തേരോട്ടം തുടങ്ങി; ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനുമായി പൊന്നിയിന്‍ സെല്‍വന്‍
Film News
തേരോട്ടം തുടങ്ങി; ആഗോള ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷനുമായി പൊന്നിയിന്‍ സെല്‍വന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 1st October 2022, 10:46 am

ആദ്യദിനത്തില്‍ മികച്ച കളക്ഷനുമായി മണി രത്‌നത്തിന്റെ മാഗ്നം ഓപ്പസ് പൊന്നിയിന്‍ സെല്‍വന്‍. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നും വമ്പന്‍ താരനിര എത്തിയ പൊന്നിയിന്‍ സെല്‍വന്‍ 2022ല്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും വലിയ ആദ്യദിന കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍.

തമിഴ്‌നാട്ടില്‍ നിന്നും 25.86 കോടിയാണ് ചിത്രം നേടിയതെന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ ട്വീറ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ ഏറ്റവും ആദ്യദിന കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായിരിക്കുകയാണ് പൊന്നിയിന്‍ സെല്‍വന്‍. 36.17 കോടി നേടിയ അജിത്തിന്റെ വലിമൈയും 26.40 കോടി നേടിയ വിജയ്യുടെ ബീസ്റ്റുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 20.61 കോടി നേടിയ കമല്‍ ഹാസന്‍ ചിത്രം വിക്രത്തേയും പൊന്നിയിന്‍ സെല്‍വന്‍ മറികടന്നു.

യു.എസില്‍ നിന്നും നേരത്തെ തന്നെ 16 കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രം 2022ലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷന്‍ നേടിയ ചിത്രമാണെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്തു.

രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഷോ മുതല്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മണി രത്നം തന്റെ മാജിക്ക് വീണ്ടും പൊന്നിയിന്‍ സെല്‍വനിലൂടെ ആവര്‍ത്തിച്ചു എന്ന് പ്രേക്ഷകര്‍ പറയുന്നു.

രണ്ടാം ഭാഗത്തിന് പ്രതീക്ഷ ഉയര്‍ത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സാണ് ചിത്രത്തില്‍ ഒരുക്കി വെച്ചിരിക്കുന്നതെന്നും ചിത്രം കണ്ടവര്‍ പറഞ്ഞു. വിക്രം, കാര്‍ത്തി, ഐശ്വര്യ റായി, തൃഷ എന്നിവരുടെ കഥാപാത്രങ്ങള്‍ മികച്ചതാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

Content Highlight: Ponniyin Selvan is set to become the biggest opening day collection Tamil film at the global box office in 2022