| Thursday, 4th May 2023, 2:20 pm

ഞങ്ങളുടെ രാജകുമാരിക്ക് പിറന്നാള്‍ ആശംസകള്‍; വീഡിയോയുമായി പൊന്നിയിന്‍ സെല്‍വന്‍ ടീം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ തുടരുകയാണ്. മേക്കിങ്ങിലും മ്യൂസിക്കിലും പ്രകടനങ്ങളിലുമെല്ലാം ചിത്രത്തിന് വലിയ പ്രേക്ഷക പ്രശംസയാണ് ലഭിക്കുന്നത്.

ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും സ്‌കോര്‍ ചെയ്ത ഒരു കഥാപാത്രമായിരുന്നു തൃഷ അവതരിപ്പിച്ച കുന്ദവൈ രാജകുമാരി. ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായ കുന്ദവൈയെ തന്റെ പ്രകടനം കൊണ്ടും സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ടും തൃഷ ഗംഭീരമാക്കിയിരുന്നു. ഈ കഥാപാത്രത്തിലൂടെ തൃഷ തന്റെ ഫാന്‍ ബേസും പതിന്‍മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്.

കുന്ദവൈയ്ക്കും പി.എസ് ടുവിന് പ്രശംസകള്‍ ഉയരുന്നതിനിടക്ക് തന്റെ പിറന്നാള്‍ ആഘോഷിക്കുകയാണ് തൃഷ. 40ാം വയസിലേക്ക് കടന്ന തൃഷക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് പി.എസ്. ടു ടീം പുറത്തിറക്കിയ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്.

ചിത്രത്തിലെ തൃഷയുടെ ഭാഗങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച് കൊണ്ട് ടിപ്‌സ് തമിഴ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തിറക്കിയിരുന്നു. പൊന്നിയിന്‍ സെല്‍വന്റെ ഗാനങ്ങളുടെ റൈറ്റ്‌സ് ടിപ്‌സ് തമിഴായിരുന്നു വാങ്ങിയിരുന്നത്. അഗ നഗ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് ടിപ്‌സ് തമിഴ് ഗാനം ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും, അണിയറ പ്രവര്‍ത്തകരും പ്രേക്ഷകരും തൃഷയെ പറ്റിയും കുന്ദവൈയെ പറ്റിയും സംസാരിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

ലേകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തൃഷയുടെ പുതിയ ചിത്രം. 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്‌യും തൃഷയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ. കുരുവി എന്ന സിനിമയിലാണ് വിജയ്‌യും തൃഷയും ഒടുവില്‍ ഒന്നിച്ചഭനിയച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Content Highlight: ponniyin selvan team’s birthday wish video for trisha

We use cookies to give you the best possible experience. Learn more