ചോളന്മാര്‍ തേരോട്ടം തുടങ്ങി; രണ്ടാം ദിനം 100 കോടി
Entertainment news
ചോളന്മാര്‍ തേരോട്ടം തുടങ്ങി; രണ്ടാം ദിനം 100 കോടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th April 2023, 4:09 pm

റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി പൊന്നിയിന്‍ സെല്‍വന്‍ 2. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ഗ്രോസ് നൂറ് കോടി കടന്നതായി വിവിധ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദ്യ ദിവസം തന്നെ 38 കോടിയോളം രൂപ സ്വന്തമാക്കിയ പി.എസ്. 2 രണ്ടാം ദിവസം ഡൊമസ്റ്റിക് സ്‌ക്രീനുകളില്‍ നിന്നും 28.50 കോടിയിലധികം രൂപയും ഓവര്‍സീസ് കളക്ഷനായി 51 കോടി രൂപയും സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊന്നിയിന്‍ സെല്‍വന്റെ ആദ്യ ഭാഗവും രണ്ടാം ദിവസം തന്നെ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

സാക്‌നില്‍ക് എന്റര്‍ടെയ്ന്‍മെന്റിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഇതിനോടകം തന്നെ 34.25 കോടിയോളം രൂപ തമിഴ്‌നാട്ടില്‍ നിന്ന് മാത്രമായി സ്വന്തമാക്കിയിട്ടുണ്ട്.

കര്‍ണാടകയില്‍ നിന്ന് 7.80 കോടി രൂപയും ആന്ധ്രാപ്രദേശില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി 5.85 കോടി രൂപയും കേരളത്തില്‍ നിന്ന് 5.10 കോടി രൂപയും പി.എസ്. 2 സ്വന്തമാക്കിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി ചിത്രം 6.40 കോടിയിലധികം രൂപ സ്വന്തമാക്കിയപ്പോള്‍ ഓവര്‍സീസ് കളക്ഷനായി 51 കോടിയും പെട്ടിയിലെത്തി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30 റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാഗം 490 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും കളക്ട് ചെയ്തത്. ഇന്ത്യയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച മൂന്നാമത് പണംവാരി ചിത്രവും പൊന്നയിന്‍ സെല്‍വനായിരുന്നു.

ചിത്രത്തിന്റെ സ്വീക്വലായി 2023 ഏപ്രില്‍ 23ന് പുറത്തുവന്ന പി.എസ്. 2 ആദ്യ ഭാഗത്തേക്കാള്‍ മികച്ചതായെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് പി.എസ്. 2 എന്നും വിചാരിച്ചതിലും ഭംഗിയായി മണിരത്‌നം സിനിമയെ ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

 

 

വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങിയ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും എ.ആര്‍ റഹ്‌മാന്റെ സംഗീതം സിനിമയില്‍ രോമാഞ്ച നിമിഷങ്ങള്‍ സമ്മാനിക്കുന്നതാണെന്നും പലരും പ്രതികരിച്ചു.

 

Content highlight: Ponniyin Selvan  2 collects 100 crores worldwide