എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉയരുന്ന വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നതിന്റെ കഥയാണ് പൂനൂര്‍ പുഴയ്ക്ക് പറയാനുള്ളത്. 14 ഗ്രാമ പഞ്ചായത്തുകളും കൊടുവള്ളി നഗരസഭയും പിന്നിട്ടാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലേക്ക് പൂനൂര്‍ പുഴ വന്നെത്തുന്നത്. പുഴ ഭൂമിയുടെ കയ്യേറ്റവും വലിയ രീതിയിലുള്ള മാലിന്യ നിക്ഷേപവുമെല്ലാമായി പൂനൂര്‍ പുഴയയുടെ തുടക്കം മുതല്‍ ഒടുക്കവം വരെ ഇന്ന് മരണാസന്നമാണ്.
പൂനൂര്‍ പുഴയൊഴുകുന്ന പഞ്ചായത്തുകള്‍ക്കും നഗരസഭയ്ക്കും കോര്‍പ്പറേഷനുമെല്ലാം പുഴയുടെ ഇന്നത്തെ ശോചനീയാവസ്ഥയില്‍ തുല്യമായ പങ്കുണ്ടെന്നാണ് പൂനൂര്‍ പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. 45 കുടിവെള്ള പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന വലിയ ജല സ്രോതസ്സായ പുഴ നിലവില്‍ നിറയെ മാനിന്യങ്ങളും കാടും നിറഞ്ഞ് തീരങ്ങള്‍ കയ്യേറിയ അവസ്ഥയിലാണ്.
കട്ടിപ്പാറ പഞ്ചായത്തിലെ ഏലക്കാനം മലനിരകളില്‍ നിന്നും പനങ്ങാട് പഞ്ചായത്തിലെ ചുരത്തോട് മലയില്‍ നിന്നും വരുന്ന നീര്‍ച്ചാലുകള്‍ തലയാട് ചീടിക്കുഴിയില്‍ വെച്ചാണ് പൂനൂര്‍ പുഴയായി മാറുന്നത്. അവിടെ നിന്നും 58 കിലോമീറ്റര്‍ പടിഞ്ഞാറേക്ക് ഒഴുകി ഒടുവില്‍ കോരപ്പുഴയില്‍ ചേര്‍ന്നാണ് അറബിക്കടലിലെത്തുന്നത്.
പൂനൂര്‍ പുഴയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ പൂനൂര്‍ പുഴയില്‍ വ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നതായി കുന്ദമംഗലത്തെ ജലവിഭവ വികസന വിനിയോഗ കേന്ദ്രം(സി.ഡബ്ല്യു.ആര്‍.ഡി.എം) കണ്ടെത്തിയിട്ടുണ്ട്. പല സ്ഥലങ്ങളിലും നേരത്തെ മുപ്പത് മീറ്റര്‍ വരെയുണ്ടായിരുന്ന പുഴയുടെ വീതി പത്ത് മീറ്റര്‍ വരെയായി ചുരുങ്ങിയിട്ടുണ്ട്.
അതിവ്യാപകമായ കയ്യേറ്റങ്ങള്‍ നടന്നിട്ടും പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കയ്യേറ്റങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നാണ് കേരള നദീ സംരക്ഷണ സമിതി ചെയര്‍മാനായ ടി.വി രാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞത്. ‘പുഴയുടെ തീരങ്ങളില്‍ അനധികൃതമായി നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, വ്യവസായസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവയ്‌ക്കെതിരെയൊന്നും പഞ്ചായത്ത് അധികൃതര്‍ നടപടിയെടുക്കുന്നില്ല എന്ന് മാത്രമല്ല ചിലസ്ഥലങ്ങള്‍ പഞ്ചായത്ത് കൂടി കയ്യേറ്റങ്ങള്‍ നടത്തുകയാണ്. കക്കോടി ഗ്രാമ പഞ്ചായത്ത് ഒഫീസിന്റെ ഒരു ഭാഗം സ്ഥിതി ചെയ്യുന്നത് പുഴഭൂമി കയ്യേറിക്കൊണ്ടാണ്. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നുള്ള പാര്‍ക്കും നില്‍ക്കുന്നത് പുഴഭൂമി കയ്യേറിയാണ്.” ടി. വി രാജന്‍ കൂട്ടിച്ചേര്‍ത്തു.
