| Friday, 30th September 2022, 8:47 pm

Ponniyin Selvan Review | ഇന്ത്യന്‍ സിനിമയുടെ ഉയരം കാണിക്കുന്ന തമിഴിന്റെ സ്വപ്‌നചിത്രം

അന്ന കീർത്തി ജോർജ്

പൊന്നിയിന്‍ സെല്‍വന്‍ മനസ് നിറച്ച ഒരു വിരുന്നായിരുന്നു. സിനിമ കണ്ട മുഴുവന്‍ സമയവും കണ്ണും കാതും മനസുമെല്ലാം ചോഴരാജകുടുംബത്തിനും പ്രതിയോഗികള്‍ക്കും അവിടുത്തെ രാജാറാണിമാര്‍ക്കും അവരുടെ ഉള്‍ക്കളികള്‍ക്കുമൊപ്പം തന്നെയായിരുന്നു.

ഇന്ത്യയിലെ വിവിധ സിനിമാ ഇന്‍ഡസ്ട്രികളില്‍ പീരിയഡ് സിനിമകള്‍, പ്രത്യേകിച്ച് രാജാകാലഘട്ടവും യുദ്ധങ്ങളും കാണിക്കുമ്പോള്‍, പ്രൊഡക്ഷനില്‍ ആഗ്രഹിക്കുന്ന ക്വാളിറ്റിയിലെത്താത്ത ഒരു അവസ്ഥ പ്രേക്ഷകരില്‍ അവശേഷിപ്പിക്കാറുണ്ട്.

എന്നാല്‍ ആദ്യ സീന്‍ മുതല്‍ ആ കുറവിനെയാണ് പൊന്നിയിന്‍ സെല്‍വന്‍ മറി കടക്കുന്നത്. ആദിത്യ കരികാലന്‍ പടയോടൊപ്പം വന്ന്, യുദ്ധം ചെയ്ത്, കോട്ട തകര്‍ത്ത്, വിജയക്കൊടി പാറിക്കുന്നത് വരെയുള്ള ഭാഗം ഇന്ത്യന്‍ സിനിമ പ്രൊഡക്ഷനില്‍ എത്തിനില്‍ക്കുന്ന ഉയരത്തെ രേഖപ്പെടുത്തുന്നതായിരുന്നു.

പ്രൊഡക്ഷന്‍ ഡിസൈനും ആര്‍ട്ട് വര്‍ക്കുമെല്ലാം മികച്ചുനില്‍ക്കുമ്പോഴും, ഒരു ചട്ടക്കൂടിലും ഒതുങ്ങിനില്‍ക്കാത്ത യുദ്ധത്തിന്റെ വേഗവും കലഹവും കലമ്പലുമെല്ലാം മനസിലാക്കി തരുന്ന ക്യാമറയും ക്യാമറ മൂവ്‌മെന്റുകളും തന്നെയാണ് ഇവിടെ പ്രധാനം.

ഒരു യുദ്ധഭൂമിയുടെ നടുക്കുകൊണ്ട് പ്രേക്ഷകരെ നിര്‍ത്തുംപോലെയുള്ള ട്രീറ്റ്‌മെന്റാണ് ഈ രംഗത്ത് സ്വീകരിച്ചിട്ടുള്ളത്. ഓരോ ആക്ഷന്‍സീനിലും ക്യാമറ ഈ അത്ഭുതം ആവര്‍ത്തിക്കുന്നുണ്ട്. കടലിന്റെ നടുക്ക് കോരിച്ചൊരിയുന്ന മഴയത്ത് പടക്കപ്പലില്‍ വെച്ചുനടക്കുന്ന പോരാട്ട സമയത്ത് ക്യാമറ അതിന്റെ രൗദ്രഭാവത്തിനും ആ നിമിഷത്തിന്റെ അനിശ്ചിതത്വത്തിനുമൊപ്പാണ് സഞ്ചരിക്കുന്നത്.

ഇതേ ക്യാമറ തന്നെ ഓരോ കഥാപാത്രത്തെയും ഇന്‍ട്രൊ സീനുകളിലും കഥാപാത്രങ്ങളുടെ ഏറ്റവും തീവ്രമായ വികാരങ്ങള്‍ ഒപ്പിയെടുക്കുന്ന ഭാഗത്തും പതിഞ്ഞ താളത്തിലേക്ക് നീങ്ങുന്നു. ചോഴനാടിന്റെയും കടലിന്റെയും കാടുകളുടെയും മലയിടുക്കുകളുടെയും കൊട്ടാരങ്ങളുടെയും അകത്തളങ്ങളുടെയും ഭംഗി കാണിക്കാന്‍ മറ്റൊരു മീറ്ററില്‍ ചലിക്കുന്നു.

മണി രത്‌നം എന്ന സംവിധായകന്‍ മനസില്‍ കണ്ടതിനെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കാന്‍ ഏറ്റവും സഹായിച്ചിരിക്കുന്നത് രവി വര്‍മന്റെ ക്യാമറയാണെന്ന് നിസംശയം പറയാം. ഓരോ വിഷ്വല്‍സിനെയും ഗംഭീരമായി ചേര്‍ത്തുവെക്കുന്നതില്‍ എ.ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിങ്ങും മികച്ച് നില്‍ക്കുന്നുണ്ട്.

മനസില്‍ മായാതെ നില്‍ക്കുന്ന ഒരുപാട് സിനിമകള്‍ സമ്മാനിച്ച സംവിധായകന്റെ സ്വപ്‌നചിത്രം എങ്ങനെയായിരിക്കുമോ അതാണ് പൊന്നിയിന്‍ സെല്‍വന്‍. മണി രത്‌നത്തിന്റെ അടുത്ത മാസ്റ്റര്‍ പീസ്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതി, തമിഴ്‌നാട്ടിലെ ഏറ്റവും പ്രചാരം നേടിയ നോവലിനെയാണ് മണിരത്‌നം സിനിമയാക്കിയിരിക്കുന്നത്. (നോവലിനോട് എത്രമാത്രം നീതി പുലര്‍ത്തിയിരിക്കുന്നു, അഡാപ്‌റ്റേഷന്‍ വിജയിച്ചോ എന്നുള്ളത് വായിച്ചവര്‍ക്കായിരിക്കും കൂടുതല്‍ പറയാന്‍ കഴിയുക. ആ നോവല്‍ വായിക്കാത്ത വ്യക്തി എന്ന നിലയില്‍ നോവലുമായുള്ള താരതമ്യം ഇവിടെ സാധ്യമല്ല).

ഇളങ്കോ കുമാരവേലും മണി രത്‌നവും ചേര്‍ന്നൊരുക്കിയിരിക്കുന്ന തിരക്കഥയും ബി. ജയമോഹന്റെ ഡയലോഗുകളും സിനിമക്ക് നെടുംതൂണാകുന്നുണ്ട്. മണി രത്‌നം എത്ര മികച്ച സംവിധായകനാണ് എന്നത് വ്യക്തമാകുന്നത് നേരത്തെ പറഞ്ഞ ക്യാമറ മൂവ്‌മെന്റില്‍ സ്വീകരിച്ച രീതി മുതല്‍ ഒറ്റ സീനുള്ള കഥാപാത്രത്തെ പോലും മനസില്‍ പതിയും വിധം ഒരുക്കിയെടുത്തിരിക്കുന്നതിലാണ്.

സിനിമയുടെ ഒഴുക്കിനെ ഒട്ടും മുറിക്കാതെ, രസച്ചരടില്‍ ഒരു പോറല്‍ പോലും വരുത്താതെ പാട്ടും ഡാന്‍സും തമാശകളുമെല്ലാം ഉള്‍ച്ചേര്‍ക്കാന്‍ കഴിഞ്ഞിരിക്കുന്നിടത്തും മണി രത്‌നത്തിന്റെ മാസ്റ്റര്‍ സ്‌ട്രോക്കുകള്‍ കാണാം.

ചിത്രത്തില്‍ വിഷ്ണുവാണോ ശിവനാണോ വലുതെന്ന തര്‍ക്കം നടക്കുന്ന സമയത്ത് ഞാനും നീയുമൊക്കെ ദൈവമാണെന്ന ചില ഡയലോഗുകള്‍ കടന്നുവരുന്നുണ്ട്. ഒരുപക്ഷെ ദ്രാവിഡസംസ്‌കാരത്തിന്റെ രേഖപ്പെടുത്തലായി കൂടി ഇതിനെ വായിക്കാമെന്ന് കരുതുന്നു.

