|

കടലിനെ കൈപ്പിടിയിലൊതുക്കി ഐശ്വര്യ ലക്ഷ്മി; പൊന്നിയിന്‍ സെല്‍വനിലെ മനം മയക്കുന്ന പുതിയ ലിറിക്കല്‍ വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൊന്നിയിന്‍ സെല്‍വനിലെ പുതിയ ഗാനം റിലീസായി. അതിമനോഹരമായ വിഷ്വല്‍സുമായാണ് അലൈകടല്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ എത്തിയിരിക്കുന്നത്.

എ.ആര്‍.റഹ്മാന്റെ സംഗീതത്തില്‍ അനന്താരാ നന്ദിയാണ് അലൈകടല്‍ പാടിയിരിക്കുന്നത്. ശിവ ആനന്ദാണ് വരികള്‍ എഴുതിയിരിക്കുന്നത്. വെങ്കിയാണ് ലിറിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കടലും കടലിന്റെ നടുവിലൂടെ നീങ്ങുന്ന പായ് വഞ്ചിയുമാണ് വീഡിയോയിലുള്ളത്. ഈ ലിറിക്കല്‍ വീഡിയോ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. കാരണം ഐശ്വര്യ ലക്ഷ്മിയാണ് ഈ പാട്ടിലെ താരം.

മഴക്കും കാറ്റിനുമെല്ലാം നടുവില്‍ പായ് വഞ്ചി ഒറ്റക്ക് നിയന്ത്രിക്കുകയാണ് ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രമായ പൂങ്കുഴലി. വല്ലവരായ വന്ദ്യദേവനായി എത്തുന്ന കാര്‍ത്തിയും വീഡിയോയിലുണ്ട്.

കടലില്‍ അലിഞ്ഞുനില്‍ക്കുന്ന പൂങ്കുഴലിയെയും അവളെ ആരാധനപൂര്‍വം നോക്കുന്ന വന്ദ്യദേവനയും വീഡിയോയില്‍ കാണാം. മനംമയക്കുന്ന വിഷ്വല്‍സാണ് ഈ ലിറിക് വീഡിയോയിലുള്ളത്.

500 കോടി ബജറ്റില്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വന്‍ ലൈക്കാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് നിര്‍മിക്കുന്നത്. മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തില്‍ നിര്‍മാണ പങ്കാളിത്തമുണ്ട്.

സെപ്റ്റംബര്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്.

ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, പ്രഭു, ശരത് കുമാര്‍, പ്രകാശ് രാജ്, തൃഷ, വിക്രം പ്രഭു തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

മലയാളത്തില്‍ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാല്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ. ആര്‍. റഹ്മാന്‍ സംഗീതം നല്‍കിയ ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിട്ടുണ്ട്.

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കല്‍ക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുണ്‍മൊഴിവരം എന്ന രാജരാജ ചോഴന്‍ എന്ന പൊന്നിയിന്‍ സെല്‍വന്റെ കഥയാണ് സിനിമയുടെ ഇതിവൃത്തം. 2019ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Content Highlight: Ponniyin Selvan new lyrical video starring Aishwarya Lekshmi