മണിരത്‌നത്തിന്റെ പൊന്നിയന്‍ സെല്‍വന്‍ തിയേറ്ററുകളില്‍ വിജയാരവത്തോടെ മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. പൊന്നിയിന്‍ സെല്‍വന്‍ മലയാളം ഡബ്ബില്‍ വിക്രമിനും കാര്‍ത്തിക്കും ജയം രവിക്കും ശബ്ദം നല്‍കിയവരാണ് അരുണ്‍ സി.എം, അജിത്ത്, നടന്‍ കൈലാഷ് എന്നിവരാണ്.
ഇതില്‍ വിക്രത്തിന് ശബ്ദം നല്‍കിയത് അരുണ്‍ സി.എം ആണ്. പൊന്നിയിന്‍ സെല്‍വന്‍ മാത്രമല്ല ബാഹുബലി, റോക്കി ഭായ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം മലയാളം ഡബ്ബ് ചെയ്തത് അരുണ്‍ ആണ്.
കാര്‍ത്തിയുടെ കഥാപാത്രം ചെയ്ത വല്ലവരായ വന്തിയത്തേവന് അജിത്തും പൊന്നിയിന്‍ സെല്‍വനായ ജയം രവിക്ക് കൈലാഷുമാണ് ശബ്ദം നല്‍കിയത്. ക്ലബ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പൊന്നിയിന്‍ സെല്‍വന്‍ ഡബ്ബിങ് അനുഭവം പങ്കുവെക്കുകയാണ് മൂവരും.
”ഞാനും അജിത്തും നടത്തുന്ന ഒരു കമ്പനിയുണ്ട്. ആദ്യം നമുക്ക് മദ്രാസ് ടാക്കിസില്‍ നിന്നും കോള്‍ വരുകയായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിന്റെ ഡയറക്ടര്‍ മധുച്ചേട്ടനാണ് അവര്‍ക്ക് നമ്പര്‍ കൊടുത്തത്. അവര്‍ ഞങ്ങളുടെ പ്രൊഫെല്‍ അയച്ചു കൊടുക്കാന്‍ പറഞ്ഞു. അങ്ങനെ അവര്‍ സെലക്ട് ചെയ്തു.
ഡയലോഗ് എഴുതിയിട്ടുള്ളത് ഡയറക്ടര്‍ ശങ്കര്‍ രാമകൃഷ്ണന്‍ സാറാണ്. അദ്ദേഹത്തിന്റെ കൂടെ ഞങ്ങള്‍ ചെന്നെയില്‍ പോയി. അതിലെ പ്രത്യാകത എന്താണെന്ന് വെച്ചാല്‍ ഒരു ഡബ്ബ് സിനിമയില്‍ ആദ്യമായിട്ടാകും അതിന്റെ ഒറിജിനല്‍ ഫിലിം ഡയറക്ടര്‍ റീജണല്‍ ലാഗ്വോജിലെ ഡയലോഗ് മുഴുവന്‍ വായിച്ച് കേള്‍ക്കുന്നത്. മണിസാറുമായി ഒരു മൂന്ന് ദിവസം അതിന് വേണ്ടി ഞങ്ങള്‍ ചിലവഴിച്ചിട്ടുണ്ട്.
വിക്രം സാര്‍ അദ്ദേഹത്തിന്റെ കഥാപാത്രത്തിനായ് ഞങ്ങളുടെ കൂടെ ഇരുന്നിരുന്നു. ആദ്യം കുറച്ച് ഡയലോഗ് പറഞ്ഞ് അയക്കാന്‍ പറഞ്ഞു. പിന്നീട് ഓക്കെയാണെന്ന് അദ്ദേഹം പറയുകയും കൂടെ ഇരിക്കുകയും ചെയ്യുകയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് അങ്ങനെയൊരു ഭാഗ്യം ലഭിക്കുകയും ചെയ്തു.
ഞാന്‍ ഇതുവരെ ഡബ്ബ് ചെയ്തതില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് പൊന്നിയിന്‍ സെല്‍വനില്‍ നിന്നും ലഭിച്ചത്. കാരണം ഒരു കഥാപാത്രത്തെ കാണുമ്പോള്‍ തോന്നുന്ന രീതിയിലായിരുന്നു ഞാന്‍ ഡബ്ബ് ചെയ്തത്. എന്നാല്‍ ഇതില്‍ ആ കഥാപാത്രം ചെയ്ത വിക്രം സാര്‍ തന്നെ കൂടെ നിന്ന് എല്ലാം പറഞ്ഞു തരുകയായിരുന്നു.
ഇടക്ക് ഞാന്‍ ചെയ്തത് ശരിയാകാതെ വരുമ്പോള്‍ അദ്ദേഹം തന്നെ ഒന്നുകൂടെ ചെയ്ത് കാണിച്ചിട്ട് അതുപോലെ ചെയ്യാന്‍ പറയും. വലിയൊരു എക്‌സ്പീരിയന്‍സാണ് അതില്‍ നിന്നും കിട്ടിയത്.
മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഡബ്ബിങില്‍ വിക്രം സാര്‍ നമുക്ക് ക്ലാസ് എടുത്തു തരുക എന്ന് പറയുന്നത് വലിയ ഭാഗ്യമാണ്,” വിക്രത്തിന്റെ ആദിത്യ കരികാലന് ശബ്ദം നല്‍കിയ അരുണ്‍ പറഞ്ഞു.
Content Highlight: Ponnyin selvan malayalam dubbing artists