പണ്ടത്തെ കഥകള്‍ പറയുന്ന സിനിമകളില്‍ ബുദ്ധമതകാലത്തെ വലിയ തോതില്‍ രേഖപ്പെടുത്തിയതായി കാണാറില്ല. എന്നാല്‍ ബുദ്ധവിഹാരങ്ങള്‍ക്കും അവയുടെ പ്രാധാന്യത്തിനും ഈ സിനിമ കൃത്യമായ ഇടം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ആ ഭാഗങ്ങളും പുതുമയുള്ളതായിരുന്നു.

ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ഓരോന്നും വ്യത്യസ്തമായ, കോംപ്ലെക്‌സായ പേഴ്‌സാണിലിറ്റിയുള്ളവരായിരുന്നു. വ്യക്തമായ ലക്ഷ്യങ്ങളുള്ള, ആ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടും കൃത്യമായി എടുത്തുവെക്കുന്നവരായാണ് ഇതിലെ സ്ത്രീകളെത്തുന്നത്.

രാജവ്യവഹാരങ്ങളില്‍ ഏറ്റവും ബുദ്ധിപൂര്‍വ്വമായ തീരുമാനങ്ങളെടുക്കുന്നതും മികച്ച സൂക്ഷ്മമായ കരുനീക്കങ്ങള്‍ നടത്തുന്നതും സ്ത്രീകഥാപാത്രങ്ങള്‍ തന്നെയാണ്. സ്ത്രീകളെ രാജസദസ്സിലോ ചര്‍ച്ചകളിലോ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്ത ഒരു ഇടത്ത് നിന്നാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നതും.

നന്ദിനിയായി ഐശ്വര്യ റായിയും കുന്ദവിയായി തൃഷയും ഗംഭീരമായ പ്രകടനം നല്‍കിയിട്ടുണ്ട്. ചിത്രത്തില്‍ മാസ് ആന്റ് കണ്ണിങ്ങായ ഡയലോഗുകള്‍ വരുന്നത് ഇവരുടെ കോമ്പോ സീനിലാണ്. രോമാഞ്ചം നല്‍കുന്ന സീനാണിത്.

നന്ദിനിയും കുന്ദവിയും മാത്രമല്ല, കുറച്ച് സമയം മാത്രമുള്ള ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലിയും ഇത്തരത്തിലുള്ള കഥാപാത്രമാണ്. ഒറ്റ സീനില്‍ മാത്രം വന്ന മധുരാന്ധകന്റെ അമ്മ കഥാപാത്രം പോലും കഥാപാത്രസൃഷ്ടിയും ഡയലോഗ് ഡെലിവറയും അവതരിപ്പിച്ചിരിക്കുന്ന രീതിയും കൊണ്ട് മനസില്‍ പതിയും.

മണി രത്‌നവും കല്‍ക്കിയുടെ നോവല്‍ എന്നതും കഴിഞ്ഞാല്‍ അഭിനേതാക്കള്‍ തന്നെയായിരുന്നു പൊന്നിയിന്‍ സെല്‍വന്‍ കാത്തിരിക്കാനുള്ള കാരണങ്ങളിലൊന്ന്. ഐശ്വര്യ റായി, തൃഷ, വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, പ്രകാശ് രാജ്, ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇതില്‍ സ്‌ക്രീന്‍ ടൈം കൊണ്ടും കഥാപാത്രത്തിന്റെ സ്വഭാവത്തിലെ വ്യത്യസ്തമായ വികാരങ്ങള്‍ കൊണ്ടും പൊന്നിയിന്‍ സെല്‍വന്റെ ഈ ആദ്യ ഭാഗത്തില്‍ ആറാടിയിരിക്കുന്നത് കാര്‍ത്തിയുടെ വല്ലവരായ വന്ദ്യദേവനാണ്.