‘കക്കോടി പാലത്തിനടുത്ത് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പുഴയോട് ചേര്‍ന്ന് ഒരു വലിയ വാഹന സര്‍വീസ് സ്‌റ്റേഷന്‍ ആരംഭിച്ചിരുന്നു. സര്‍വീസ് സ്റ്റേഷനില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന ഗ്രീസും ഓയിലും അടങ്ങിയ മലിനജലം ജലസ്രോതസ്സായി ഉപയോഗിക്കുന്ന പുഴയെയും അതിലെ മത്സ്യങ്ങളെയും ബാധിക്കുമെന്നതിനാല്‍ ഞങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പക്ഷേ ഇതുവരെ ആരും ഒരു നടപടിയും സ്വീകരിച്ചില്ല.” ടി.വി രാജന്‍ പറയുന്നു.
പുഴയുടെ സര്‍വേ നടത്തി കയ്യേറ്റഭൂമികള്‍ കണ്ടെത്തണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ കയ്യേറ്റക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പൂനൂര്‍ പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കാലങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇതുവരെ അതിന് തയ്യാറായിട്ടില്ല. 2018-2019 പ്രളയ കാലങ്ങളില്‍ പുഴയില്‍ അടിഞ്ഞ സില്‍റ്റും ചെളിയും നീക്കാനെന്ന പേരില്‍ നിലവില്‍ വ്യാപകമായി മണല്‍ വാരല്‍ നടക്കുന്നുണ്ട്. ലോറികളടക്കമുള്ള വലിയ വാഹനങ്ങള്‍ പുഴയിലിറക്കി യന്ത്ര സാമഗ്രികള്‍ ഉപയോഗിച്ചാണ് ഈ മണല്‍വാരല്‍. ഇത് തടയാനും അധികൃതര്‍ക്ക് സാധിക്കുന്നില്ല.
പൂനൂര്‍ അങ്ങാടിയിലെ ഒരു സ്വകാര്യ സ്ഥാപനം പുഴ കയ്യേറിയതായി നേരത്തെ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതേ സ്ഥാപനത്തില്‍ നിന്ന് മാലിന്യം പുഴയിലേക്കൊഴുക്കിയത് നാട്ടുകാര്‍ തടയുകയും ചെയ്തിരുന്നു. പഞ്ചായത്ത് അധികൃതര്‍ അപ്പോഴും നടപടികള്‍ സ്വീകരിച്ചിരുന്നില്ല. പ്ലാസ്റ്റിക് മാലിന്യങ്ങളും അറവ് മാലിന്യങ്ങളും പുഴയില്‍ വ്യാപകമായി കാണാം.
ഉയര്‍ന്ന ഖരമാലിന്യത്തിന്റെ അളവുള്ള പുഴയില്‍ കോളിഫോം ബാക്ടീരിയയുടെ അളവും അനുവദനീയമായതിലും എത്രയോ ഇരട്ടിയാണ്. അപകടകാരികളായ ഇ. കോളി ബാക്ടീരിയകളും പൂനൂര്‍ പുഴയിലുണ്ടെന്നാണ് സി.ഡബ്ല്യു.ആര്‍.ഡി.എം കണ്ടെത്തിയിട്ടുള്ളത്. ചെറുകുളം, കക്കോടി, ചെറുവറ്റ, പന്തീര്‍പ്പാടം, കച്ചേരിമുക്ക്, ചാലക്കര, പൂനൂര്‍, അയനിമുക്ക്, തുവ്വക്കടവ് എന്നിവിടങ്ങളിലെ വെള്ളം വളരെ മോശമാണെന്നാണ് പഠനം പറയുന്നത്.
സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ നേതൃത്വത്തില്‍ പുഴയെ രക്ഷിക്കാന്‍ മാനേജ്‌മെന്റ് ആക്ഷന്‍ പ്ലാന്‍ കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയിരുന്നെങ്കിലും പദ്ധതി തുടങ്ങിയിട്ടില്ല. ഈ വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്നവരെങ്കിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുഴയെ തിരിച്ചുപിടിക്കുന്നതിനായി ശ്രമിക്കണമെന്നാണ് പൂനൂര്‍ പുഴയുടെ തീരത്തെ ജനങ്ങള്‍ക്ക് പറയാനുള്ളത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക