| Friday, 28th April 2023, 6:36 pm

പ്രേക്ഷകനെ പിടിച്ചിരുത്തുന്ന വിഷ്വല്‍, ചോള രാജ്യത്തിന്റെ അഴക് ഒപ്പിയെടുക്കുന്ന ക്യാമറ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്‍ക്കിയുടെ പൊന്നിയിന്‍ സെല്‍വം എന്ന കൃതിയെ അടിസ്ഥാനമാക്കി മണിരത്‌നം സംവിധാനം ചെയ്ത സിനിമയാണ് പൊന്നിയിന്‍ സെല്‍വം. ചോള രാജവംശത്തിന്റെ വീരകഥകള്‍ പറഞ്ഞ സിനിമ 2022ലെ വലിയ ഹിറ്റുകളിലൊന്നായിരുന്നു. രണ്ട് ഭാഗങ്ങളിലായിരുന്നു ചിത്രം നിര്‍മിച്ചത്. ആദ്യ ഭാഗത്തിന്റെ മികവ് കൊണ്ട് തന്നെ രണ്ടാം ഭാഗത്തിന് വേണ്ടി വലിയ ആകാംഷയോടെയാണ് ഓരോ സിനിമാ പ്രേക്ഷകരും കാത്തിരുന്നത്.

പൊന്നിയിന്‍ സെല്‍വം 2 ഏപ്രില്‍ 28ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് തന്നെ ഏറ്റവും മികവ് എന്ന നിലയില്‍ അനുഭവപ്പെട്ടത് ക്യാമറ വര്‍ക്ക് തന്നെയായിരുന്നു. രവിവര്‍മന്റെ ക്യാമറ ചോള രാജ്യത്തിന്റെ മുഴുവന്‍ അഴകും കാണികള്‍ക്ക് മുമ്പിലെത്തിക്കുന്നുണ്ട്. സാധാരണഗതിയില്‍ ഇത്തരത്തില്‍ ചരിത്ര സിനിമകള്‍ ചെയ്യുമ്പോള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഒരുപാട് മാറി അതിശയോക്തികളില്‍ കുരുങ്ങി കിടക്കുന്നത് കാണാം.

വിഷ്വല്‍ സൈഡിലാണ് ഈ അതിശയോക്തി കൂടുതല്‍ പ്രകടമാകുന്നത്. എന്നാല്‍ പൊന്നിയിന്‍ സെല്‍വത്തിലേക്ക് വരുമ്പോള്‍ വളരെ വിശ്വാസ്യതയോടെ ഇത്തരം വിഷ്വലുകളൊക്കെ വരുന്നത്. സിനിമയുടെ മൂഡിനെ അതേപടി നിലനിര്‍ത്താന്‍ വിഷ്വലുകള്‍ക്ക് സാധിക്കുന്നുണ്ട്. ചിത്രത്തില്‍ കാണിക്കുന്ന കൊട്ടാരവും, സിനിമയുടെ തുടക്കത്തില്‍ കാണിക്കുന്ന ക്ഷേത്ര പരിസവുമൊക്കെ വളരെ ഭംഗിയോടെയാണ് രവിവര്‍മന്റെ ക്യാമറ ഒപ്പിയെടുത്തിരിക്കുന്നത്.

കടലിലെ രംഗങ്ങളും ഇത്തരത്തില്‍ വളരെ മനോഹരമായി തന്നെ സിനിമയില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. ആദ്യ ഭാഗത്തില്‍ നിന്നും ഒട്ടും ഭംഗി ചോര്‍ന്ന് പോകാതെ മികവ് അതേപടി നിലനിര്‍ത്താന്‍ മണിരത്‌നത്തിനും കഴിയുന്നുണ്ട്. ഒരേസമയത്ത് തന്നെ ചിത്രീകരിക്കപ്പെട്ടിരുന്നത് കൊണ്ട് ആദ്യത്തെ ഭാഗത്തെ അപേക്ഷിച്ച് രണ്ടാം ഭാഗത്തിന് പോരായ്മകളൊന്നും എടുത്ത് പറയാന്‍ സാധിക്കില്ല.

വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, റഹ്മാന്‍ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതാണ്. സിനിമയിലെ ഏറ്റവും വലിയ പോസിറ്റീവുകളിലൊന്ന് താരങ്ങളുടെ പ്രകടനം തന്നെയാണ്.

content highlight: ponniyin selvan 2 camera work

We use cookies to give you the best possible experience. Learn more