വാളിലും വാക്കിലും ഒരുപോലെ വെല്ലുന്നവനാണ് വല്ലവരായന്‍ എന്ന് സിനിമയില്‍ പറയുന്നുണ്ട്. ആ കഥാപാത്രത്തെ ആ രീതിയില്‍ എന്‍ഗേജിങ്ങായി അവതരിപ്പിക്കാന്‍ കാര്‍ത്തിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ ഒരുവിധം എല്ലാ കഥാപാത്രങ്ങളുമായും കോമ്പിനേഷന്‍ സീനുകളുള്ള വല്ലവരായാന്‍ സാഹചര്യമറിഞ്ഞ് കളിക്കുന്ന വ്യക്തിയാണ്. കാര്‍ത്തിയുടെ കൈകളില്‍ ഈ കഥാപാത്രം ഭദ്രമായിരുന്നു.

വിക്രം അവതരിപ്പിച്ചിരിക്കുന്ന ആദിത്യ കരികാലന്‍ അശാന്തമായ മനസുമായി അലയുന്ന രാജാവാണ്. എത്ര യുദ്ധങ്ങള്‍ ജയിച്ചാലും ആരെയൊക്കെ തോല്‍പ്പിച്ചാലും അയാളുടെ ഉള്ള് ശാന്തമാകില്ല. വേദനയും നഷ്ടബോധവുമുള്ള എന്നാല്‍ ചോഴരാജ്യത്തെ വീരശൂരപരാക്രമിയായ രാജകുമാരനും കൂടിയായ ആദിത്യ കരികാലനെ മികച്ച രീതിയിലാണ് വിക്രം അവതരിപ്പിച്ചിരിക്കുന്നത്.

ശരത് കുമാറിന്റെ പഴ്‌വേട്ടരായറും ലെയറുകളുള്ള കഥാപാത്രമായിരുന്നു. ജയം രവിയുടെ പൊന്നിയിന്‍ സെല്‍വന് ചില ഫൈറ്റ് സീനുകളുണ്ടെങ്കിലും വരും ഭാഗങ്ങളിലായിരിക്കും ഈ കഥാപാത്രത്തിന് കൂടുതലായി ചെയ്യാനുണ്ടാവുകയെന്ന് തോന്നുന്നു.

ജയറാമിന്റെ ആഴ്‌വര്‍ക്കടിയന്‍ നമ്പി ചിത്രത്തിലുടനീളം തമാശകളുമായെത്തുന്ന കഥാപാത്രമാണ്. ബോഡി ലാഗ്വേജിലും ഡയലോഗ് ഡെലിവറിയിലും ലുക്കിലും വ്യത്യസ്തമായ രീതി കൈക്കൊണ്ടിരിക്കുന്ന ജയറാമിന്റെ കഥാപാത്രമാണിത്. സിനിമയില്‍ കുറിക്കുകൊള്ളുന്ന കൗണ്ടറുകള്‍ വരുന്നതും ആഴ്‌വര്‍ക്കടിയനില്‍ നിന്നാണ്. വല്ലവരായാനും ആഴ്‌വര്‍ക്കടിയനും കൂടിയുള്ള കോമ്പോ സീനുകള്‍ രസകരമായിരുന്നു.

എന്നാല്‍ ഇയാളുടെ ശരിക്കുമുള്ള ലക്ഷ്യമെന്താണ്, ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്, എങ്ങനെ എല്ലായിടത്തും എത്തുന്നു എന്നുള്ളതൊക്കെ കൂടുതല്‍ അറിയാന്‍ താല്‍പര്യം തോന്നും.

ഇനി, സിനിമയുടെ ആസ്വാദനത്തെ പൂര്‍ണമാക്കുന്ന എ.ആര്‍. റഹ്മാന്റെ സംഗീതം. പശ്ചാത്തല സംഗീതത്തിലും പാട്ടുകളിലും എ.ആര്‍. റഹ്മാന്‍ തന്റെ മാജിക് ആവര്‍ത്തിച്ചിട്ടുണ്ട്. പതിഞ്ഞതും ചടുലവുമായ താളങ്ങള്‍കൊണ്ട് ഓരോ സീനിലും പ്രേക്ഷകരെ ആഴ്ന്നിറക്കുന്ന സംഗീതമാണ് അദ്ദേഹം പകര്‍ന്നുനല്‍കിയിരിക്കുന്നത്.

