| Sunday, 2nd October 2022, 5:51 pm

തിയേറ്ററുകളെ ഇളക്കിമറിച്ച് പൊന്നിയിന്‍ സെല്‍വന്‍, രണ്ട് ദിവസംകൊണ്ട് സെഞ്ച്വറി കടന്ന് തേരോട്ടം തുടരുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ ചിത്രമായ ‘പൊന്നിയിന്‍ സെല്‍വന്‍’ തിയേറ്ററുകളില്‍ ആഘോഷമാക്കിയിരിക്കുകയാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‌നം ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്.

തമിഴകത്ത് മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. രണ്ടു ദിവസം കൊണ്ട് ആരാധകരെ ആവേശത്തിലാക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ കളക്ഷന്‍ പുറത്തുവരുന്നത്.

2022ല്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്നും ഏറ്റവും വലിയ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. രണ്ട് ദിവസത്തിനുള്ളില്‍ ചിത്രം 150 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആദ്യ ദിവസം ലോകമെമ്പാടു നിന്നുമായി 80കോടി രൂപയാണ് ചിത്രം കളക്റ്റ് ചെയ്തതായാണ് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമാകാന്‍ പോകുകയാണ് പൊന്നിയിന്‍ സെല്‍വനെന്ന് പ്രദര്‍ശനം ആരംഭിച്ച ദിവസം മുതല്‍ പ്രതികരണങ്ങള്‍ വന്നിരുന്നു.

മണിരത്‌നം ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കും എന്നതിനുള്ള സൂചനയാണ് ഇപ്പോഴുള്ള കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് സ്വന്തമാക്കിയത്.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. മണി രത്‌നം തന്റെ മാജിക്ക് വീണ്ടും പൊന്നിയിന്‍ സെല്‍വനിലൂടെ ആവര്‍ത്തിച്ചു എന്നാണ് ഫസ്റ്റ് ഷോ മുതല്‍ പ്രേക്ഷരുടെ പ്രതികരണം.

അപ്രതീക്ഷിത ക്ലൈമാക്‌സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നത്. വിക്രം, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ എന്നിവരുടെ കഥാപാത്രങ്ങള്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ജയം രവി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തമിഴിന് പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ്.

Content Highlight: Ponniyin Selvan Rocks Theaters, Collects Over 150 Crores In Two Days

We use cookies to give you the best possible experience. Learn more