ്തീനിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളും പങ്കുവെച്ചതിന് പിന്നാലെ ബോയ്‌ക്കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗ് വീണ്ടും ട്രെന്‍ഡിങ്ങായിരുന്നു.
റഫയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 45 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെയായിരുന്നു നിരവധി ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഫലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ 24 മണിക്കൂറിനുള്ളില്‍ നിരവധി ആളുകളായിരുന്നു ‘ഓള്‍ ഐസ് ഓണ്‍ റഫ’ എന്നെഴുതിയ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റുകളും സ്റ്റോറിയുമിട്ട സെലിബ്രിറ്റികള്‍ക്കെതിരെ എക്സില്‍ ബോയ്‌ക്കോട്ട് ബോളിവുഡ് എന്ന ഹാഷ് ടാഗില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോള്‍ ഈ ട്രെന്‍ഡിനെതിരെ രൂക്ഷമായി പ്രതികരിക്കുകയാണ് സംവിധായികയും നടിയുമായ പൂജ ഭട്ട്. തന്റെ എക്‌സിലെ പോസ്റ്റിലൂടെയാണ് താരം പ്രതികരിച്ചത്. സിനിമാ താരങ്ങള്‍ കൂട്ടമായി സംസാരിക്കുമ്പോള്‍ ഇന്‍ഡസ്ട്രിയെ അക്രമിക്കുകയാണ് എന്നാണ് പൂജ ഭട്ട് പോസ്റ്റില്‍ പറയുന്നത്. ഒപ്പം എക്‌സില്‍ ഈ ടാഗ് ട്രെന്‍ഡിങ്ങായതിന്റെ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിട്ടുണ്ട്.
‘അത് വീണ്ടും ആരംഭിക്കുന്നു! ഫലസ്തീനില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കൂട്ടമായി സംസാരിക്കുന്നതിന് എന്റര്‍ടൈമെന്റ് ഇന്‍ഡസ്ട്രി നല്‍കുന്ന വില,’ എന്ന് പൂജ ഭട്ട് എക്‌സില്‍ കുറിച്ചു. ഒപ്പം ഓള്‍ ഐസ് ഓണ്‍ റഫ എന്ന ടാഗും താരം ചേര്‍ത്തിട്ടുണ്ട്.
And it begins YET again! The price the entertainment Industry pays for speaking up collectively for the atrocities being committed in Palestine. #AlleyesonRafahpic.twitter.com/w5Q5yAkj3p
പൂജ ഭട്ടിന്റെ ഈ പോസ്റ്റിന് പിന്നാലെ നിരവധിയാളുകള്‍ വിമര്‍ശനവുമായി വന്നിട്ടുണ്ട്. ബോളിവുഡ് താരങ്ങള്‍ ഇന്ത്യക്ക് വേണ്ടി സംസാരിക്കാറില്ലെന്നും പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവര്‍ വായ തുറന്നില്ലെന്നുമാണ് പലരും കമന്റുകളില്‍ ആരോപിക്കുന്നത്.