വിക്രത്തിന്റെ ഇന്‍ട്രൊ സീനിലെ വളരെ പതിഞ്ഞ, സ്ലോ ആയ ആ മ്യൂസിക് വല്ലാതെ മനസില്‍ നില്‍ക്കുന്നതായിരുന്നു. ഒരു യോദ്ധാവിനെ അവതരിപ്പിക്കുന്ന സീനില്‍ അല്‍പം ലൗഡായ മ്യൂസികിന് സാധാരണ സാധ്യതയുണ്ടെങ്കിലും, ആ കഥാപാത്രത്തിന്റെ ഉള്ളിലെ നഷ്ടബോധത്തെ രേഖപ്പെടുത്തുന്ന, എന്നാല്‍ മാസ് ഫീല്‍ കൂട്ടുന്ന തരം സംഗീതമായിരുന്നു ഇവിടെ റഹ്മാന്‍ ഉപയോഗിച്ചത്. ചില വിദേശ സിനിമകളോട് സാമ്യം തോന്നിയെങ്കിലും തിയേറ്ററിലിരുന്ന് ആ രംഗം കേട്ടുകൊണ്ട് കാണുമ്പോഴുള്ള ഫീല്‍ സുന്ദരമായിരുന്നു.

പാട്ടുകള്‍ നേരത്തെ ഇറങ്ങിയിരുന്നെങ്കിലും സിനിമയില്‍ അവ വരുന്നത് കുറച്ച് കൂടി ഭംഗിയുള്ള അനുഭവമായിരുന്നു. മലയന്‍കുഞ്ഞ് കണ്ടപ്പോള്‍ റഹ്മാന്റെ സംഗീതത്തില്‍ തോന്നിയ ചെറിയ നിരാശയൊന്നും ഇനി ഓര്‍മയിലുണ്ടാകില്ല.

ഇങ്ങനെ, തിരക്കഥയും സംവിധാനവും സംഗീതവും സാങ്കേതികമികവും കഥാപാത്രങ്ങളും പെര്‍ഫോമന്‍സുംകൊണ്ട് തുടക്കം മുതല്‍ അവസാനം വരെ മികച്ച സിനിമാനുഭവമാണ് പൊന്നിയിന്‍ സെല്‍വന്‍ ആദ്യ കാഴ്ചയില്‍ സമ്മാനിച്ചത്. രണ്ടാം ഭാഗത്തിന് വേണ്ടി പ്രേക്ഷകരെ അക്ഷമയോടെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്ന പോയിന്റിലാണ് സിനിമ മണി രത്‌നം അവസാനിപ്പിച്ചിരിക്കുന്നത്.

ഇനിയൊരു കാര്യം, ചിത്രത്തിലെ കഥാപാത്രങ്ങളുടെ ശരീരത്തിന്റെ നിറത്തെ കുറിച്ച് നേരത്തെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം വെളുത്തവരാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. ഇത് ചരിത്രത്തിനോടും ചോഴരാജക്കന്മാരോടും കാണിക്കുന്ന അനീതിയാണോ എന്നത് ചരിത്രത്തെ കുറിച്ച് കൂടുതല്‍ അറിയുന്നവര്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചക്ക് വിധേയമാക്കുമെന്ന് കരുതുന്നു.

മറ്റൊരു കാര്യം കൂടി:  ചോഴരാജക്കന്മാരുടെ കഥ പറയുന്ന ചിത്രം തമിഴില്‍ തന്നെ കാണണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ ഇംഗ്ലിഷ് സബ്‌ടൈറ്റിലുണ്ടാകുമെന്ന് കരുതിയാണ് തിയേറ്ററിലെത്തിയത്. എന്നാല്‍ അതുണ്ടാകാത്തത് ചെറിയ നിരാശ സമ്മാനിച്ചു. കഥ മനസിലായെങ്കിലും സെന്തമിഴിലെ ചില വാക്കുകള്‍ മനസിലാകാത്തത് ആസ്വദനത്തില്‍ ഒരു അപൂര്‍ണത ബാക്കിയാക്കി.

Content Highlight: Ponniyin Selvan review Review

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more